കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു, 10 കോടി രൂപ അധിക സഹായം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു, 10 കോടി രൂപ അധിക സഹായം

തിരുവന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡിആര്‍ എന്നിവയില്‍ എഴ് ശതമാനം വര്‍ദ്ധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോര്‍പറേഷന് സര്‍ക്കാര്‍ നല്‍കി.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2022 ജനുവരി മുതല്‍ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്‌കരിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ട് ഗഡു ഡിഎ, ഡിആര്‍ അനുവദിക്കുന്നത്.

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1,574 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു.

ബസ് വാങ്ങുന്നത് ഉള്‍പ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റ് വകയിരുത്തല്‍ 1035 കോടി രൂപയും. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സഹായമായും മൂലധന സഹായമായും 9,015 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയത്.

എക്‌സൈസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാറിനെ മാറ്റി

എക്‌സൈസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊലീസ് എഡിജിപിയാണ് എംആര്‍ അജിത് കുമാര്‍. അജിത് കുമാറിന് തിരികെ പൊലീസില്‍ നിയമനം നല്‍കിയേക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതിനു മുമ്പായിട്ടാണ് മാറ്റം.

ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സിഎടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ബി അശോകിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

പൂരം കലക്കൽ അടക്കം നിരവധി ആരോപണങ്ങളാണ് എഡിജിപി അജിത് കുമാറിനെതിരെ ഉയർന്നിരുന്നത്. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി എക്സൈസ് കമ്മീഷണറായി നിയമിക്കുന്നത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.

അച്ഛനോടുള്ള വിയോജിപ്പ് കടുപ്പിച്ച് ജെയ്‌സണ്‍ സഞ്ജയ്; അമ്മയെ ചേര്‍ത്തുപിടിച്ച് പേര് മാറ്റം

അച്ഛനോടുള്ള വിയോജിപ്പ് കടുപ്പിച്ച് ജെയ്‌സണ്‍ സഞ്ജയ്; അമ്മയെ ചേര്‍ത്തുപിടിച്ച് പേര് മാറ്റം

നടന്‍ വിജയ്‌യുടെ വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് മാത്രമല്ല കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ വിവാദം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇതിനിടെ വിജയ്‌യുടേയും സംഗീതയുടേയും മക്കളുടെ നിലപാടുകളും പക്ഷം ചേരലുമെല്ലാം വാര്‍ത്തകളില്‍ നിറയുന്നുണ്ട്.

വിജയ്-സംഗീത വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് നടനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ അച്ഛനോടുള്ള തന്റെ പ്രതിഷേധവും അമ്മയോടുള്ള സ്‌നേഹവും ജെയ്‌സണ്‍ സഞ്ജയ് ഒരിക്കല്‍ കൂടെ ഉറപ്പിക്കുകയാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്റെ പേരില്‍ നിന്നും വിജയ് യുടെ സര്‍നെയിമും ഇനീഷ്യലും ജെയ്‌സണ്‍ സഞ്ജയ് ഔദ്യോഗികമായി ഒഴിവാക്കായിരിക്കുകയാണ്. നേരത്തെ തന്നെ ജെയ്‌സണ്‍ സഞ്ജയ് എന്ന് മാത്രമേ താരുപുത്രന്‍ ഉപയോഗിച്ചിരുന്നുള്ളൂ. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ജെയ്‌സണ്‍ സഞ്ജയ് എസ് എന്നാണ് ഉപയോഗിക്കുന്നത്. എസ് എന്നത് അമ്മ സംഗീതയുടെ ഇനീഷ്യല്‍ ആണ്.

താരപുത്രന്റെ ഈ നീക്കം താന്‍ ഏത് പക്ഷത്താണെന്ന് വിളിച്ചു പറയുന്നതാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ ജെയ്‌സണ്‍ സഞ്ജയ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. കാമറയ്ക്ക് പിന്നിലൂടെയാണ് താരപുത്രന്റെ തുടക്കം. സിഗ്മ എന്ന ചിത്രം സംവിധാനം ചെയ്താണ് ജെയ്‌സണ്‍ സഞ്ജയ് അരങ്ങേറുന്നത്.

അതേസമയം വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ വിജയ് നടി തൃഷയോടൊപ്പം വിവാഹ റിസപ്ഷനില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. തൃഷയും വിജയ്‌യും തമ്മിലും അടുപ്പമാണ് വിവാഹമോചനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു സംഭവം.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു, 10 കോടി രൂപ അധിക സഹായം

കെ.എസ്.ആർ.ടി.സി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ആറ്റിങ്ങലിലേക്ക് സർവ്വീസ് ആരംഭിച്ചു

കെഎസ്ആർടിസി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ചിറയിൻകീഴിലേക്ക് സർവീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് പള്ളിമുക്ക് ഇരവിപുരം തീരദേശ പാത വഴി അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ മേഖല വഴി ആറ്റിങ്ങൽ വരെയുള്ളതാണ് പുതിയ സർവ്വീസ്.

കൊല്ലം ഡിപ്പോയിൽ നിന്നും പള്ളിമുക്ക്, ഇരവിപുരം, പൊഴിക്കര, കാപ്പിൽ, ഇടവ, വർക്കല, അയന്തി, ഒന്നാംപാലം, അഞ്ചുതെങ്ങ്, ചെക്കാലവിളാകം, കടക്കാവൂർ, തെക്കുംഭാഗം, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നിങ്ങനെയാണ് സർവ്വീസ്.

▪️കൊല്ലത്ത് നിന്നും പുറപ്പെടുന്ന സമയം.

രാവിലെ 5:40 ന് (ഡിപ്പോ)
രാവിലെ 11 ന് (കളക്ട്രേറ്റ്)
വൈകിട്ട് 4 : 45 ന് (കളക്ട്രേറ്റ്)

▪️അഞ്ചുതെങ്ങിൽ എത്തിച്ചേരുന്ന സമയം.

രാവിലെ : 7:30 (ആറ്റിങ്ങൽ)
ഉച്ചയ്ക്ക് : 1:00 (ചിറയിൻകീഴ്)
വൈകിട്ട് : 6:35 (ആറ്റിങ്ങൽ)

▪️ആറ്റിങ്ങൽ/ചിറയിൻകീഴ് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന സമയങ്ങൾ.

രാവിലെ : 8:20 (ആറ്റിങ്ങൽ)
ഉച്ചയ്ക്ക് : 2:00 (ചിറയിൻകീഴ്)
രാത്രി : 7:10 (ആറ്റിങ്ങൽ – NH വഴി കൊല്ലം)

▪️അഞ്ചുതെങ്ങിൽ എത്തിച്ചേരുന്ന സമയങ്ങൾ.

രാവിലെ 8:30 (കൊല്ലം കളക്ട്രേറ്റ്)
ഉച്ചയ്ക്ക് : 2:20 (കൊല്ലം കളക്ട്രേറ്റ്)

എന്നിങ്ങനെയാണ് സമയ ക്രമം. കഴിഞ്ഞ ദിവസമാണ് കൊല്ലം – ആറ്റിങ്ങൽ ഓർഡിനറി സർവീസിന് തുടക്കം കുറിച്ചത്.

വേടന്റെ പരിപാടിക്കിടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു; മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

വേടന്റെ പരിപാടിക്കിടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു; മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

കാസര്‍കോട്: കാസര്‍കോട് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദമ്പതികളുടെ മരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ഡിസംബര്‍ 29നാണ് ദമ്പതികളുടെ മകന്‍ ശിവാനന്ദ് (19) ട്രെയിന്‍ തട്ടി മരിച്ചത്. ബേക്കലില്‍ നടന്ന റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടിയായിരുന്നു ശിവാനന്ദിന്റെ മരണം. ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ സംഗീതപരിപാടിക്കിടെ ആയികുന്നു സംഭവം.

സംഗീതപരിപാടി നടന്ന ബീച്ച് പാര്‍ക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാര്‍ക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കാനും, ആചാരങ്ങള്‍ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായി തീരുമാനമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം.

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിശോധിക്കുന്ന സാഹചര്യത്തില്‍ കേരളം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും, ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിശ്വാസികളെ അകറ്റുന്ന നിലപാട് പാടില്ലെന്ന് സിപിഎമ്മിലും ധാരണയായിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്, നേരത്തെ യുവതീ പ്രവേശത്തെ അനുകൂലിച്ചിരുന്ന സിപിഎമ്മും സംസ്ഥാന സര്‍ക്കാരും മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത്. വിശ്വാസികളെ അടുപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമവും നടത്തിയിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി അടക്കമുള്ള സമുദായങ്ങള്‍ ആചാരം സംരക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നവോത്ഥാന സംരക്ഷണ സമിതിയിലെ മറ്റൊരു പ്രബല സമുദായമായ കെപിഎംഎസ് യുവതീപ്രവേശന നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന അഭിപ്രായക്കാരാണ്.

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച സിപിഎമ്മും മുഖ്യമന്ത്രിയും മുമ്പ്, നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി നിലപാട് മാറ്റില്ലെന്നായിരുന്നു പ്രസ്താവിച്ചത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയതിനെത്തുടര്‍ന്ന്, സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

അതേസമയം ശബരിമലയിലെ യുവതീപ്രവേശന വിധി നിലനിര്‍ത്തണമെന്ന് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും, ശബരിമലയെ പ്രത്യേക വിഭാഗമായി കാണാനാകില്ലെന്നുമാണ് അസോസിയേഷന്‍ വ്യക്തമാക്കിയത്.