by Midhun HP News | Aug 21, 2023 | Latest News, ജില്ലാ വാർത്ത
ആഗ്ര: ഒരേ കോച്ചിൽ സഞ്ചരിച്ച യാത്ര സംഘത്തിലെ രണ്ട് പേർ മരിക്കുകയും ആറുപേർ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തിൽ അന്വേഷണവുമായി റെയിൽവേ. സംഘത്തിലെ നിരവധി പേർക്ക് ഛർദ്ദിയും ബോധക്ഷയവുമുണ്ടായിരുന്നു. കോട്ട-പട്ന എക്സ്പ്രസിലെ സ്ലീപ്പർ കോച്ചായ എസ് ടുവിലെ യാത്രക്കാർക്കാണ് യാത്രക്കിടെ അസ്വാസ്ഥ്യമുണ്ടായത്. വാരാണസിയിൽ നിന്ന് മഥുരയിലേക്കാണ് സംഘം യാത്ര ചെയ്തത്. ഞായറാഴ്ച ട്രെയിൻ ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിലെത്തിയപ്പോൾ രോഗബാധിതരായ യാത്രക്കാർക്ക് വൈദ്യസഹായം നൽകി.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് റെയിൽവേ അധികൃതർ. രണ്ടുപേരുടെ മരണകാരണം എന്താണെന്നെതിൽ ഇതുവരെ വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല.കോട്ട-പട്‌ന എക്‌സ്‌പ്രസിൽ (13237) യാത്രക്കാരുടെ ആരോഗ്യനില മോശമാകുന്നതിനെക്കുറിച്ച് ആഗ്രയിലെ റെയിൽവേ ഉദ്യോഗസ്ഥർക്ക് അറിയിപ്പ് ലഭിച്ചു. ഛത്തീസ്ഗഡിൽ നിന്നുള്ള സംഘത്തിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
സംഘം വാരാണസിയിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേയുടെ ആഗ്ര ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു. യാത്രക്കാരിൽ ചിലർക്ക് ഛർദ്ദി തുടങ്ങിയതോടെയാണ് വിവരം അറിയിച്ചത്. പ്രായമായ സ്ത്രീ ട്രെയിനിൽ വെച്ചുതന്നെ മരിച്ചു. മറ്റൊരാൾ ചികിത്സക്കിടെയാണ് മരിച്ചത്. നിർജ്ജലീകരണമോ ഭക്ഷ്യവിഷബാധയോ ആയിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും മരണകാരണം ഇതുവരെ കൃത്യമായിട്ടില്ലെന്നും പിആർഒ അറിയിച്ചു.90 ഓളം അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്.
യാത്രക്കാരിൽ അഞ്ച് പേർ നിലവിൽ റെയിൽവേ ആശുപത്രിയുടെ പരിചരണത്തിലാണ്. ഗുരുതരാവസ്ഥയിലായ മറ്റൊരാളെ ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. യാത്രക്കാർ എയർകണ്ടീഷൻ ചെയ്യാത്ത സ്ലീപ്പർ കോച്ച് നമ്പർ എസ് -2 ലാണ് യാത്ര ചെയ്തിരുന്നതെന്നും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും റെയിൽവേ അറിയിച്ചു.
by Midhun HP News | Aug 21, 2023 | Latest News, ജില്ലാ വാർത്ത
ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതി അനുമതി. 28 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

പുറത്തെടുക്കുന്ന ഭ്രൂണത്തിന് ജീവനുണ്ടങ്കെില്‍ നവജാത ശിശുവിന് എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കണം എന്നും സുപ്രിം കോടതി വ്യക്തമാക്കി. ശേഷം കുഞ്ഞിനെ ദത്തു നല്‍കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. വിവാഹിതയല്ലാത്ത സ്ത്രീക്ക് കുഞ്ഞു വേണ്ട എന്ന ഘട്ടത്തിലാണ് ഗര്‍ഭധാരണമെങ്കില്‍, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി നിരിക്ഷിച്ചു. ഇത് കാരണമായി ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭഛിദ്രത്തിന് സുപ്രിം കോടതി അനുമതി നല്‍കിയത്. ഗുജറാത്ത് ഹൈക്കോടതിയുടെ വീഴ്ചയെ രൂക്ഷമായി കേസില്‍ സുപ്രിം കോടതി അപലപിച്ചു.
by Midhun HP News | Aug 21, 2023 | Latest News, ജില്ലാ വാർത്ത
മലയിൻകീഴ് ഇരട്ടകലുങ്കിനു സമീപം സിഫ്റ്റ് കാർ അഗ്നിക്കിരയായി. ഉച്ചക്ക് പന്ത്രണ്ടര മണിയോടെ കാട്ടാക്കട ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ് ടി അനീഷ് സഞ്ചരിച്ച സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. ഇപ്പൊൾ നാട്ടുകാരും വഴിയാത്രക്കാരും തീ അണച്ചത് കാരണം ദുരന്തം ഒഴിവായി. സുഹൃത്തിൻ്റെ വാഹനത്തിൽ അനീഷ് മാത്രം അണ് ഉണ്ടായിരുന്നത്.
വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടു അനീഷ് വാഹനം നിറുത്തി നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്.

by Midhun HP News | Aug 21, 2023 | Latest News, ജില്ലാ വാർത്ത
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.

മെമ്മറി കാർഡ് ചോർന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ ഈ ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ വാദം കേട്ട ജഡ്ജി തന്നെ വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അതിജീവിത ഹർജി നൽകിയതെന്നും സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തിയെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു.
by Midhun HP News | Aug 21, 2023 | Latest News, ജില്ലാ വാർത്ത
കൊല്ലം: ഏറ്റെടുക്കാനാളില്ലാത്ത അനാഥ മൃതദേഹങ്ങൾക്ക് അന്ത്യവിശ്രമത്തിന് സൗകര്യമൊരുക്കാൻ പന്മന പുതുശ്ശേരിക്കോട്ട ജമാഅത്ത്. ഏത് മതത്തിൽപ്പെട്ടവരാണെന്ന മാണദണ്ഡം നോക്കാതെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്കായി കാരുണ്യത്തിന്റെ കരുതൽ നീട്ടുകയാണ് ഇവർ. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് സെക്രട്ടറിയായ വലിയത്ത് ഇബ്രാഹിംകുട്ടിയാണ് ഈ തീരുമാനത്തിന് മുൻകൈയെടുത്തത്.

ആരും ഏറ്റെടുക്കാനില്ലെങ്കിൽ മുസ്‍ലിം ആണെങ്കിൽ ഈ ജമാഅത്തിൽ അവർക്കായി ആറടി മണ്ണ് ഉണ്ടാകും. അന്യമതസ്ഥരുടെ സംസ്കാരം തൊട്ടടുത്തുതന്നെയുള്ള വലിയത്ത് ഇബ്രാഹിംകുട്ടിയുടെ സ്ഥലത്തായിരിക്കും നടത്തുക. മരിച്ച വ്യക്തി ഏത് മതാചാരമാണോ പാലിച്ചുപോന്നിരുന്നത് അതനുസരിച്ച് അന്ത്യകർമ്മങ്ങളും നടത്തും. 51 പേരടങ്ങുന്ന കമ്മറ്റി ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നും കമ്മറ്റിയംഗങ്ങളെല്ലാം ഐകകണ്ഠ്യേന തീരുമാനത്തെ പിന്തുണച്ചെന്നും വലിയത്ത് ഇബ്രാഹിംകുട്ടി പറഞ്ഞു. മതപരമായ ഭിന്നതകൾ കൂടിവരുന്ന സാഹചര്യത്തിൽ മനുഷ്യരാശിയിലുള്ള വിശ്വാസം പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ മെഡിക്കൽ കോളജിൽ കാൻസർ ബാധിച്ച് മരിച്ച ഇസ്മായേൽ എന്നയാളെക്കുറിച്ച് കൊല്ലം സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഡി ശ്രീകുമാറിൽ നിന്ന് അറിഞ്ഞതാണ് ഇങ്ങനെയൊരു തീരുമാനത്തിന് വഴിയൊരുക്കിയത്. “ശവസംസ്‌കാരത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ അയാൾക്ക് കുടുംബമില്ല. ആ മൃതദേഹം ഞങ്ങൾ ഏറ്റെടുത്തു. ഈ സംഭവമാണ് ഭാവിയിലും അനാഥരായ ആളുകൾക്ക് ഈ സഹായം നൽകണമെന്ന ചിന്തയിലേക്ക് എത്തിച്ചത്. മറ്റുള്ളവരെ സഹായിക്കാൻ കൈയിൽ ലക്ഷങ്ങളൊന്നും വേണ്ട. ഇങ്ങനെയൊരു പ്രവർത്തി മനുഷ്യരാശിയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും. ഈ കാരുണ്യവും സ്‌നേഹവും ഭാവിതലമുറകൾക്കും മാതൃകയാകും”, ഇബ്രാഹിംകുട്ടി പറഞ്ഞു.
അനാഥരായ ആളുകളെ സംസ്‌കരിക്കാൻ പള്ളിയോട് ചേർന്ന് സൗകര്യമൊരുക്കണമെന്ന നിർദേശം കരുനാഗപ്പള്ളിയിലെ 35 ജമാഅത്തുകൾക്കും നൽകിയിട്ടുണ്ട്. ജമാഅത്തുകളെല്ലാം തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. ഇതിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം പന്മന ജമാഅത്ത് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ച വ്യക്തിയെക്കുറിച്ചുള്ള ശരിയായ വിവരം ലഭിക്കുന്നതിന് സമഗ്രമായ പൊലീസ് പരിശോധന നടത്തും. പൊലീസ് പരിശോധനയ്ക്കടക്കം വേണ്ടിവരുന്ന ചെലവുകൾ ജമാഅത്ത് വഹിക്കും.
by Midhun HP News | Aug 21, 2023 | Latest News, ജില്ലാ വാർത്ത
ഈ വർഷത്തെ അധ്യാപക തസ്തിക നിർണയ നടപടികൾ പൂർത്തീകരിച്ചപ്പോൾ യു ഐ ഡി മാത്രമുള്ള കുട്ടികളെയാണ് തസ്തിക നിർണ്ണയത്തിന് പരിഗണിച്ചത്. ഇതുമൂലം നൂറുകണക്കിന് അധ്യാപക തസ്തികകൾ സംസ്ഥാനത്ത് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളിൽ ഭൂരിഭാഗവും ഇ ഐ ഡി മാത്രം ലഭിച്ചവരാണ് അവർ ഏറെക്കുറെയും തസ്തിക നിർണയത്തിൽ നിന്നും പുറത്തു പോയത് മൂലം നൂറുകണക്കിന് അധ്യാപക തസ്തികകൾ കുറവ് വന്നിട്ടുണ്ട്.
മുൻകാലങ്ങളിൽ ഇ ഐ ഡി യും, യു ഐ ഡിയും ഉള്ള കുട്ടികളെ തസ്തിക നിർണയത്തിൽ ഉൾപ്പെടുത്തിയിരുന്നു. പുതുതായി ആധാർ എൻട്രോൾ ചെയ്യുന്ന കുട്ടികൾക്ക് ആദ്യം ഇ ഐ ഡി യും നിശ്ചിത ദിവസങ്ങൾക്ക് ശേഷം യു ഐ ഡി യും ലഭിക്കുകയാണ് പതിവ്. ആയതിനാൽ തസ്തിക നിർണയത്തിന് ഇ ഐ ഡി കൂടി പരിഗണിക്കണമെന്ന് കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷമീം കിളിമാനൂർ യോഗം ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ പ്രസിഡന്റ് ആർ സി അജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അജീഷ് എസ് എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ, അനൂപ് എം ജെ, ലാജി ജി എൽ, പി എ സാജൻ, മുഹമ്മദ് അൻസാർ എ എം, പി വിജയകുമാരി, അബിലാഷ് കെ എസ് , പി ബിനു, രഞ്ജിത്ത് വെള്ളല്ലൂർ, കെ എസ് അഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ പി കെ സൂര്യകുമാരി നന്ദി രേഖപ്പെടുത്തി.
Recent Comments