പ്രതിരോധമേഖലയ്ക്ക് കരുത്തുകൂട്ടാന്‍ ഹൈപവര്‍ ലേസര്‍ ആയുധം ‘ദുര്‍ഗ’ സേനയുടെ ഭാഗമാകുന്നു

പ്രതിരോധമേഖലയ്ക്ക് കരുത്തുകൂട്ടാന്‍ ഹൈപവര്‍ ലേസര്‍ ആയുധം ‘ദുര്‍ഗ’ സേനയുടെ ഭാഗമാകുന്നു

ഡൽഹി: ശത്രുരാജ്യങ്ങളുടെ ഡ്രോണ്‍ കൂട്ടങ്ങളെയും മിസൈലുകളെയും നിമിഷനേരം കൊണ്ട് ചാമ്പലാക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു. ഡിആർഡിഒ വികസിപ്പിച്ച ‘ദുര്‍ഗ-II’, ‘എംകെ-2(എ)’ എന്നീ ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ സംവിധാനങ്ങള്‍ ഇന്ത്യൻ വ്യോമ പ്രതിരോധത്തിന് പുതിയ കരുത്തേകും. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഈ സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരുകയാണ്.

പരമ്പരാഗത മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലേസര്‍ ആയുധങ്ങള്‍ക്ക് ചെലവും നന്നേ കുറവാണ്. കൂട്ടമായെത്തുന്ന ഡ്രോണ്‍ കൂട്ടങ്ങളിലെ ഓരോ ഡ്രോണിനെയും പ്രത്യേകം ലക്ഷ്യം വെച്ച് തകര്‍ക്കാനും ഇവയ്ക്ക് സാധിക്കും. 100 കിലോവാട്ടിലധികം ശേഷിയുള്ള ഒരു ഹൈപവര്‍ ലേസര്‍ ആയുധമാണ് ദുര്‍ഗ-II. ക്രൂയിസ് മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍, വിമാനങ്ങളിലെ സെന്‍സറുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഈ സംവിധാനത്തിന് കഴിയും. എംകെ-2(എ) 30 കിലോവാട്ട് ശേഷിയുള്ള ലേസര്‍ സംവിധാനമാണ്.

ചെറിയ ഡ്രോണുകളെയും ഡ്രോണ്‍ കൂട്ടങ്ങളെയും തകര്‍ക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കുര്‍ണൂല്‍ ഡ്രോണ്‍ ടെസ്റ്റ് റേഞ്ചില്‍ നടന്ന പരീക്ഷണത്തില്‍ ഒന്നിലധികം ഡ്രോണുകളെ ഈ ലേസര്‍ സംവിധാനം വിജയകരമായി തകര്‍ത്തിരുന്നു. ഇന്ത്യയുടെ ദേശീയ വ്യോമപ്രതിരോധ ശൃംഖലയായ ‘മിഷന്‍ സുദര്‍ശന്‍ ചക്ര’യുടെ ഭാഗമായി ഈ ലേസര്‍ ആയുധങ്ങളെയും ഉള്‍പ്പെടുത്താനാണ് പദ്ധതി. ഭാവിയില്‍ യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും ഇത്തരം ലേസര്‍ ആയുധങ്ങള്‍ ഘടിപ്പിക്കാനാണ് ഡിആര്‍ഡിഒ ലക്ഷ്യമിടുന്നത്.

പൊന്നറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മുടിയെഴുന്നള്ളിപ്പ് ഉത്സവത്തിനു തുടക്കമായി

പൊന്നറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മുടിയെഴുന്നള്ളിപ്പ് ഉത്സവത്തിനു തുടക്കമായി

പൊന്നറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മുടിയെഴുന്നള്ളിപ്പ് ഉത്സവത്തിനു തുടക്കമായി. മാർച്ച് 13 മുതൽ 20 വരെയാണ് പൊന്നറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മുടിയെഴുന്നള്ളിപ്പ് ഉത്സവം നടക്കുന്നത്. മാർച്ച് 15 രാവിലെ 11.30 നു പൊന്നറ സദ്യ, മാർച്ച് 17 വൈകുന്നേരം 7 മണിക്ക് മെഗാതിരുവാതിര, മാർച്ച് 19 വൈകുന്നേരം 7,30 നു അയനം നാടകവേദിയുടെ നാടകം… ഒറ്റ മുറിയിലെ പെണ്ണ്, മാർച്ച് 20 നു രാവിലെ 8 മണിക്ക് പൊന്നറ പൊങ്കാല, വൈകുന്നേരം 5 മണിക്ക് മുടിയെഴുന്നള്ളിപ്പ്, 7 മണിക്ക് ആകാശക്കാഴ്ച, രാത്രി 8 മണിക്ക് പാലാ സൂപ്പർബീറ്റസിന്റെ ഗാനമേള എന്നീ പരിപാടികളോടെ ഉത്സവം സമാപിക്കും.

​ഗാനരചയിതാവ് വൈരമുത്തുവിന് ​ജ്ഞാനപീഠ പുരസ്കാരം

​ഗാനരചയിതാവ് വൈരമുത്തുവിന് ​ജ്ഞാനപീഠ പുരസ്കാരം

2025 ലെ ജ്ഞാനപീഠ പുരസ്കാരം കവിയും ​ഗാനരചയിതാവുമായ ആർ വൈരമുത്തുവിന്. തമിഴ്നാട്ടിൽ ജ്ഞാനപീഠ പുരസ്കരത്തിന് അർഹനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ​ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട് വൈരമുത്തു.

1980 ൽ പുറത്തിറങ്ങിയ നിഴൽ​ഗൾ എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തു സിനിമയിൽ തുടക്കം കുറിക്കുന്നത്. 40 വർഷത്തെ സിനിമാ ജീവിതത്തിൽ അദ്ദേഹം 7,500-ലധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.

‘കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് അഹാന മെസേജ് അയച്ചു’; നിമിഷിനെ അന്ന് മുതലേ അറിയാം: കൃഷ്ണകുമാര്‍

‘കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് അഹാന മെസേജ് അയച്ചു’; നിമിഷിനെ അന്ന് മുതലേ അറിയാം: കൃഷ്ണകുമാര്‍

മകള്‍ അഹാനയുടെ കല്യാണത്തെക്കുറിച്ച് കൃഷ്ണകുമാര്‍. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് അഹാന കഴിഞ്ഞ ദിവസം മെസേജ് അയച്ചിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വെറൈറ്റി മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാര്‍ മനസ് തുറന്നത്. നിമിഷിനെക്കുറിച്ചും കൃഷ്ണകുമാര്‍ സംസാരിക്കുന്നുണ്ട്.

”അഹാന കഴിഞ്ഞ ദിവസം മെസേജ് അയച്ചു. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന്. ഞങ്ങളോട് അവതരിപ്പിക്കുകയേ വേണ്ട. അവരൊക്കെ വീട്ടില്‍ വരുന്നുണ്ട്. ഞാനും ഇതുപോലെയായിരുന്നു. സിന്ധുവിനെ എന്റെ വീട്ടില്‍ കൊണ്ടു പോകാറുണ്ടായിരുന്നു. ഏറ്റവും സൗകര്യം ഓരോരുത്തരും കല്യാണം കഴിക്കാന്‍ പോകുന്നത് ആരെയാണെന്ന് അവര്‍ക്കും അറിയാം, എനിക്കും അറിയാം. നമുക്കും എത്ര സുഖം. സമാധാനം” കൃഷ്ണകുമാര്‍ പറയുന്നു.

”എന്ത് ആവശ്യമുണ്ടേലും ഇപ്പോഴേ ഇവരോടൊക്കെ പറയാം. അശ്വിനേ അത് ചെയ്‌തേക്കണേ, അര്‍ജുനേ ഇങ്ങനെയാണേ, നിമിഷേ അങ്ങനെയാണേ. നിമിഷിന്റെ അച്ഛന്‍ രവിയുമായി എനിക്ക് 35 കൊല്ലമായുള്ള പരിചയമാണ്. അദ്ദേഹം സിനിമയില്‍ പ്രൊഡ്യൂസറായിരുന്നു. എത്ര സൗകര്യം. വര്‍ഷങ്ങള്‍ മുമ്പ് അഹാനയും നിമിഷും ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴാണ് ഞാന്‍ നിമിഷിനെ പരിചയപ്പെടുന്നത്.”

”അതിശയകരമായ വളര്‍ച്ചയാണ് നിമിഷിന്റേത്. നിമിഷിന്റെ അച്ഛന് ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. സിനിമയില്‍ കുറേ ഇന്‍വെസ്റ്റ് ചെയ്തിരുന്നു. കുറെ പൈസ പോയ മനുഷ്യനാണ്. അന്നത്തെ കഷ്ടപ്പാടുകള്‍ക്ക് ദൈവം കൊടുക്കുന്നത് മക്കളിലൂടെയായിരിക്കും. ഗംഭീര വിജയം കൊടുത്തിരിക്കുന്നു. നിമിഷ് ഹംബിളും സിമ്പിളുമാണ്. അച്ഛനമ്മമാരുടെ ക്വാളിറ്റിയായിരിക്കും അത്.” എന്നും അദ്ദേഹം പറയുന്നു.

ബെവ്‌കോയില്‍ നാളെ മുതല്‍ ‘നോട്ട് വേണ്ട’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളില്‍

ബെവ്‌കോയില്‍ നാളെ മുതല്‍ ‘നോട്ട് വേണ്ട’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളില്‍

തിരുവനന്തപുരം: നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കി.

നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ മുതല്‍ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയില്‍ ഉള്‍പ്പെടെ നോട്ടിസുകള്‍ ഔട്ട്ലറ്റുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു.

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഉടന്‍

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഉടന്‍

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാള്‍ എസ്ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക പ്രഖ്യാപനമുണ്ടായേക്കും.

കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം. ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് സാധ്യത.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെയും കലക്ടര്‍മാരുടെ യോഗം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര കമ്മീഷന്‍ വിശദമായി പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കുക.