വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമിച്ചത്. പൊലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവര അറസ്റ്റ് ചെയ്തു.
സാമ്പത്തിക തട്ടിപ്പ് കേസിൽ വിനീത് സസ്പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടികൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്കെന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിക്കുകയായിരുന്നു.

ഈദ് അവധി: നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതിയ തിയതി

ഈദ് അവധി: നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതിയ തിയതി

തിരുവനന്തപുരം: ഈദ് അവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 29-ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ പരീക്ഷകൾ മാറ്റിയതായി കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോ​ഗ്യ സർവകലാശാലകൾ അറിയിച്ചു.

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ജൂലൈ നാല്, അഞ്ച് തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓ​ഗസ്റ്റ് ഏഴ് തിയതികളിലേക്കും കാലടി, ആരോ​ഗ്യ സർവകലാശാലകളുടേത് ജുലൈ മൂന്നിലേക്കുമാണ് മാറ്റിയത്. സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 30, ജൂലൈ ഏഴ്, 11 തിയതികളിൽ നടക്കും. എംജി, കൊച്ചി സർവകലാശാലകൾ പുതിയ തിയതി പിന്നീട് അറിയിക്കും.

കണ്ണൂരില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു

കണ്ണൂരില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു

കണ്ണൂര്‍: ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂര്‍ ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളിലാണ് നിരോധനം.
കഴിഞ്ഞദിവസം വടക്കന്‍ കേരളത്തില്‍ കനത്തമഴയാണ് ലഭിച്ചത്. അതിശക്തമായ മഴയില്‍ കണ്ണൂരില്‍ വീടുകളില്‍ വെള്ളം കയറി.

മൂന്ന് മണിക്കൂറിലേറെയാണ് മഴ നിര്‍ത്താതെ പെയ്തത്. ഇതോടെ ജില്ലയിലെ പലഭാഗങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവളത്തിന് സമീപത്തെ നാല് വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിന് സമീപമുള്ള കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്.

വിമാനത്താവളത്തിലെ കനാല്‍ വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. ഇതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്. വിമാനത്താവള പരിസരത്ത് വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ച കനത്ത മഴ ഏഴ് മണി വരെ തുടര്‍ന്നു. കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 111 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതോടെ കൃഷിയിടങ്ങളിലും വെള്ളം കയറി.

പെറ്റ് ഷോപ്പുകൾക്ക് നവംബർ ഒന്നുമുതൽ ലൈസൻസ് നിർബന്ധം

പെറ്റ് ഷോപ്പുകൾക്ക് നവംബർ ഒന്നുമുതൽ ലൈസൻസ് നിർബന്ധം

തിരുവനന്തപുരം: പെറ്റ് ഷോപ്പുകൾക്ക്‌ നവംബർ ഒന്നുമുതൽ ലൈസൻസ്‌ നിർബന്ധമാക്കുമെന്ന്‌ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. വളർത്തുനായ്ക്കൾക്ക്‌ ലൈസൻസും നായപരിപാലന ചട്ടങ്ങളും നിർബന്ധമാക്കും. എബിസി ചട്ടങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. മൃഗക്ഷേമ ബോർഡ്‌ യോഗശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലുള്ള കേന്ദ്ര എബിസി ചട്ടപ്രകാരം എബിസി സെന്ററിൽ നിയമിക്കപ്പെടുന്ന വെറ്ററിനറി സർജൻ 2000 നായ്ക്കളെയെങ്കിലും വന്ധ്യംകരണം ചെയ്‌തിരിക്കണം, സെന്റർ എയർ കണ്ടീഷനായിരിക്കണം തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അത്തരം ചട്ടങ്ങളിൽ ഇളവ് അനുവദിച്ചാലേ എബിസി പ്രവർത്തനം ശക്തമാക്കാനാകൂ. സംസ്ഥാനത്ത്‌ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തരയോഗം ചേർന്നത്.

വർക്കലയിൽ മകളുടെ വിവാഹ ദിവസം അച്ഛൻ കൊല്ലപ്പെട്ടു

വർക്കലയിൽ മകളുടെ വിവാഹ ദിവസം അച്ഛൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ തലേന്ന് പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം.

രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കാനിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ജിഷ്ണു, സഹോദരന്‍ ജിജിന്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് ആക്രമിച്ചത്.
വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി നാലംഗ സംഘം വിവാഹ വീട്ടിൽ കാറിൽ എത്തുകയും തുടർന്ന് കാറിൽ ഉച്ചത്തിൽ പാട്ട് വയ്ക്കുകയും അതിനുശേഷം വീട്ടിനകത്തേക്ക് കയറി പെൺകുട്ടിയുടെ പിതാവായ രാജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടയിൽ സംഘത്തിൽ ഉണ്ടായിരുന്ന ജിജിൻ മൺവെട്ടി ഉപയോഗിച്ച് രാജുവിനെ അടിക്കുകയായിരുന്നു. അടിയേറ്റു കുഴഞ്ഞുവീണ രാജുവിനെ പ്രതികളും ബന്ധുക്കളും ചേർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

രാജു മരണപ്പെട്ടു എന്ന് ഡോക്ടർ അറിയിച്ചപ്പോൾ തന്നെ പ്രതികൾ അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന് ബന്ധുക്കളും പോലീസും ചേർന്ന് പ്രതികളെ സമീപത്തുള്ള ബാങ്കിൻറെ പരിസരത്തു നിന്നും പിടികൂടുകയായിരുന്നു. ശ്രീലക്ഷ്മിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് പെണ്‍കുട്ടി വിവാഹത്തിനൊരുങ്ങിയത്. വടശേരികോണം സ്വദേശി ജിഷ്ണു സുഹൃത്തുക്കളായ ജിജിന്‍, ശ്യാം, മനു എന്നിവരാണ് പിടിയിലായത്. ഓട്ടോഡ്രൈവറാണ് മരിച്ച രാജു. കല്ലമ്പലം – വർക്കല എന്നീവിടങ്ങളിലെ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ത്യാ​ഗത്തിന്റെ ഓർമ്മ പുതുക്കി ബലി പെരുന്നാൾ; ഇന്നും നാളെയും അവധി

ത്യാ​ഗത്തിന്റെ ഓർമ്മ പുതുക്കി ബലി പെരുന്നാൾ; ഇന്നും നാളെയും അവധി

തിരുവനന്തപുരം: ആത്മസമർപ്പണത്തിന്റെ ഓർമ്മ പുതുക്കി ബലി പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങി വിശ്വാസികൾ. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് പെരുന്നാൾ. ഹജ്ജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ.

സംസ്ഥാനത്ത് നാളെയാണ് ബലി പെരുന്നാൾ. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക. പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക നമസ്കാരം നടക്കും. പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് രണ്ട് ദിവസത്തെ അവധി നിശ്ചയിച്ചത്.

പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓർമ്മപുതുക്കലാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകൽ ഇസ്മായേലിനെ ദൈവ കൽപ്പനപ്രകാരം ബലികൊടുക്കാൻ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗസന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നൽകാൻ ദൈവം നിർദേശിച്ചതായാണ് വിശ്വാസം. നാളെ ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ബലികർമ്മം നിർവ്വഹിക്കും. പിന്നീട് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കണ്ട് പെരുന്നാൾ ആശംസകൾ നേർന്ന് ആഘോഷത്തിലേക്ക് കടക്കും.