തിരുവിതാംകൂർ  ദേവസ്വം ബോർഡിൻ്റെ ക്ഷേത്ര കലാപീ0ത്തിൽ  ബോർഡ് അപേക്ഷ ക്ഷണിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്ര കലാപീ0ത്തിൽ ബോർഡ് അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങൽ: കൊല്ലമ്പുഴ കോയിക്കൽ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്ര കലാപീ0ത്തിൽ അടുത്ത ബാച്ചിലേയ്ക്ക് ബോർഡ് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടുകാർക്ക് അപേക്ഷിക്കാം. മൂന്നു വർഷത്തെ കോഴ്സാണ്. താമസവും ഭക്ഷണവും സൗജന്യം. ഹിന്ദുക്കളായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. പഞ്ചവാദ്യം (ഇടയ്ക്ക, മദ്ദളം, കൊമ്പ്, ഇലത്താളം, തിമില) സോപാനസംഗീതം, കളമെഴുത്ത്, നാഗസ്വരം, തകിൽ തുടങ്ങിയവ പഠിപ്പിക്കുന്നു. ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ഇവർക്ക് 80 % സംവരണമുണ്ട്. മറ്റ് ക്ഷേത്രങ്ങളിലും കലാ പീഠത്തിൽ പഠിച്ചവർക്ക് മുൻഗണനയുണ്ട്. ചുരുക്കത്തിൽ ജോലി ഉറപ്പാണ്. എത്രയും വേഗം അപേക്ഷിക്കുക.

മാനേജർ
കോയിക്കൽ ക്ഷേത്ര കലാപീഠം
കൊല്ലമ്പുഴ
ആറ്റിങ്ങൽ പി.ഒ.
തിരുവനന്തപുരം

ബന്ധപ്പെടേണ്ട നമ്പർ
9495392739
9496771584

അംബാനിയുടെ ജിയോ സിനിമയെ പൂട്ടാന്‍ ഡിസ്നി+ഹോട്സ്റ്റാര്‍; ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഇനി സൗജന്യമായി കാണാം

അംബാനിയുടെ ജിയോ സിനിമയെ പൂട്ടാന്‍ ഡിസ്നി+ഹോട്സ്റ്റാര്‍; ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഇനി സൗജന്യമായി കാണാം

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്ത് ആരാധകരെ നേടിയ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ സിനിമക്കെതിരെ പിടിച്ചു നില്‍ക്കാന്‍ പുതിയ തന്ത്രവുമായി ഡിസ്നി+ ഹോട്സ്റ്റാര്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ഹോട്‌സ്റ്റാറിലൂടെ സൗജന്യമായി സംപ്രേഷണം ചെയ്യാന്‍ ഡിസ്നി തീരുമാനിച്ചു.

കഴിഞ്ഞ സീസണിലാണ് ഐപിഎല്ലിന്‍റെ ഡിജിറ്റല്‍ സംപ്രേഷണവകാശം ഹോട്സ്റ്റാറില്‍ നിന്ന് ജിയോ സിനിമ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയത്. ആദ്യമായിട്ടായിരുന്നു ഡിജിറ്റല്‍, ടിവി സംപ്രേഷണവകാശം ബിസിസിഐ വെവ്വേറെ ആയി വിറ്റത്. ടെലിവിഷന്‍ സംപ്രേഷണവകാശം ഡിസ്നിയുടെ ഉടമസ്ഥതതയിലുള്ള സ്റ്റാര്‍ സ്പോര്‍ട്സ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഐപിഎല്‍ എച്ച് ഡി ക്വാളിറ്റിയില്‍ സൗജന്യമാി സംപ്രേഷണം ചെയ്ത ജിയോ സിനിമ ആരാധകരെ നേടിയതോടെയാണ് ഡിസ്നി അപകടം മണത്തത്.3.04 ബില്യണ്‍ ഡോളറിനാണ് ഐസിസി ടൂര്‍ണമെന്‍റുകളുടെ ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേഷണവകാശം ഡിസ്നി സ്വന്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം നടക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്‍റ് തന്നെ സൗജന്യമായി പ്രേക്ഷകരിലെത്തിച്ച് ആരാധകരെ തിരിച്ചുപിടിക്കാനാണ് ഡിസ്നി ഇപ്പോള്‍ ശ്രമിക്കുന്നത്.

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഡിസ്നി+ ഹോട്‌സ്റ്റാറിലൂടെ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാനാകുക. ലോകകപ്പും ഏഷ്യാ കപ്പും മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമാക്കിയതോടെ ക്രിക്കറ്റ് കൂടുതല്‍ ജനകീയമാകുമെന്ന് ഡിസ്നി+ ഹോട്സ്റ്റാര്‍ തലവന്‍ സജിത് ശിവാനന്ദന്‍ പറഞ്ഞു.ഐപിഎല്‍ ജിയോ സിനിമയിലൂടെ സൗജന്യമായി സംപ്രേഷണം ചെയ്തപ്പോള്‍ റെക്കോര്‍ഡ് കാഴ്ചക്കാരാണുണ്ടായത്.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ ഇത്തവണ ജിയോ സിനിമയിലൂടെ മത്സരം കണ്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ കാണാന്‍ ഒരുസമയം രണ്ടരക്കോടിയിലിധികം ആളുകള്‍ ജിയോ സിനിമയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഫുട്ബോള്‍ ലോകകപ്പും ജിയോ സിനിമ ഇന്ത്യയില്‍ സൗജന്യമായാണ് സംപ്രേഷണം ചെയ്തത്.

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ-സോട്ടോയ്ക്ക് പുതിയ വെബ്സൈറ്റ്

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ-സോട്ടോയ്ക്ക് പുതിയ വെബ്സൈറ്റ്

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) ഔദ്യോഗിക വെബ്സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. എൻഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്സൈറ്റ് തയ്യാറാക്കിയത്.

അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താൻ ഈ വെബ്സൈറ്റ് സഹായിക്കും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്തെ കച്ചവട താത്പര്യങ്ങൾ അവസാനിപ്പിക്കുന്നതിനും സുതാര്യമാക്കാനും വേണ്ടിയാണ് ഈ സർക്കാരിന്റെ കാലത്ത് കെ-സോട്ടോ ആരംഭിച്ചത്. പുതിയ വെബ്സൈറ്റിലൂടെ സംസ്ഥാന തലത്തിൽ കൃത്യമായി മോണിറ്റർ ചെയ്യാനും ഏകോപിപ്പിക്കാനും സാധിക്കും. അവയവ ദാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാവിവരങ്ങളും ഈ ബെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. https://ksotto.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.

പൊതുജനങ്ങൾക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്റർഫേസും അവയവങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് രോഗികൾക്ക് അവർ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഹോസ്പിറ്റൽ ലോഗിനുമുണ്ട്. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമർപ്പിക്കുന്നതിനും അതിനുള്ള രേഖയായ ഡോണർ കാർഡ് പ്രിന്റ് ചെയ്തെടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്. സംശയ നിവാരണത്തിനുള്ള എഫ്എക്യൂ വിഭാഗവുമുണ്ട്.

അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, സർകുലറുകൾ, പ്രധാന പ്രോട്ടോകോളുകൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറുകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. കെ-സോട്ടോയുടെ ഭരണപരമായ വിവരങ്ങൾ, റൈറ്റ് ടു ഇൻഫർമേഷൻ എന്നിവയും വൈബ് സൈറ്റിൽ ലഭ്യമാണ്.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, കെ-സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവർ പങ്കെടുത്തു

ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാർഥി കേന്ദ്രീകൃത കരിക്കുലം അടുത്ത അധ്യയന വർഷം മുതലെന്ന് മന്ത്രി

ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാർഥി കേന്ദ്രീകൃത കരിക്കുലം അടുത്ത അധ്യയന വർഷം മുതലെന്ന് മന്ത്രി

അടുത്ത അധ്യയന വർഷം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാർഥി കേന്ദ്രീകൃതമായി തയാറാക്കിയ കരിക്കുലം സർവകലാശാലകൾക്ക് കൈമാറിക്കഴിഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജ് ക്യാമ്പസുകളിലും പുതിയ ബോധനരീതിയും പഠനപ്രക്രിയയുമാണ് നിലവിൽ വരിക. വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് പഠനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സർഗാത്മ ഊർജ്ജവും ഉൾച്ചേരുന്ന പുതിയ കരിക്കുലം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഉണർവേകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയ കൈരളി ഗവേഷണ അവാർഡുകൾ (2021) വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ കേരള സർവകലാശാല രാജ്യത്ത് 24ാം റാങ്ക് നേടിയതും മറ്റു മൂന്നു സർവകലാശാലകൾ ആദ്യ നൂറ് റാങ്കിംഗിൽ ഉൾപ്പെട്ടതും രാജ്യത്തെ ഏറ്റവും മികച്ച 200 കോളജുകളിൽ കേരളത്തിലെ 42 കോളജുകൾ ഇടംപിടിച്ചതും അത്യന്തം അഭിമാനകരമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.

നവകേരള നിർമിതിയിലെ വൈജ്ഞാനിക സമൂഹം സജ്ജമാക്കുന്നതിലേക്കുള്ള ഏറ്റവും പ്രധാന ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ്. ആ നിലയിൽ വകുപ്പിന് മുന്തിയ പരിഗണന നൽകിയാണ് സംസ്ഥാനസർക്കാർ മുന്നോട്ടുപോകുന്നത്.

കൈരളി അവാർഡുകളിൽ ആഗോള ആജീവനാന്ത പുരസ്‌കാരം (ശാസ്ത്രം) പ്രൊഫ സലിം യൂസഫിനും ആജീവനാന്ത പുരസ്‌കാരങ്ങൾ പ്രൊഫ. എം ലീലാവതിക്കും (ആർട്‌സ് ആൻഡ് ഹ്യൂമാനിറ്റീസ്), പ്രൊഫ. എം.എ ഉമ്മനും (സോഷ്യൽ സയൻസ്) ഡോ. എ അജയഘോഷിനുമാണ് (ശാസ്ത്രം). പ്രൊഫ ഉമ്മൻ, ഡോ. അജയഘോഷ് എന്നിവർ മന്ത്രിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.

പ്രൊഫ ലീലാവതി ഓൺലൈനായും പങ്കെടുത്തു. കൈരളി ഗവേഷണ പുരസ്‌കാരം ഡോ. ഷംസാദ് ഹുസൈൻ (ആർട്‌സ് ആന്റ് ഹ്യൂമാനിറ്റീസ്), ഡോ. റീനമോൾ ജി (കെമിക്കൽ സയൻസ്), ഡോ. രാധാകൃഷ്ണൻ ഇ (ബയോളജിക്കൽ സയൻസ്), ഡോ. അലക്‌സ് പി ജെയിംസ് (ഫിസിക്കൽ സയൻസ്), ഡോ. അൻവർ സാദത്ത് (സോഷ്യൽ സയൻസ്), ഡോ. മഞ്ജു കെ (ആർട്‌സ് ആന്റ് ഹ്യൂമാനിറ്റീസ്), ഡോ. മയൂരി പി.വി (ബയോളജിക്കൽ സയൻസ്), ഡോ. സിജില റോസ്ലി സി.വി (കെമിക്കൽ സയൻസ്), ഡോ. സ്വപ്ന എം.എസ് (ഫിസിക്കൽ സയൻസ്) എന്നിവരും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, പി.എസ് വനജ എന്നിവർ പങ്കെടുത്തു. ലീലാവതി ടീച്ചർ, പ്രൊഫ ഉമ്മൻ, ഡോ. അജയഘോഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.

അമല്‍ജ്യോതിയിലെ പ്രതിഷേധം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു; ശ്രദ്ധയുടെ കുറിപ്പ് പഴയതെന്ന് കുടുംബം

അമല്‍ജ്യോതിയിലെ പ്രതിഷേധം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു; ശ്രദ്ധയുടെ കുറിപ്പ് പഴയതെന്ന് കുടുംബം

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 50 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചീഫ് വിപ്പ് എന്‍ ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്.

ചീഫ് വിപ്പിനെയും ഡിവൈഎസ്പി അനില്‍കുമാര്‍, എസ്‌ഐ കെ വി രാജേഷ് കുമാര്‍ എന്നിവരെ തടഞ്ഞു എന്നുകാണിച്ച് പൊലീസ് സ്വമേധയാ എടുത്ത കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥികള്‍ തന്നെ തടഞ്ഞിട്ടില്ലെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ ചീഫ് വിപ്പ് അഭിപ്രായപ്പെട്ടിരുന്നത്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണവിധേയയായ ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കോളജിലെത്തി വിദ്യാര്‍ത്ഥികളുടേയും കോളജ് ജീവനക്കാരുടേയും വിശദമായ മൊഴിയെടുക്കും. ഡിവൈഎസ്പി ടി എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോളജിലെത്തി ഹോസ്റ്റല്‍ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു.

അതേസമയം, മരിച്ച ശ്രദ്ധ സതീഷ് എഴുതിയെന്നു പറയുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്ന് കുടുംബം പറഞ്ഞു. സുഹൃത്തുക്കൾക്ക് സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ അയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ‘നിന്നോടു വാങ്ങിയ പാന്റ്സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്’ എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണവും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ്എഫ്ഐ, കെഎസ്‌യു, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം കാരണം കോളജിന്റെ പ്രവർത്തനം തടസ്സപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോളജ് മാനേജ്മെന്റും മാനേജർ ഫാ.ഡോ. മാത്യു പൈക്കാട്ടുമാണ് ഹർജി നൽകിയത്.

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

ചെന്നൈ: നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു. കെ കെ നഗറില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. മറ്റൊരു നടന്‍ പളനിയപ്പന്റെ കാര്‍ ശരണ്‍രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരണ്‍രാജ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പളനിയപ്പന്‍ മദ്യലഹരിയിലാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശരണ്‍രാജ്. വടചെന്നൈ, അസുരന്‍ തുടങ്ങിയ സിനിമകളില്‍ സഹതാരമായും ശരണ്‍രാജ് അഭിനയിച്ചിട്ടുണ്ട്.