by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഷൂട്ടിങ്ങിനിടെ പരുക്കേറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു. വലതുകാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ നടനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. കാർട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്കസ് എന്നീ ഭാഗങ്ങളിലായിരുന്നു പരുക്ക്. തുടർന്ന്, താരം ഫിസിയോതെറാപ്പിക്ക് വിധേയനായി എന്ന് ആശുപത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഫിസിയോതെറാപ്പി ചെയ്യാൻ ഡോക്ടറുടെ നിർദേശം. കുറച്ചു മാസങ്ങൾക്കുള്ളിൽ താരത്തിന് ആരോഗ്യം വീണ്ടെടുക്കാനാകും എന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താൻ. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകർക്കു വാക്ക് നൽകുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍. വടക്കുംപാറ ഭാഗത്ത് ദേശീയ പാതയുടെ ഒരു വശത്താണ് വിള്ളല്‍ രൂപപ്പെട്ടത്. റോഡ് ഇടിയാനുള്ള അപകടസാധ്യത മുന്‍നിര്‍ത്തി ഗതാഗതം ഒറ്റവരിയാക്കി. പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കം കഴിഞ്ഞാണ് ദേശീയ പാതയില്‍ വിള്ളല്‍ രൂപപ്പെട്ടത്. റോഡിന്റെ വലതുവശത്താണ് വിള്ളല്‍ കാണപ്പെട്ടത്. റോഡിന്റെ അപ്പുറം 30 അടി താഴ്ചയാണ്. റോഡ് ഇടിയാനുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പ്രദേശത്ത് ഗതാഗതം ഒറ്റവരിയാക്കിയത്.
കുതിരാന്‍ തുരങ്കം കഴിഞ്ഞാല്‍ ഏകദേശം 300 മീറ്റര്‍ ദൂരത്താണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്ത് ഫൗണ്ടേഷന്‍ ഇടാതെ, വെറുതെ മണ്ണിട്ട് പൊക്കി ടാര്‍ ഇടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുത്തനെ ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് 400 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി വില 5385 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4468 രൂപയാണ്.
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അധ്യാപക നിയമനത്തിന് കെ വിദ്യ വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ് മൊഴി. മാതമംഗലം സ്വദേശി കെ രസിതയും വിദ്യയും മൂന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കെ വിദ്യയുടെ സീനിയറായിരുന്നു രസിത.
2021യില്‍ കരിന്തളം കോളജില്‍ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനാല്‍ വ്യാജരേഖ ചമച്ചു. വ്യാജരേഖ ചമച്ചത് രസിതയെ മറികടക്കാനാണെന്നും കെ വിദ്യ പൊലീസിന് മൊഴി നല്‍കി. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ നീലേശ്വരം പൊലീസില്‍ മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഓരോ വ്യക്തിയുടെയും സ്വകാര്യത പരമപ്രധാനമെന്ന് ഹൈക്കോടതി. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണ്.സ്വകാര്യതയെന്നത് അന്തസ്സിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണെന്ന് ജസ്റ്റിസ് കെ ബാബു നിരീക്ഷിച്ചു. അനാശാസ്യ പ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ സ്ത്രീയുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്, അവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ആയുര്‍വേദ തെറാപ്പിസ്റ്റാണ് ഹര്‍ജിക്കാരി. ഇവരുടെയും ഒപ്പം പിടിയിലായ മറ്റൊരു യുവതിയുടെയും ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍നിന്ന് നീക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശവും നല്‍കി.
സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായെന്നും പ്രൊഫഷണല്‍ പ്രാക്ടീസിനെയും സ്വകാര്യതയ്ക്കുള്ള അവകാശത്തെയും ബാധിക്കുകയാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ഓണ്‍ലൈന്‍ ഉള്ളടക്കം നീക്കം ചെയ്യാന്‍ നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ഇംപ്ലോഷൻ സംഭവിച്ച ടൈറ്റന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ഇപ്പോഴാണ്. യുഎസ് ആരോഗ്യവിഭാഗം കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ വിശദമായി പരിശോധിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൈറ്റൻ പൊട്ടിയമർന്നുവെന്ന വാർത്ത പുറത്ത് വന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്.
ജൂൺ 18നാണ് ടൈറ്റനിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാൻഡ് ഷിപ്പിൽ നിന്ന് യുഎസ് കോസ്റ്റ് ഗാർഡിന് ലഭിക്കുന്നത്. തുടർന്ന് യുഎസ് നേവിയുടെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്.
ടൈറ്റൻ അപകടത്തിൽ പെടാൻ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞ വർഷം ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സിഇഒ സ്റ്റോക്ക്ടൺ റഷ് നൽകിയ അഭിമുഖവും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബറിൽ ‘സിബിഎസ് സൺഡേ മോണിംഗ്’ എന്ന പരിപാടിയിൽ വച്ചാണ് റഷ് അന്തർവാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതിൽ സംശയം പ്രകടിപ്പിച്ചത്. അന്തർവാഹിനി യാത്ര അത്ര അപകടം പിടിച്ചതല്ല. പക്ഷേ, പലകാരണങ്ങൾ കൊണ്ട് വാഹനം ജലോപരിതലത്തിൽ മടങ്ങിയെത്തുമോ എന്ന് ഭയമുണ്ടെന്നായിരുന്നു സ്റ്റോക്ക്ടൺ റഷിന്റെ പ്രതികരണം.
ടൈറ്റാനിക്കിനും ടൈറ്റനും സംഭവിച്ച ദുരന്തത്തിലെ സാമ്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞത്. ഒരിക്കലും മുങ്ങില്ലെന്ന് വിശേഷിപ്പിച്ചിരുന്ന ആർഎംഎസ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റനേയും ഒടുവിൽ കാത്തിരുന്നത് ടൈറ്റാനികിന്റെ അതേ ദുരന്ത വിധി.
Recent Comments