by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ഭര്‍ത്താവിന്റെ അച്ഛന്‍ മകളെ പീഡിപ്പിച്ചെന്ന് കാട്ടി യുവതി നല്കിയ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിയെ വെറുതേവിട്ടു. മംഗലപുരം പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത എഴുപത്തിരണ്ടുകാരനെയാണ് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി റോഷന്‍ അഗസ്റ്റിന്‍ വെറുതേവിട്ടത്. കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ അച്ഛനെതിരെ വ്യാജപരാതി നല്കുകയായിരുന്നുവെന്ന് വിചാരണവേളയില്‍ കോടതിയ്ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. പ്രതിക്കുവേണ്ടി അഡ്വ.ആലംകോട് എം.എന്‍.സജീര്‍ ഹാജരായി.
by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
മൈസൂരു: കര്‍ണാടകയില്‍ 25 കോടിരൂപ വില വരുന്ന ബിയര്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു. കെമിക്കല്‍ ടെസ്റ്റില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയ കിങ് ഫിഷര്‍ ബിയറാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബിയറുകള്‍ നശിപ്പിച്ചു കളയാന്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മൈസൂരു ജില്ലയിലെ നനഞ്ചന്‍ഗുഡിയിലെ യുണൈറ്റഡ് ബ്രൂവറീസില്‍ നിര്‍മ്മിച്ച കിങ് ഫിഷര്‍ ബിയറിന്റെ സ്‌ട്രോങ്, അള്‍ട്രാ ബ്രാന്‍ഡുകളുടെ 7സി, 7ഇ ബാച്ചുകളിലെ ബിയറുകളാണ് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരിശോധനയില്‍, ബിയര്‍ മനുഷ്യ ഉപയോഗത്തിന് യോജിച്ചതല്ലെന്ന് ഇന്‍ ഹൗസ് കെമിസ്റ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബിയര്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ എക്‌സൈസ് വകുപ്പ് ഉത്തരവിട്ടത്. അതേസമയം, വിഷയത്തില്‍ യുണൈറ്റഡ് ബ്രൂവറീസ് പ്രതികരണം നടത്തിയിട്ടില്ല.
by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് കമ്പിയിൽ കോർത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർക്ക് എതിരെ പരാതി. യൂട്യൂബർ ജിയോ മച്ചാന് എതിരെയാണ് കഴക്കൂട്ടം സ്വദേശി ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി.
സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്പിയിൽ കോർത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. “സ്വാതന്ത്ര്യക്കോഴി ചുട്ടത്” എന്ന പേരിൽ യൂട്യൂബ് ചാനലിൽ സ്വാതന്ത്ര്യ ദിനത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
കോഴികളില്‍ മൂന്ന് നിറങ്ങളിലുള്ള മസാല തേച്ചു പിടിപ്പിക്കുകയും തുടര്‍ന്ന് അവയെ ചുട്ടെടുത്ത് കഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും പരാതിക്കാരന്‍ പറയുന്നു. പരാതി ലഭിച്ചതായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
ബാലസംഘം കരവാരം മേഖലാ സമ്മേളനം കരവാരം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം മാസ്റ്റർ ഭഗത് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് എസ്സ്.മധുസൂദനക്കുറുപ്പ് ഉപഹാരങ്ങൾ നൽകി.
ഏര്യാ കൺവീനർ സുരേഷ് ബാബു, ദേവതീർത്ഥ്.എസ്.മംഗലത്ത്, അഡ്വ എസ് എം റഫീക്ക്, സിന്ധൂ രമേശ്, സജു ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൂടാതെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
മുദാക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച കുട്ടിക്കർഷകർക്കുള്ള പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ലഭിച്ചു. മുദാക്കൽ കൃഷിഭവനിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ പുരസ്കാരം വിതരണം ചെയ്തു. കഴിഞ്ഞ പത്തു വർഷമായി നെൽകൃഷി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയതിനാണ് പുരസ്കാരം.
മുദാക്കൽ പഞ്ചായത്തിലെ കട്ടയിൽകോണത്തും ഇപ്പോൾ പിരപ്പമൺകാടുമാണ് കൃഷി ചെയ്തു വരുന്നത്. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, പഞ്ചായത്ത് അംഗങ്ങളായ പള്ളിയറ ശശി, പൂവണത്തുംമൂട് മണികണ്ഠൻ, സി. അനിൽകുമാർ, പി.എസ്. രമ്യ, എം. ബാദുഷ, ബി.സുജിത, എ.ബിജു, വി.ഷൈനി, കൃഷി ഓഫീസർ വൈ. ജാസ്മി എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗ്രാമീണ മേഖലകളിലെ റേഷന്‍ കടകളില്‍ പ്രദേശത്തെ കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലവര്‍ധനവ് പിടിച്ച് നിര്‍ത്തുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്.
തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നെടുമങ്ങാട് നഗരസഭാ പരിധിയിലെ തെരഞ്ഞെടുത്ത കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
Recent Comments