by liji HP News | Jul 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: തൃശൂരില്‍ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. ഗീതയുടെ കഴുത്തില്‍ പരിക്കുകളുള്ളതായി പൊലീസ് സൂചിപ്പിച്ചു.
യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
യുവതിയുടെ ഭര്‍ത്താവ് സുരേഷിനെ കാണാനില്ല. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസിന് സൂചന ലഭിച്ചു. സുരേഷിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
by liji HP News | Jul 27, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ബോണക്കാട് എസ്റ്റേറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിനൊപ്പം നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖാന്തിരം ലയങ്ങളുടെ പുനരുദ്ധാരണം നടത്തുന്നതിനായി 2.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.
2015 മാർച്ചിൽ പൂർണമായും പ്രവർത്തനം അവസാനിച്ച ബോണക്കാട് എസ്റ്റേറ്റിലെ പൂട്ടിപ്പോയ മൂന്നു ഡിവിഷനുകളിലെയും ലയങ്ങളാണ് പുതുക്കിപ്പണിയുക. മൂന്ന് ഡിവിഷനുകളിലായി ആകെ 34 ലയങ്ങളിൽ 155 കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇരു മന്ത്രിമാരും വാസയോഗ്യമല്ലാത്ത സ്ഥിതിയിൽ ഉള്ള ലയങ്ങൾ സന്ദർശിച്ചു. സംസ്ഥാനത്തെ ലയങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ബോണക്കാട് എസ്റ്റേറ്റ് സംബന്ധിച്ച് സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്, എങ്കിലും തൊഴിലാളികൾക്കായുള്ള ക്ഷേമ പദ്ധതി എന്ന നിലയിലാണ് ലയങ്ങളുടെ പുനരുദ്ധാരണം നടപ്പിലാക്കുന്നത്. എസ്റ്റേറ്റ് പഴയനിലയിൽ പ്രവർത്തിക്കുന്നതിനുള്ള സാങ്കേതിക കുരുക്ക് അഴിക്കാൻ ശ്രമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച് തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്മെൻറ് പ്രതിനിധികളുമായി ഒരു യോഗം നടത്താൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ബോണക്കാട്ടേക്ക് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കും. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ പൂട്ടിപ്പോയ ബോണക്കാട്ടെ സ്കൂൾ വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
by liji HP News | Jul 27, 2023 | Latest News, ജില്ലാ വാർത്ത
വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ന്റെ നേതൃത്വത്തിലാണ് നിരവധി അപകട മരണങ്ങൾക്കും ഗുരുതര അപകടങ്ങൾക്കും കാരണമായി തീർന്ന അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപത്തെ പ്രധാന വളവിൽ കോൺവെക്സ് ഗ്ലാസ് സ്ഥാപിച്ചത്. കോട്ടവളവിൽ സ്ഥാപിച്ച ഗ്ലാഡ്സിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് പോലീസ് ഐ.എസ്.എച്.ഒ പ്രൈജു ജി നിർവ്വഹിച്ചു.
സാമൂഹ്യപ്രവർത്തകനും ക്ലബ് കോഡിനേറ്ററുമായ അഞ്ചുതെങ്ങ് സജൻ, വൈ.ടു. കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജോസ് ഔസേഫ് ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ, ട്രഷറർ ജിജിൻ, സുനീഷ്, രജനി, അനീഷ്, മനു, സാംസൺ, ശ്യം, അബി എച്.ഐ, റിജു, സെമിൻ, അബി, സ്റ്റാലിൻ, ജിയോ, ജോബ്, ജോമോൻ, സിജോ, സുരാജ്, എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും അപകട സാധ്യതയേറിയ അഞ്ചുതെങ്ങിന്റെ വിവിധ റോഡുകളിൽ കൂടുതൽ കോൺവെക്സ് ഗ്ലാസുകൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
by liji HP News | Jul 27, 2023 | Latest News, ജില്ലാ വാർത്ത
കൊച്ചി: മലയാളികളുടെ കാതില്‍ തേന്‍മഴയായി വന്നുതൊട്ട കെ എസ് ചിത്രയ്ക്ക് ഇന്ന് 60 -ാം പിറന്നാള്‍. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല. 1968 ല്‍ ആകാശവാണിയിലൂടെയാണ് ചിത്രനാദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്സ്. എണ്‍പതുകളോടെ ചിത്രഗീതങ്ങള്‍ക്ക് ഇടവേളകളില്ലാതെയായി. മലയാളത്തിന്‍റെ വാനമ്പാടി, തമിഴ്നാടിന് ചിന്നക്കുയിലായി. തെലുങ്കില്‍ സംഗീത സരസ്വതിയും, കന്നഡയില്‍ ഗാനകോകിലയുമായി പലഭാഷങ്ങളില്‍ പലരാഗങ്ങളില്‍ ചിത്രസ്വരം നിറഞ്ഞു.
ചിത്രശബ്ദത്തിനൊപ്പം മൂളാതെ ഒരു ദിനം കടന്നു പോവുക മലയാളിക്ക് ഇന്ന് അസാധ്യം. കാതോരം പ്രണയവും വിരഹവും സന്തോഷവുമെല്ലാം ഭാവവൈവിധ്യങ്ങളായി പെയ്ത നാദധാര. സംഗീതാസ്വാദകരുടെ ഉള്ളുതൊട്ട ആ ആലാപന മികവിനെ ദേശവും രാജ്യവും ആദരിച്ചു. 16 തവണയാണ് കേരള സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ചിത്രയെ തേടിയെത്തിയത്. 11 തവണ ആന്ധ്രപ്രദേശിന്‍റെ മികച്ച ഗായികയായി. നാലുതവണ തമിഴ്നാടിന്‍റെയും മൂന്ന് തവണ കര്‍ണാടകയുടെയും ഓരോ തവണ ഒഡീഷയുടെയും പശ്ചിമബംഗാളിന്‍റെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രയെ തേടിയെത്തി.
1985 ലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ആദ്യമായി ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം. 1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള സര്‍ക്കാരിന്‍റെ മികച്ച ഗായിക ചിത്രയായിരുന്നു. ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നേട്ടം. 1999, 2001, 2002, 2005, 2016 വര്‍ഷങ്ങളിലും സംസ്ഥാന പുരസ്കാരം ചിത്രയെ തേടിയെത്തി.നഖക്ഷതങ്ങളിലെ മഞ്ഞള്‍പ്രസാദവും, ഒരു വടക്കന്‍ വീരഗാഥയിലെ കളരി വിളക്ക് തെളിഞ്ഞതാണോ, സവിദത്തിലെ മൌനസരോവരം, ദേവരാഗത്തിലെ ശശികല ചാര്‍ത്തിയ, വൈശാലിയിലെ ഇന്ദുപുഷ്പം, നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണന്‍റെ, നോട്ടത്തിലെ മയങ്ങിപ്പോയി തുടങ്ങി ചിത്രയ്ക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പാട്ടുകളെല്ലാം ഒറ്റവാക്കില്‍ ഓർമയിലെത്തും വിധം മലയാളികള്‍ക്ക് പരിചിതമാണ്.
1988 ലാണ് തമിഴ്നാടിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വര്‍ണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ല്‍ കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ല്‍ ബോംബെയിലെ കണ്ണാളനേ, 2004 ല്‍ ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങള്‍ക്കും തമിഴ്നാട് പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചു. 11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള നന്ദി പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്. കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്.
മലയാളികളുടെ വാനമ്പാടി തമിഴര്‍ക്ക് ചിന്നക്കുയിലാണ്. 1997 ല്‍ തമിഴ്നാട് സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ കലൈമാമണി നല്‍കിയാണ് ചിത്രയെ ആദരിച്ചത്. 1985 ല്‍ ഇളയരാജയാണ് ചിത്രയെ തമിഴില്‍ പരിചയപ്പെടുത്തുന്നത്. അക്കൊല്ലം ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ 11 ചിത്രങ്ങളിലാണ് ചിത്ര പാടിയത്. ഇളയരാജയെ കൂടാതെ എ ആര്‍ റഹ്‌മാന്‍, എം എസ് വിശ്വനാഥന്‍, കീരവാണി, ഗംഗൈ അമരന്‍, ഹംസലേഖ, എസ് പി വെങ്കിടേഷ്, ശങ്കര്‍-ഗണേഷ്, വിദ്യാസാഗര്‍, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടി ചിത്ര പാടി. തമിഴ് സിനിമകള്‍ക്ക് മാത്രമായി ചിത്ര പാടിയത് രണ്ടായിരത്തിലേറെ ഗാനങ്ങള്‍.
ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തതും ഇളയരാജയുടെ പാട്ടാണ്. സിന്ധുഭൈരവിയിലെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് 6 തവണ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്.
മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ഗായികയും ചിത്ര തന്നെ.1985 ല്‍ പുറത്തിറങ്ങിയ തമിഴ്ചിത്രം സിന്ധുഭൈരവിയിലൂടെ ദേശീയനേട്ടം സ്വന്തമാക്കിയതിന് തൊട്ടടുത്ത വർഷം ബോംബെ രവി ഈണം നൽകിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ മഞ്ഞൾപ്രസാദം എന്നു തുടങ്ങുന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ അവാർഡും ചിത്രയെ തേടിയെത്തി. 1988ല്‍ വൈശാലി എന്ന ചിത്രത്തിലെ ഇന്ദു പുഷ്പം ചൂടി എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ അവാർഡ് ചിത്ര സ്വന്തമാക്കി.
1996ൽ എ ആർ റഹ്മാൻ ഈണം നൽകിയ മിൻസാരക്കനവ് എന്ന ചിത്രത്തിനും 1997ൽ അനു മാലിക്ക് ഈണം നൽകിയ വിരാസത്ത് എന്ന ഹിന്ദി ചിത്രത്തിനും 2004ൽ ഭരദ്വാജ് ഈണം നൽകിയ ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിനും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ തവണ ദേശീയപുസ്കാരം നേടുന്ന പിന്നണി ഗായിക എന്ന നേട്ടം ചിത്ര സ്വന്തമാക്കി.
by liji HP News | Jul 27, 2023 | Latest News, ജില്ലാ വാർത്ത, മരണം
കൊച്ചി: റോഡു മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തില്‍, ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബൈക്ക് ഓടിച്ച ആന്‍സണ്‍ റോയിക്കെതിരെ കുറ്റകരമായ നരഹത്യ,അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
മൂവാറ്റുപുഴ നിര്‍മല കോളജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. നമിതയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഇരുവരും റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരച്ചെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മരിച്ച നമിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ഇന്ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. അപകടം മനഃപൂര്‍വം വരുത്തിവെച്ചതാണെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കോളജിന് മുന്നിലൂടെ ആന്‍സണ്‍ റോയി അമിത വേഗത്തില്‍ പോയത് കുട്ടികള്‍ ചോദ്യം ചെയ്തിരുന്നു. കുട്ടികളെ പ്രകോപിപ്പിക്കാന്‍ ഇയാള്‍ വീണ്ടും ബൈക്കില്‍ അമിത വേഗത്തില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അപകടമുണ്ടാകുന്നതിനു മുൻപ് കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു.അപകടത്തിന്റെയടക്കം ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകട ശേഷം ആശുപത്രിയിൽവെച്ച് ‘വാഹനമായാൽ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് വിദ്യാർഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമുടലെടുത്തിരുന്നു.
by liji HP News | Jul 27, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മൺസൂൺ ബംപർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ വൻ വർധന. ഇന്നലെയാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ വർത്തേക്കാൾ 2,54,160 ടിക്കറ്റുകളാണ് ഇക്കുറി അധികം വിറ്റത്.പത്ത് കോടി രൂപയാണ് സമ്മാനത്തുക.ഏജന്റുമാരുടെ കമ്മീഷൻ ഉൾപ്പെടെ 67.50 കോടി രൂപയാണ് ഇത്തവണത്തെ വിറ്റുവരവ്. 250 രൂപയാണ് ടിക്കറ്റിന്.
കഴിഞ്ഞ വർഷം മൺസൂൺ ബമ്പർ ടിക്കറ്റുകൾ 30 ലക്ഷമാണ് അടിച്ചത്. ഇതിൽ 24,45,840 ടിക്കറ്റുകളാണ് ചെലവായത്. അഞ്ചര ലക്ഷത്തോളം ടിക്കറ്റുകൾ കഴിഞ്ഞ വർഷം ബാക്കിയായതിനാൽ ഇക്കുറി 27 ലക്ഷം ടിക്കറ്റുകളേ അടിച്ചുള്ളൂ. ഇതു മുഴുവൻ വിറ്റു.നറുക്കെടുപ്പ് തീയതി അടുക്കുമ്പോഴാണ് വിൽപ്പന കൂടാറുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടത് വിൽപ്പനയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ കനത്ത മഴയ്ക്കിടയിലും ടിക്കറ്റുകൾ തീർന്നു.
Recent Comments