ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറക്കില്ല

ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതൽ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28നും റേഷന്‍ കടകൾ തുറന്നു പ്രവർത്തിക്കും.സംസ്ഥാനത്ത് ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.

മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്ക് കൂടി ഇത്തവണ ഓണക്കിറ്റുണ്ടാകും. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ നല്‍കുന്നത്. കിറ്റ് തയ്യാറാക്കാനായി സപ്ലൈക്കോയ്ക്ക് 32 കോടി രൂപ മുന്‍കൂര്‍ ആയി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആകെ 93 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം പേര്‍ക്കും കഴിഞ്ഞ ഓണത്തിന് സൗജന്യ കിറ്റ് നല്‍കിയിരുന്നു.അതേസമയം വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‍സിഡി നിരക്കില്‍ നല്‍കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ 19-ാം തീയ്യതി ആരംഭിച്ചു.

സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകള്‍ തുടങ്ങുമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചിരുന്നത്. 13 ഇനം സബ്‍സിഡി സാധനങ്ങള്‍ക്ക് പുറമെ നോണ്‍ സബ്‍സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയിലെ വിലയേക്കാള്‍ പത്ത് മുതല്‍ നാല്‍പത് ശതമാനം വരെ വിലക്കുറവുമുണ്ടാകും. ഓണക്കാലത്ത് 200 കോടിയുടെ വില്‍പന കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നുണ്ട്.

വലിയകുന്ന് താലൂക്കാശുപത്രി പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ രോഗീബന്ധു കുടുംബസംഗമം സംഘടിപ്പിച്ചു

വലിയകുന്ന് താലൂക്കാശുപത്രി പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ രോഗീബന്ധു കുടുംബസംഗമം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിക്ക് കീഴിലെ സാന്ത്വനപരിചരണ വിഭാഗമാണ് ഓണാഘോഷത്തിന്റെ ഭാഗമായി രോഗീബന്ധു കുടുംബസംഗമം സംഘടിപ്പിച്ചത്. ചെയർപേഴ്സൺ എസ്.കുമാരി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരത്തിലെ 331 കിടപ്പു രോഗികൾക്ക് ഓണസദ്യയും, പോഷകാഹാരങ്ങൾ അടങ്ങിയ കിറ്റും, ഓണകോടിയും വിതരണം ചെയ്തു.

ആശൂപത്രി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാസുധീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, അവനവഞ്ചേരി രാജു, എസ്.ഗിരിജ, എ.നജാം, സൂപ്രണ്ട് ഡോ.പ്രീതാസോമൻ, പിആർഒ അരവിന്ദ്, പാലിയേറ്റീവ് നഴ്സ് ശ്രുതി, അശ്വതി, ഫിസിയോ തെറാപ്പിസ്റ്റ് അഖില, ലയൺസ് ക്ലബ് ഭാരവാഹികൾ, ആശാവർക്കർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

വഞ്ചിയൂര്‍ കോടതിയില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി

വഞ്ചിയൂര്‍ കോടതിയില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി

കോടതി വളപ്പിൽ പ്രതി സാക്ഷിയെ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിലാണ് സംഭവം. പേരൂർക്കട സ്വദേശിയെ വീട് കയറി ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ കുത്തിയത്.ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (11) കേസ് പരിഗണിക്കുമ്പോൾ സാക്ഷി പറയാനെത്തിയ സന്ദീപിനെ ശരീരത്തിന്റെ പിൻഭാഗത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷമാണ് ആക്രമണ കാരണം. സാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂർ സ്വദേശിയുമായ വിമലിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ബാല്‍ബിര്‍നി പൊരുതി; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടി20 പരമ്പര

ബാല്‍ബിര്‍നി പൊരുതി; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടി20 പരമ്പര

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. റുതുരാജ് ഗെയ്കവാദ് (58), സഞ്ജു സാംസണ്‍ (40), റിങ്കു സിംഗ് (38) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. 51 പന്തില്‍ 72 റണ്‍സെടുത്ത് ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമായിരുന്നു അയര്‍ലന്‍ഡിന്. 10 ഓവറില്‍ അവര്‍ നാലിന് 63 എന്ന നിലയിലേക്ക് വീണു. പോള്‍ സ്‌റ്റെര്‍ലിംഗ് (0), ലോര്‍കന്‍ ടക്കര്‍ (0) എന്നിവരെ ഒരോവറില്‍ പ്രസിദ്ധ് കൃഷ്ണ പുരത്താക്കി. ഹാരി ടെക്റ്റര്‍ (7), ക്വേര്‍ടിസ് കാംഫെര്‍ (18) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ബാല്‍ബിര്‍നി പൊരുതി കൊണ്ടിരുന്നു. എന്നാല്‍ അര്‍ഷ്ദീപിന്റെ പന്തില്‍ ഓപ്പണര്‍ പുറത്തായതോടെ അയര്‍ലന്‍ഡ് തോല്‍വി സമ്മതിച്ചു.

നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.ജോര്‍ജ് ഡോക്ക്‌റെല്‍ (13), ബാരി മക്കാര്‍ത്തി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാര്‍ക്ക് അഡെയ്ര്‍ (), കെയ്ഗ് യംഗ് () പുറത്താവാതെ നിന്നു. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. നേരത്തെ, ടോസ് നഷ്ടപ്പെട്് ബാറ്റിംഗിനെത്തിയ ഇന്ത്യക്കും അത്ര നല്ല തുടക്കമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ യശസ്വീ ജെയ്‌സ്വാള്‍ (18), തിലക് വര്‍മ (1) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി.

നാലാമനായി ക്രീസിലെത്തിയ സഞ്ജു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ റുതുരാജിന്റെ കൂടെ 71 റണ്‍സാണ് മലയാളി താരം കൂട്ടിചേര്‍ത്തത്. ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഞ്ജു അടിച്ചെടുത്തു. എന്നാല്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ താരം ബൗള്‍ഡായി. ഇന്‍സൈഡ് എഡ്ജായ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ഉടനെ റുതുരാജും മടങ്ങി. ഒരു സിക്‌സും ആറ് ഫോറും റുതുരാജിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അവസാന ഓവറുകളില്‍ ശിവം ദുബെയും (22) റിങ്കുവും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തി. 21 പന്തുകള്‍ നേരിട്ട റിങ്കു മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. ദുബെയുടെ ഇന്നിംഗ്‌സില്‍ രണ്ട് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു. റിങ്കുവിനെ മാര്‍ക്ക് അഡെയ്ര്‍ മടക്കി. വാഷിംഗ്ടണ്‍ സുന്ദര്‍ (0) ദുബെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.

‘വീട്ടിലേക്കുള്ള ദൂരം’ എന്ന ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം നടന്നു

‘വീട്ടിലേക്കുള്ള ദൂരം’ എന്ന ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം നടന്നു

ആറ്റിങ്ങൽ കലാചന്ദ്രിക പബ്ലിക്കേഷന്റെയും എഴുത്തുകാരൻ സന്തോഷ്‌ പുന്നക്ക
ലിന്റെയും പ്രഥമ പുസ്തകമായ “വീട്ടിലേക്കുള്ളദൂരം” എന്നചെറുകഥാസമാഹാരം
തിരു.പ്രസ്സ്ക്ലബ്ബിൽ മുൻ.ചീഫ് സെക്രട്ടറി സി.പി.നായർ ഐ.എ.എസ്, പ്രൊഫ.ജി.
എൻ.പണിക്കർക്കു നൽകി പ്രകാശനം ചെയ്തു.

എം.എം.പുരവൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖകലാ സാഹിത്യ സാംസ്‌കാരിക നായകർ പങ്കെടുത്തു. ബാബു കുഴിമറ്റം, സി.പി.നായർ, എം.എം.പുരവൂർ, സന്തോഷ്‌ പുന്നക്കൽ, ഹിന്ദി, മലയാളം സിനിമ സംവിധായകൻ കബീർ റാവുത്തർ, ബിച്ചൂതിരുമല, പ്രൊഫ.ജി.എൻ.പണിക്കർ, അജിത് പനവിള, സുലേഖ കുറുപ്പ്, കലാചന്ദ്രിക മാനേജിങ് എഡിറ്റർ, കെ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

സ്പെഷൽ അരി വിതരണത്തിൽ ക്രമക്കേടെന്ന് പരാതി

സ്പെഷൽ അരി വിതരണത്തിൽ ക്രമക്കേടെന്ന് പരാതി

റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തോടനുബന്ധിച്ച് സർക്കാർ വാഗ്ദാനം ചെയ്ത സ്പെഷൽ അരി ലഭിക്കുന്നില്ലെന്ന് പരാതി. 5 കിലോ സ്പെഷൽ അരി നൽകുമെന്നാണ് ” അറിയിപ്പെങ്കിലും റേഷൻ കടയുമടകൾ നൽകുന്നത് ഒരു കിലോ മാത്രം. സ്റ്റോക്കില്ലെന്നാണ് പരാതി. വെള്ള , നീല കാർഡുകൾക്ക് കഴിഞ്ഞ മാസം നൽകിയത് 7 കിലോ വീതമായിരുന്നു. ഇതാണ് സ്പെഷൽ എന്ന പേരിൽ വെട്ടിക്കുറച്ചത്.

അതും ലഭിക്കാത്തതിനാൽ പല കടകളിലും സംഘർഷം തുടരുകയാണ്. രണ്ടു കിലോ സാധാരണ പുഴുക്കലരിയും വേറെയുണ്ട്. 2 കിലോ മട്ട ,2 കിലോ പച്ചരി എന്നിവ മാത്രമാണ് നൽകുന്നത്. ഗോതമ്പ് മാവിനും ക്ഷാമമാണ്.വാങ്ങാത്ത അരിക്ക് ബില്ല് നൽകിയതായും പരാതി ഉയരുന്നുണ്ട്. മൊബൈലിൽ സന്ദേശം വരുമ്പോൾ മാത്രമാണ് ഇതറിയുന്നത്. സപ്ലൈകോയിൽ 10 കിലോ അരി 10.90 നിരക്കിൽ ലഭിക്കുമെങ്കിലും അവിടെയും 5 കിലോ വീതമാണ് പലയിടത്തും നൽകുന്നത്.

ഇന്നലെ ആരംഭിച്ച ഓണച്ചന്തകളിൽ സബ് സിഡി സാധനങ്ങൾ പലതുമില്ല. വൻ ക്യൂവും രൂപപ്പെട്ടിട്ടുണ്ട്. സാധനങ്ങൾക്ക് ഗുണനിലവാരം കുറവാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പ്രതിരോധിച്ചെങ്കിലും സബ്സിഡി സാധനങ്ങൾ കുറവാണെന്ന യാഥാർത്ഥ്യം ഭരണ കക്ഷിക്കാർ പോലും സമ്മതിക്കുന്നു