by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത്. കഴിഞ്ഞദിവസം രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസിലെ ഒമ്പതു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. തെളിവില്ലെന്ന കാരണത്താലാണ് ഒമ്പതു പ്രതികളെ വെറുതെ വിട്ടത്. 2018 മാര്‍ച്ച് 27 നാണ് റോഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്. കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയത്. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.
കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലയ്ക്കു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് 17.08.2023 ന് രാവിലെ 7 മണിക്ക് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വരുന്ന നാല് ദിവസം എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ, മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം ഒരു ജില്ലകളിലും പ്രത്യേക അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഇന്ന് തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത. വടക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
19-08-2023 വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വാർത്താക്കുറിപ്പിൽ അറിയിച്ചു.
by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും. ഈ മാസം 23ന് ശേഷമായിരിക്കും ഓണക്കിറ്റ് വിതരണം ആരംഭിക്കുക.ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ സപ്ലൈക്കോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
വിവിധയിടങ്ങളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച് പാക്കിങ് പൂർത്തിയാക്കാൻ നാല് ദിവസമെങ്കിലും വേണമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് കിറ്റ് വിതരണം 23ലേക്ക് നീട്ടാൻ ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നത്. 14 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

അതേസമയം സപ്ലൈക്കോയുടെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജില്ലാതലത്തിൽ ഓണച്ചന്തകളുടെ പ്രവർത്തനം നാളെ ആരംഭിക്കും. നിയോജകമണ്ഡലം കേന്ദ്രീകരിച്ചും ഓണച്ചന്തകൾ ആരംഭിക്കും.
by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് വിജു. ടി, സെക്രട്ടറി വിനു ജി. വി, ഖജാൻജി രതീഷ് കുമാർ ആർ, വൈസ് പ്രസിഡന്റ് ഷജിൻ ആർ എസ്, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ. വി എന്നിവരെയാണ് തെരഞ്ഞെടുത്തത്.


by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ, കുന്നുമ്മേൽ , തെക്കേവിള വീട്ടിൽ സഞ്ചു (43) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. 2021 ഡിസംബർ മാസത്തിലെ ഒരു ദിവസം വൈകുന്നേരം 4 മണിയോടെ കുന്നുമ്മേൽ എന്ന സ്ഥലത്തു വച്ച് വിദ്യാർത്ഥിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്നുണ്ടായ ഭയം മൂലം വിദ്യാർത്ഥി ഈ വിവരം രഹസ്യമാക്കുകയായിരുന്നു. ഇതിനു ശേഷം വിദ്യാർത്ഥിയെ വഴിയിൽ കാണുമ്പോഴെല്ലാം പ്രതി ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമം നടത്തുകയും ഇതിൽ നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയുമായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് വിദ്യാർത്ഥി സഹോദരിയ്ക്ക് വേണ്ടി ഫ്ലാഗ് വാങ്ങാനായി കിളിമാനൂർ ടൗണിലെ ഒരു കടയിലെത്തിയപ്പോൾ പുറകേ എത്തിയ പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രലോഭിക്കുകയുമായിരുന്നു. വിദ്യാർത്ഥിയെ യുവാവ് തടഞ്ഞു വച്ചത് കണ്ട് സുഹൃത്തുക്കൾ ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി പീഡന വിവരം സുഹൃത്തുക്കളോട് പങ്കു വയ്ക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി വരവെ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളതും സാമൂഹ്യ വിരുദ്ധരുടെ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ള ആളുമാണ്.
ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ എസ് എച്ച് ഒ ബി.ജയൻ എസ് ഐ മാരായ വിജിത്ത് കെ നായർ ,രാജികൃഷ്ണ, എസ് സിപിഒ മാരായ ഷാജി,ജയചന്ദ്രൻ, സിപിഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ഭര്‍ത്താവിന്റെ അച്ഛന്‍ മകളെ പീഡിപ്പിച്ചെന്ന് കാട്ടി യുവതി നല്കിയ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിയെ വെറുതേവിട്ടു. മംഗലപുരം പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത എഴുപത്തിരണ്ടുകാരനെയാണ് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി റോഷന്‍ അഗസ്റ്റിന്‍ വെറുതേവിട്ടത്. കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ അച്ഛനെതിരെ വ്യാജപരാതി നല്കുകയായിരുന്നുവെന്ന് വിചാരണവേളയില്‍ കോടതിയ്ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. പ്രതിക്കുവേണ്ടി അഡ്വ.ആലംകോട് എം.എന്‍.സജീര്‍ ഹാജരായി.
Recent Comments