രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിൽ; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിൽ; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

ഡൽഹി: കലാപ പശ്ചാത്തലത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിൽ. ഇന്നും നാളെയും രാഹുൽ കലാപ മേഖല സന്ദർശിക്കും. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നതിനൊപ്പം പ്രാദേശിക പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമർശനം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയുടെ സന്ദർശനം.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് രാഹുലിന്റെ ദ്വിദിന സന്ദർശന പരിപാടി അറിയിച്ചത്. “ഏകദേശം രണ്ട് മാസമായി മണിപ്പൂർ കത്തുകയാണ്, ‌ഇതൊരു മാനുഷിക ദുരന്തമാണ്, വിദ്വേഷമല്ല, സ്നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്“, അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. മണിപ്പൂര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ. വടക്കന്‍ ജില്ലകളിലാണു കൂടുതല്‍ മഴ ലഭിച്ചത്. കാസര്‍കോട് ബായാറില്‍ 24 മണിക്കൂറിനിടെ 17 സെന്റിമീറ്ററും എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ 16 സെന്റിമീറ്ററും മഴ പെയ്തതായി കാലാവസ്ഥ വകുപ്പിന്റെ മാപിനികളില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 7 സെന്റിമീറ്റര്‍ പെയ്താല്‍ പോലും ശക്തമായ മഴയാണ്.

കണ്ണൂര്‍ വിമാനത്താവളത്തിലും മട്ടന്നൂരിലും 15 സെന്റിമീറ്റര്‍ വീതം, കണ്ണൂര്‍ നഗരത്തിലും തളിപ്പറമ്പിലും പൊന്നാനിയിലും 14 സെന്റിമീറ്റര്‍ വീതം, ഇരിക്കൂറില്‍ 12 സെന്റിമീറ്റര്‍, കാസര്‍കോട്ടെ കുഡ്ലുവില്‍ 11 സെന്റിമീറ്റര്‍, പാലക്കാട്ടെ തൃത്താലയില്‍ 10 സെന്റിമീറ്റര്‍, കാസര്‍കോട്ടെ ഹൊസ്ദുര്‍ഗില്‍ 9 സെന്റിമീറ്റര്‍, തിരുവനന്തപുരം വര്‍ക്കലയിലും മലപ്പുറം തവനൂരിലും 8 സെന്റിമീറ്റര്‍ വീതം, കോട്ടയം, പട്ടാമ്പി, പെരിന്തല്‍മണ്ണ, വടകര എന്നിവിടങ്ങളില്‍ 7 സെന്റിമീറ്റര്‍ വീതം എന്നിങ്ങനെ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ത്യാ​ഗസ്‌മരണയിൽ ഇന്ന് ബലിപെരുന്നാൾ

ത്യാ​ഗസ്‌മരണയിൽ ഇന്ന് ബലിപെരുന്നാൾ

പ്രവാചകനായ ഇബ്രാംഹിം മകൻ ഇസ്മായീലിനെ ദൈവകൽപ്പന പ്രകാരം ബലി നൽകാനൊരുങ്ങിയതിൻറെ ഓർമ്മ പുതുക്കി ഇസ്‌ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കും. മകൻ ഇസ്മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമർപ്പണവുമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം. പ്രവാചകന്റെ ത്യാഗത്തെ വാഴ്ത്തുന്ന ഈ ദിനം പെരുന്നാൾ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി കേരളത്തിലെ വിശ്വാസികൾ ആഘോഷിക്കും.

ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലി പെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്‌നേഹിക്കാനും ഏവര്‍ക്കും സാധിച്ചാല്‍ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സാഹോദര്യവും മതസൗഹാര്‍ദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് എല്ലാ മനുഷ്യര്‍ക്കും ഒത്തുചേര്‍ന്ന് ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ സാധിക്കണം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുന്നു.- മുഖ്യമന്ത്രി ആശംസിച്ചു.

ഫിഫ്റ്റി ഫിഫ്റ്റി കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം ഭഗവതി ലോട്ടറി ഏജൻസി വിറ്റ ലോട്ടറിയ്ക്ക്

ഫിഫ്റ്റി ഫിഫ്റ്റി കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം ഭഗവതി ലോട്ടറി ഏജൻസി വിറ്റ ലോട്ടറിയ്ക്ക്

ഫിഫ്റ്റി ഫിഫ്റ്റി കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം ഭഗവതി ലോട്ടറി ഏജൻസി തിരുവനന്തപുരം ശാഖയിൽ നിന്നും വിറ്റ ലോട്ടറിയ്ക്കാണ്. ഭാഗ്യശാലിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഒരു കോടി രൂപയാണ് സമ്മാനം.

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധിക പാളത്തിൽ വീണ് മരിച്ചു

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധിക പാളത്തിൽ വീണ് മരിച്ചു

മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലാണ് സംഭവം . പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരി(65) യാണ് മരിച്ചത്. തൃശ്ശൂർ- കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ട്രയിൻ ശരീരത്തിലൂടെ കയറി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്.

കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് നൽകിയത്. കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ഫ്യൂസൂരിയത്.