സമാധി വിവാദം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു

സമാധി വിവാദം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു. നെയ്യാറ്റിൻകര ഗോപന്റേത് കൊലപാതകം ആണെന്ന് സംശയം ഉയർന്നിരുന്നു.

തുടർന്ന് ആചാരലംഘനം ചൂണ്ടിക്കാട്ടി പോസ്റ്റ്മോർട്ടത്തിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയെങ്കിലും, കോടതിയുടെയും സർക്കാരിന്റെയും ഇടപെടലിനെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിന് സമീപം നിർമ്മിച്ച സമാധിസ്ഥലത്ത് പൂജകളും ഭക്തജനത്തിരക്കും നടന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരൂഹതകൾ നീങ്ങിയതോടെ കേസ് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു.

അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികൾ അധ്യാപകർക്ക് ആദരവ് നൽകി

അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികൾ അധ്യാപകർക്ക് ആദരവ് നൽകി

അഴൂർ ഗവണ്മെന്റ് ഹൈസ്കൂൾ ബാച്ച് 1983 വർഷത്തെ വിദ്യാർത്ഥികൾ (30-08-26) ഞായറാഴ്ച അഴൂർ ഹയർ സെക്കന്ററി സ്കൂളിൽ ഒത്തുചേർന്ന് അധ്യാപകൻമാരെ ആദരിക്കുകയും, ഓണാഘോഷം ആഘോഷിക്കുകയും ചെയ്തു. കലാപരിപാടികൾ, മാജിക്‌ ഷോ തുടങ്ങിയവയും സംഘടിപ്പിച്ചു. ഹരിലാൽ, ലാലി, ഗ്രൂപ്പ്‌ അഡ്മിൻ ഷാനവാസ്‌, രാജശേഖരൻ, സാബു തുടങ്ങിയവർ പരിപാടിയ്ക് നേതൃത്വം നൽകി.

‘ഈ ഇ മെയിൽ വിലാസം എന്റേതല്ല’; തട്ടിപ്പ് മുന്നറിയിപ്പുമായി ടൊവിനോ തോമസ്

‘ഈ ഇ മെയിൽ വിലാസം എന്റേതല്ല’; തട്ടിപ്പ് മുന്നറിയിപ്പുമായി ടൊവിനോ തോമസ്

തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക് സന്ദേശം അയച്ച് തട്ടിപ്പിന് ശ്രമം നടത്തുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പ്രചരിക്കുന്ന ഇ-മെയിൽ വിലാസം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മെയിൽ ഐഡിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ടൊവിനോ വ്യക്തമാക്കി.

“പ്രധാനപ്പെട്ട അറിയിപ്പ്-

വ്യാജ സന്ദേശങ്ങളെക്കുറിച്ച് എന്റെ പേര് വ്യാജമായി ഉപയോഗിച്ചു കൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇ മെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന വിലാസത്തിൽ നിന്നാണ് ഇമെയിലുകൾ അയക്കുന്നത്: tovinothomas79@gmail.com. ദയവായി ശ്രദ്ധിക്കുക, ഈ ഇ മെയിൽ വിലാസം എന്റേതല്ല,

ഈ വിലാസം ഉപയോഗിച്ച് എന്റെ പേരിൽ ആശയവിനിമയം നടത്താൻ ഞാൻ ആർക്കും അനുവാദം നൽകിയിട്ടില്ല. ഈ ഇ-മെയിൽ ഐഡിയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, വ്യക്തിവിവരങ്ങൾ പങ്കുവെക്കരുതെന്നും, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, പണം നൽകരുതെന്നും, അത്തരം ആവശ്യങ്ങളോട് പ്രതികരിക്കരുതെന്നും എല്ലാവരോടും ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു.

ഈ വിലാസത്തിൽ നിന്ന് നിങ്ങൾക്ക് ഏതെങ്കിലും ഇ മെയിൽ ലഭിക്കുകയാണെങ്കിൽ, ദയവായി അത് സ്പാം/ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്യുകയും ഉടൻ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുക. ഈ വ്യാജ പ്രചരണത്തിൽ വീഴാതിരിക്കാൻ ഇത്തരം ഇ മെയിലുകൾ ലഭിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള മറ്റുള്ളവരുമായും ഈ വിവരം പങ്കുവെക്കുക. ജാഗ്രത പാലിക്കുക, എന്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തണം.

നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി”. – ടൊവിനോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. പള്ളിച്ചട്ടമ്പി, ഖലീഫ എന്നിവയാണ് ടൊവിനോയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. നിരവധി സിനിമകളാണ് ടൊവിനോയുടേതായി ലൈൻ അപ്പിലുള്ളത്. എൽ ക്ലാസിക്കോ ആണ് ടൊവിനോയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് നിര്‍ണായകം; ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ ഇന്ന് കോടതിയില്‍

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് നിര്‍ണായകം; ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ ഇന്ന് കോടതിയില്‍

തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍മന്ത്രിയുടെ അപ്പീല്‍.

ലഹരികേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസില്‍, അന്നത്തെ കേസിലെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിചാരണക്കോടതിയായ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. ഇതിനെതിരെയാണ് ആന്റണി രാജുവിന്റെ അപ്പീല്‍.

കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനായ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചില്ല. അയോഗ്യത നീക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. വിചാരണക്കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു.

1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അടിവസ്ത്രത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയതിന് ഓസ്‌ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. ഈ കേസില്‍ പ്രതിഭാഗം അഭിഭാഷകനായ കല്ലൂര്‍ സന്‍ഫാറിന്റെ ജൂനിയറായിരുന്നു അന്ന് ആന്റണി രാജു. കേസില്‍ പ്രതി ആന്‍ഡ്രൂവിനെ വിചാരണക്കോടതി 10 വര്‍ഷം ശിക്ഷിച്ചു.

തുടര്‍ന്ന് അപ്പീല്‍ നല്‍കിയ പ്രതി, തൊണ്ടി മുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് വാദിച്ചു. തുടര്‍ന്ന് ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. കോടതി സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചാണ് അഭിഭാഷകന്‍ പ്രതിയെ രക്ഷപ്പെടുത്തിയതെന്ന് പിന്നീട് കണ്ടെത്തി. തൊണ്ടി മുതലില്‍ തിരിമറി വരുത്തിയെന്നാരോപിച്ച് 1994-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2006-ലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കെപിഎ ബറ്റാലിയനിലെ കമാന്‍ഡന്റ് യു. പ്രേമനാണ് അന്വേഷണച്ചുമതല. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചായിരുന്നു വീണ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കെഎസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് വീണാ ജോര്‍ജിന്റെ ഗണ്‍മാന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, പിന്നാലെ തെളിവെടുപ്പ് നടത്തിയെങ്കിലും ആരോപണങ്ങളെ സാധൂകരിക്കുന്നതൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

പരിക്കേറ്റതിന് പിന്നാലെ വീണയെ ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം അതുല്‍ അടക്കമുള്ള അഞ്ചുപേരെ റിമാന്‍ഡ് ചെയ്തിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. പക്ഷാഘാതത്തിന് ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ ശേഷം നല്‍കിയ ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. ഐസിയുവിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടിയുണ്ടായില്ലെന്ന് സുകുമാരപിള്ളയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം 26നാണ് ചടയമംഗലം സ്വദേശിയായ സുകുമാരാപിള്ളയെ പക്ഷാഘാതത്തെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അവിടെ വച്ച് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയില്‍ കാര്യാമായ പുരോഗതിയുണ്ടായിരിക്കെ 29ാം തീയതി ഇയാള്‍ കട്ടിലില്‍ നിന്ന് വീണ് ദേഹമാസകലം പരിക്കേറ്റു. മുഖത്തും തലയിലും തുന്നലുകള്‍ ഇടേണ്ടി വന്നു. എന്നാല്‍ വീണ് പരിക്കേറ്റ ശേഷവും ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് മകള്‍ പറഞ്ഞു.

വീണ്ടും സ്‌ട്രോക്കിന് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും സ്‌ഫേറ്റി റെയിലിങ് ഉള്ള ബെഡ് നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ വീണശേഷമുള്ള ചികിത്സയില്‍ അനാസ്ഥയുണ്ടായെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. 28ാം വാര്‍ഡില്‍ സ്‌ഫേറ്റി റെയിലിങ് ഉള്ള ബെഡ് ഇല്ലാത്തതിനാല്‍ ആണ് സിംഗിള്‍ ബെഡ് നല്‍കിയതെന്ും രണ്ട് ബൈസ്റ്റാന്‍ഡര്‍ മാര്‍ക്ക് നില്‍ക്കാനുള്ള അനുമതി നല്‍കിയിരുന്നതായും സൂപ്രണ്ട് പറഞ്ഞു.