by Midhun HP News | Jan 2, 2026 | Latest News, ജില്ലാ വാർത്ത
മേഘാലയ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്.
ഡിസംബർ 18 നാണ് ജസ്‌റ്റിസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെൻ ചുമതലയേൽക്കുക.



by Midhun HP News | Jan 2, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികൾ ഉയർന്നതിനെ തുടർന്നു ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. നാട്ടുകാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.
പൈലിങ് ബന്ധപ്പെട്ടാണ് ജനങ്ങളുടെ ഇടയിൽ നിന്ന് പരാതികൾ ഉയർന്നുവന്നത്. ജനപ്രതിനിധികൾ നാട്ടുകാരുമായി സംസാരിക്കുകയും വിവരങ്ങൾ എംഎൽഎ ഉൾപ്പെടെയുള്ള അധികാരികളെ അറിയിക്കാമെന്നും ഉറപ്പു നൽകുകയും ചെയ്യുതു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വിമൽരാജ്, വിജയ് വിമൽ, ജയ ശ്രീരാമൻ, അതുല്യ എന്നിവരാണ് സന്ദർശിച്ചത്.



by Midhun HP News | Jan 2, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതൽ. ഇന്ന് രാത്രി എട്ട് മുതൽ ഈ മാസം 13 വരെയാണ് നടതുറപ്പ് മഹോത്സവം. www.thiruvairanikkulamtemple.org വഴി വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം. വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം. ബുക്ക് ചെയ്യുന്നവര്‍ക്ക് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടുകളായ സൗപര്‍ണിക, കൈലാസം എന്നിവിടങ്ങളിലെ കൗണ്ടറില്‍ ബുക്കിങ് രസീത് നല്‍കി ദര്‍ശനത്തിനുള്ള പാസ് വാങ്ങാം.
ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണ ക്യൂവിലൂടെ ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ മോഹന്‍കുമാര്‍, സെക്രട്ടറി എ എന്‍ മോഹനന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം എസ് അശോകന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 8547769454.
12 ദിവസം നീണ്ടു നില്‍ക്കുന്ന നടതുറപ്പ് മഹോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷകണക്കിന് ഭക്തരാണ് എത്തുക. വര്‍ഷത്തിലൊരിക്കല്‍ 12 ദിവസം മാത്രം നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണിത്.
പെരിയാര്‍ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിലാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഒരേ ശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി ശിവനെയും മഹാദേവന്റെ പുറകില്‍ പടിഞ്ഞാറ് ദര്‍ശനമായി പാര്‍വ്വതിദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രത്യേകം പ്രതിഷ്ഠയുണ്ട്. തിരുവൈരാണിക്കുളം ക്ഷേത്രം ഊരാള കുടുംബങ്ങളിലൊന്നായ അകവൂര്‍ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനില്‍ക്കുന്നു. പണ്ടു കാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം.
ശിവപാര്‍വ്വതിമാര്‍ക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര, മൂന്ന് ഊരാളകുടുംബങ്ങളില്‍ പ്രധാനപ്പെട്ട അകവൂര്‍ മനയില്‍ നിന്നാണ് പുറപ്പെടുന്നത്. കുലദൈവമായ ശ്രീരാമസ്വാമിയുടെ നടയില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷം അകവൂര്‍ മനയിലെ കാരണവര്‍, ക്ഷേത്രം ഭാരവാഹികള്‍ക്ക് തിരുവാഭരണങ്ങള്‍ കൈമാറുന്നതോടെ ഘോഷയാത്ര പുറപ്പെടും. പ്രത്യേക രഥത്തില്‍ തിരുവാഭരണങ്ങള്‍ പ്രതിഷ്ഠിച്ചശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തും. തിരുവാഭരണം ക്ഷേത്രത്തില്‍ എത്തിച്ചശേഷം മേല്‍ശാന്തിയോട് ദേവിയുടെ നട തുറക്കാന്‍ തോഴിയായ പുഷ്പിണി ആവശ്യപ്പെടുകയും അതനുസരിച്ച് നട തുറക്കുകയും ചെയ്യുന്നു. ഇതോടെയാണ് നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകുന്നത്.



by Midhun HP News | Jan 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ( ശനിയാഴ്ച ) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. അതേസമയം വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം വെള്ള കാര്‍ഡിന് അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു. എന്നാല്‍ ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു.
2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച് കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക. 2026 ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ, വൈദ്യുതി ഉള്ള (E) വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത (NE) വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ന്യൂ ഇയർ ദിനത്തിലുണ്ടായ ബൈക്ക് അപകടത്തിൽ പൂത്തുറ സ്വദേശി മരണപ്പെട്ടു. താഴമ്പള്ളി കുരിശടിക്ക് സമീപം തരിശുപറമ്പ് മേരിദാസൻ സുനിത ദമ്പതികളുടെ മകൻ അജി രാജ് (27) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചേ 12.30 ഓടെയായിരുന്നു സംഭവം. പെരുമാതുറ ഭാഗത്ത്നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനത്തിനു പുറകിൽ ഇരുന്ന് സഞ്ചരിച്ച അജി രാജ് തെറിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ, ചിറയിൻകീഴ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് സെൻ്റ് റോക്കി ദേവാലയത്തിൽ നടക്കും. സഹോദരങ്ങൾ: പ്രവീൺരാജ്, നീതു.
by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കോരാണി കുറക്കട ഭാവന ജംഗ്ഷൻ സജിത്ത് ഭവനിൽ ഷീജ (49) യാണ് മരിച്ചത്. ദിവസങ്ങൾക്കു മുൻപ് വീട്ടിലേക്കുള്ള വഴിയരികിൽ വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരവേ ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
മക്കൾ: സജിത്ത്, സിജിമോൻ.
മരുമകൾ: വിനിത
ചെറുമകൾ: നിധി.
മരണാനന്തര ചടങ്ങുകൾ തിങ്കൾ (05.01.26) രാവിലെ 8.30 ന്
Recent Comments