കുടുംബശ്രീയുടെ സ്വാനിധി ലോൺമേള ആരംഭിച്ചു

കുടുംബശ്രീയുടെ സ്വാനിധി ലോൺമേള ആരംഭിച്ചു

ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയും ഇന്ത്യൻ ഓവർസീസ് ബാങ്കും സംയുക്തമായി നടത്തുന്ന പിഎം സ്വാനിധി ലോൺമേള ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെറുകിട സംരഭകർ, വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബശ്രീ അംഗങ്ങൾ എന്നിവർക്ക് 10000 രൂപയാണ് ബാങ്ക് മുഖേന ലോൺ അനുവദിക്കുന്നത്.

വഴിയോര കച്ചവടക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 250 ചെറുകിട സംരംഭകർക്ക് ആഗസ്റ്റ് അവസാനത്തോടെ ലോൺ നൽകാൻ സാധിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. കുടുംബശ്രീ ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ സിഡിഎസ് അധ്യക്ഷ എ.റീജ, ബാങ്ക് മാനേജർ എസ്.പ്രമോദ്, അകൗണ്ടന്റ് ശരത് നാഥ്, കാർഷിക വികസന ഓഫീസർ ആർച്ച, സിറ്റിമിഷൻ മാനേജർ സിമിന, സംഗീത തുടങ്ങിയവർ പങ്കെടുത്തു.

കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി; ലൈനില്‍ പിടിക്കാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു

കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി; ലൈനില്‍ പിടിക്കാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു

കൊച്ചി: തര്‍ക്കത്തിന് ഒടുവില്‍ കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ കാമുകന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍. ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. തര്‍ക്കത്തിന് ഒടുവില്‍ കാമുകിയെ പേടിപ്പിക്കാനാണ് യുവാവ് ട്രാന്‍സ്ഫോര്‍മറില്‍ കയറിയത്. മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

വലിയ ശബ്ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടന്‍തന്നെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കി. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു.

കെഎസ്ഇബിയുടെ ജീപ്പില്‍തന്നെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 31ന് ചോദ്യം ചെയ്യലിനു ഹാജരാകണം; എസി മൊയ്തീന് ഇഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 31ന് ചോദ്യം ചെയ്യലിനു ഹാജരാകണം; എസി മൊയ്തീന് ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ എസി മൊയ്തീനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം 31നു കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടിൽ ഉൾപ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി വ്യക്തമാക്കി. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു.

മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.

ബാങ്കില്‍നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണം. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തര ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണ ബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു.

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥിനി അതേബസ് തട്ടിമരിച്ചു

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥിനി അതേബസ് തട്ടിമരിച്ചു

കാസര്‍കോട്: സ്‌കൂള്‍വിട്ട് വീടിന് സമീപം വാഹനത്തില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥി അതേ സ്‌കൂള്‍ ബസ് തട്ടിമരിച്ചു. പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയയാണ് മരിച്ചത്. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്‌സറിയിലെ വിദ്യാര്‍ഥിനിയാണ് സോയ. ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം.

ബസില്‍ നിന്ന് ഇറങ്ങി കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസ് തിരിച്ചുപോകുന്നതിനായി റിവേഴ്‌സ് എടുക്കുകയായിരുന്നു. ഈ സമയത്താണ് കുട്ടി ബസിനടിയില്‍പ്പെടുന്നത്. സമീപത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍ അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തുകയും കൂട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി, യുവതിയെ വീട്ടില്‍വിളിച്ചു വരുത്തി ഉപദ്രവിച്ചു, ‘മീശ’ വീണ്ടും പിടിയില്‍

സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി, യുവതിയെ വീട്ടില്‍വിളിച്ചു വരുത്തി ഉപദ്രവിച്ചു, ‘മീശ’ വീണ്ടും പിടിയില്‍

തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ടിക് ടോക് താരം പൊലീസ് പിടിയില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി ‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍നിന്നു പണയം വയ്ക്കുന്നതിനായി 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു.

സ്വര്‍ണ്ണം തിരികെ നല്‍കാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിച്ചു. ഇതനുസരിച്ച് തിരുവനന്തപുരത്തുനിന്നും യുവതി കിളിമാനൂരില്‍ എത്തി. ബസില്‍ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കില്‍ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടില്‍ എത്തിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന്, യുവതി കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു. കാറും സ്‌കൂട്ടറും ഉള്‍പ്പെടെ മോഷണത്തിന് കന്റോണ്‍മെന്റ്, കല്ലമ്പലം, നഗരൂര്‍, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിനു കിളിമാനൂരിലും ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകള്‍ വിനീതിന്റെ പേരിലുണ്ട്.

ശിവഗിരിയിൽ ശ്രീനാരായണ മാസാചരണം ധര്‍മ്മചര്യായജ്ഞം തുടരുന്നു

ശിവഗിരിയിൽ ശ്രീനാരായണ മാസാചരണം ധര്‍മ്മചര്യായജ്ഞം തുടരുന്നു

ശിവഗിരി: ശ്രീനാരായണ മാസാചരണത്തിന്‍റെ ഭാഗമായി ഗുരുധര്‍മ്മപ്രചരണസഭയുടെ ആഭിമുഖ്യത്തിലുള്ള ധര്‍മ്മചര്യായജ്ഞം വിവിധ മേഖലകളില്‍ നടന്നു വരുന്നു. തിരുവനന്തപുരം , ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കുടുംബയോഗങ്ങളും , പ്രാര്‍ത്ഥന -പാരായണം, സത്സംഗം എന്നിവ വൈകുന്നേരങ്ങളില്‍ ഭക്ത ഭവനങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്.

കൊല്ലത്ത് ചാത്തന്നൂര്‍ മണ്ഡലത്തില്‍ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി യുടെ നേതൃത്വത്തില്‍ ബ്രഹ്മചാരി പ്രമോദിന്‍റെ സഹകാര്‍മ്മികത്വത്തില്‍ പരവൂര്‍ എസ്.എന്‍.വി. സമാജം ഹാളിലായിരുന്നു തുടക്കം. തുടര്‍ന്ന് ഒഴുകുപാറ, പൂതക്കുളം, ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍ എന്നിവിടങ്ങളിലും സത്സംഗം നടന്നു.

ഇന്ന് പാരിപ്പളളി നാളെ, പരവൂര്‍, 26 ന് കലയിക്കോട് എസ്.എന്‍.ഡി.പി. ഹാള്‍, 27 ന് കല്ലുവാതുക്കല്‍ എന്നിവിടങ്ങളിലും സത്സംഗം ഉണ്ടാകും. ഗുരുധര്‍മ്മപ്രചരണസഭ ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി യാണ് ഇവിടെ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ മുഹമ്മയില്‍ അസംഗാനന്ദഗിരി സ്വാമിയുടെ നേതൃത്വത്തില്‍ സത്സംഗം ഉണ്ടാകും.