by Midhun HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ കേരളം ഒന്നാമതെത്തിയത്.
മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്.
റാങ്കിങ്ങ് അനുസരിച്ച് മഹാരാഷ്ട്രയില്‍ 35 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആണ് ഉള്ളത്. ഗോവയില്‍ ഇത് 32 ആണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാർ കണക്കുകൾ പ്രകാരം കേരളത്തിൽ 45 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആണ് ഉള്ളത്.
ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അറിയിച്ചു. സ്വകാര്യ മേഖലയും കേരള ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ കേരളത്തിലേക്കുള്ള ദേശീയ, രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും പി ബി നൂഹ് പറയുന്നു.
by liji HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,340 രൂപയാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെയാണ് സ്വർണവിലയിൽ വർദ്ധനവുണ്ടാകുന്നത്. ഇന്നും ഇന്നലെയുമായി വിപണിയിൽ 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ പത്ത് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,430 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 4,503 രൂപയാണ് വിപണി വില.
by Midhun HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
സിംബാബ്‌വെയുടെ മുന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത വ്യാജം. ഇന്ന് രാവിലെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സിംബാബ്‌വെ പേസറായ ഹെന്റി ഒലോങ്ക.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സ്ട്രീക്ക് മരണപ്പെട്ടട്ടില്ലെന്ന സ്ഥിരീകരണം അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്. സ്ട്രീക്കുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും ഒലോങ്ക പങ്കുവെച്ചിട്ടുണ്ട്. സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് കരളിന് അര്‍ബുദം ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.
ബൗളിങ് ഓള്‍റൗണ്ടറായ സ്ട്രീക്ക് ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച സിംബാബ്‌വെ താരങ്ങളിലൊരാളാണ്. അര്‍ബുദത്തിന്റെ ചികിത്സ ദക്ഷിണാഫ്രിക്കയില്‍ നടന്നുവരവെയാണ് അദ്ദേഹം വിടപറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളെത്തിയത്. 49കാരനായ സ്ട്രീക്ക് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം ഹീത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
by Midhun HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയ അമ്മമാര്‍ക്ക് പിഴ ശിക്ഷ. 16-കാരനായ മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ തലശ്ശേരി ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 30,000 രൂപയാണ് പിഴ വിധിച്ചത്.

ഏപ്രില്‍ മൂന്നിന് സ്‌കൂള്‍ വിദ്യാര്‍ത്ഥി കവിയൂര്‍-പെരിങ്ങാടി റോഡില്‍ അപകടകരമായ നിലയില്‍ ബൈക്ക് ഓടിച്ചിരുന്നു. ചൊക്‌ളി സബ് ഇന്‍സ്‌പെക്ടര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ ജീവിച്ചിരിപ്പില്ലെന്നും, ബൈക്ക് ഓടിക്കാന്‍ നല്‍കിയത് അമ്മയാണെന്നും കണ്ടെത്തിയിരുന്നു.
വിദ്യാർത്ഥിയായ മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് വടകര മടപ്പള്ളി സ്വദേശിനിക്ക് വടകര മജിസ്ട്രേറ്റ് കോടതി 30,200 രൂപ പിഴ ചുമത്തി. കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചു. വാഹന രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
by Midhun HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്‌റ്ററൽ ലിറ്ററസി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ, കോളേജ് തലങ്ങളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ച് അവബോധം നടത്തും. ഇതിൻറെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 23) നീറമൺകര എൻഎസ്എസ് കോളേജിലും നാളെ (ഓഗസ്റ്റ് 24) വഴുതക്കാട് ഗവൺമെൻറ് വിമൻസ് കോളജിലും മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. നാളെ എല്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കും.

by Midhun HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ, യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് പാമ്പിന്റെ കടിയേറ്റത്. അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു.
ഹെല്‍മെറ്റ് ഊരിയ ഉടനെ പാമ്പ് നിലത്ത് വീണതായും അത് അതിന്റെ ഇടം തേടി പോയതായും രാഹുല്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തന്നെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചത് മാത്രമാണ് ഓര്‍മയുള്ളു. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കൊയിലാണ്ട് താലുക്ക് ആശുപത്രയില്‍ നിന്നും രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
24 മണിക്കൂറിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. കഴിഞ്ഞ എട്ടുമാസത്തിനിടെ പന്ത്രണ്ടുപേരാണ് സമാനമായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
പാമ്പുകള്‍ പലപ്പോഴും അവരുടെ ഇടങ്ങളില്‍നിന്ന് ചുടുള്ളതും വരണ്ടതുമായ സ്ഥലങ്ങള്‍ തേടുന്നു. തുറസ്സായ സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന ഹെല്‍മെറ്റുകള്‍ പലപ്പോഴും അവയ്ക്ക് സുരക്ഷിതമായി വിശ്രമിക്കാനുളള ഇടമാകുന്നുവെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സുനിഷ മേനോന്‍ പറഞ്ഞു.
പാമ്പുകടിയേറ്റവര്‍ ഉടന്‍ തന്നെ ചികിത്സ തേടണം. നമ്മുടെ രാജ്യം വൈവിധ്യമാര്‍ന്ന പാമ്പുകളുടെ ആവാസ കേന്ദ്രമാണ്. അതില്‍ വിഷമുള്ളതും അല്ലാത്തതുമായി പാമ്പുകളെ വേര്‍തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ടാണ് പാമ്പുകളെ ഏറെ ശ്രദ്ധിക്കണമെന്ന് പറയുന്നതെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Recent Comments