തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി വാങ്ങിയ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറക്കും. 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും.പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട്മുഖ്യമന്ത്രി പിണറായി വിജയന്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കും. നഗരത്തിലെ സര്‍വീസിനായി കോര്‍പ്പറേഷന്റെ സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങും. 104 കോടി രൂപയ്ക്കാണ് 113 ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്നത്.

ബസുകളുടെ റൂട്ടുകള്‍ പൊതുജനാഭിപ്രായംകൂടി പരിഗണിച്ചാണ് തീരുമാനിക്കുക. സിറ്റി സര്‍ക്കുലര്‍ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുള്‍പ്പെടുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാര്‍ക്ക് തത്സമയ വിവരങ്ങള്‍ ലഭിക്കാനായി മാര്‍ഗദര്‍ശി എന്ന ആപ്പും സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് വികസിപ്പിച്ച മാര്‍ഗദര്‍ശി ആപ്പ് നവീനവും ശാസ്ത്രീയവുമായ പുതിയ ചുവടുവെപ്പായി മാറുമെന്ന് അധികൃതര്‍ പറയുന്നു.

കണ്ട്രോള്‍ റൂം ഡാഷ്‌ബോര്‍ഡില്‍ ബസുകളുടെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്‌മെന്റ്, ഓവര്‍സ്പീഡ് ഉള്‍പ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനര്‍ തുടങ്ങിയവയെല്ലാം ആപ്പിലൂടെ അറിയാന്‍ കഴിയും. സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയ സഞ്ചാര വിവരം അറിയാനുള്ള എന്റെ കെ.എസ്.ആര്‍.ടി. സി നിയോ ബീറ്റാ വേര്‍ഷന്റെ റിലീസും ശനിയാഴ്ച നടക്കും.

സിംബാബ്‌വെ മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക്  അന്തരിച്ചു

സിംബാബ്‌വെ മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരം: സിംബാബ് വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിംബാബ് വെയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു സ്ട്രീക്ക്. സിംബാബ് വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും സ്ട്രീക്ക് കളിച്ചിട്ടുണ്ട്.

സിംബാബ് വെയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്. 65 ടെസ്റ്റുകളില്‍ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ് വെന്‍ ഫാസ്റ്റ് ബൗളറും സ്ട്രീക്കാണ്. ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ഏക സിംബാബ് വെ താരവും സ്ട്രീക്കാണ്.
ഏകദിനത്തില്‍ 239 വിക്കറ്റുകളും സ്ട്രീക്ക് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 2000 റണ്‍സും സ്ട്രീക്ക് സ്വന്തമാക്കി. 2005 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം, ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളുടെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍രെയും പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞു;  നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. കല്ലട ട്രാവത്സ് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30 ലേറെ യാത്രക്കാരുണ്ടായിരുന്നു. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് മാറ്റി.

സൗജന്യ ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം ഇന്ന് ; നാളെ മുതൽ കിറ്റ് വാങ്ങാം

സൗജന്യ ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം ഇന്ന് ; നാളെ മുതൽ കിറ്റ് വാങ്ങാം

തിരുവനന്തപുരം: ‌ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ റേഷൻ കടയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയാകും.

5,87,691 എ എ വൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്. കിറ്റുകൾ നാളെ മുതൽ ഞായർ വരെ റേഷൻ കടകളിൽനിന്ന്‌ കൈപ്പറ്റാം. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണുള്ളത്‌. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. തിരുവോണം മുതൽ ചതയദിനം വരെ മൂന്ന് ദിവസം റേഷൻ കടകൾ അവധിയായിരിക്കും.

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനാണ് കൈക്കൂലി വാങ്ങിയത്. അപേക്ഷകയായ സ്ത്രീയിൽ നിന്നും 10,000 രൂപ വാങ്ങുമ്പോഴാണ് ഗോപകുമാര്‍ പിടിയിലായത്.

ചന്ദ്രയാൻ 3-നെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു

ചന്ദ്രയാൻ 3-നെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു

ഇന്ത്യയുടെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു. ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് പ്രകാശ് രാജിനെതിരെ ചില സംഘടനകള്‍ പരാതിയുമായി എത്തിയത്.