by Midhun HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുകയാണ്. ഓണത്തിന് ആദ്യ മദര്‍ ഷിപ്പ് തുറമുഖത്തെത്തുമ്പോള്‍ വലിയ അനുബന്ധ വികസന പദ്ധതികള്‍ക്കാണ് ചിറകു മുളക്കുന്നത്. വികസന സ്വപ്നങ്ങള്‍ കപ്പല്‍ കയറുമ്പോള്‍ സംസ്ഥാനത്തെ വ്യവസായ ഇടനാഴിയായി തിരുവനന്തപുരം മാറും.
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് ബൃഹത് പദ്ധതികളാണ് റെയില്‍വേ മേഖലയില്‍ ഒരുങ്ങുന്നത്. തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്ന ഭൂഗര്‍ഭ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരമായി. തുറമുഖവുമായി ഏറ്റവും അടുത്തുള്ള ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ നിര്‍ദ്ദിഷ്ട ഭൂഗര്‍ഭ പാതയ്ക്ക് 10.7 കിലോമീറ്ററാണ് നീളം.
ഇതില്‍ 9.43 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. 1154 കോടി ചെലവ് വരുന്ന പദ്ധതി നിര്‍മ്മാണം തുടങ്ങി മൂന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല. റെയില്‍വേ സ്റ്റേഷനും അനുബന്ധമായി വികസിപ്പിക്കുന്നതോടെ ചരക്ക് നീക്കത്തിന്റെ ഹബ്ബാകും ബാലരാമപുരം. വിമാനത്താവള മാതൃകയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ 496 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപടെര്‍മിനലായും 156 കോടി രൂപയുടെ പദ്ധതിയും പുരോഗതിയുടെ ട്രാക്കിലാണ്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ റെയില്‍ റോഡ് കണക്ടിവിറ്റിയിലൂടെ കാര്‍ഗോ ടെര്‍മിനല്‍ കൂടിയായി മാറും ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍.
by Midhun HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഹൈസ്കൂൾ ആയി ഉയർത്തിയ ശേഷം 100 % വിജയം നേടി ഗവ. എച്ച് എസ് അയിലം. എസ് എസ് എൽ സിയിൽ 9-മത് തവണയും 100 % വിജയം നേടുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപ ജില്ലയിലെ എക വിദ്യാലയം. 45 കുട്ടികൾ പരീക്ഷയെഴുതിയതിൽ 12 പേർക്ക് ഫുൾ എ പ്ലസ്, 7 പേർക്ക് 9 എ പ്ലസ്.
1. എ.എൻ.അഭിഷേക് 2.ജി. അഭിജിത്ത് 3.എസ്. അദ്വൈത് 4. ബി. പാർവ്വതി 5. ബി.ലക്ഷ്മി 6.ബി.എൽ.കൃഷ്ണവേണി 7.എസ്.ആർ.അനാമിക 8.എസ്.എൽ.പൂജ 9.ആർ.രശ്മി 10. എസ്. ഹിസാന ഫാത്തിമ 11.പി.ദീപിക 12.എം.ബി.കാഞ്ചന എന്നിവരാണ് എപ്ലസ് നേടിയ കുട്ടികൾ.
by Midhun HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പേയാട് പള്ളിമുക്കില്‍ ബൈക്കിലെത്തി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. തിരുമല പ്ലാവിള തച്ചന്‍വിളാകത്ത് വീട്ടില്‍ ഉണ്ണി എന്ന മഹാദേവനെയാണ് തിരുമല ഭാഗത്തു നിന്ന് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളും പിടിയിലായി. മഹാദേവനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബാലരാമപുരം പെരിങ്ങമല തെറ്റിവിളാകത്ത് വാടകക്ക് താമസിക്കുന്ന അഭിജിത്ത് (23), സഹോദരന്‍ അജിത്ത് (20), മുട്ടട സ്വദേശി അനസ് (21) തിരുമല സ്വദേശി സുധി (21) എന്നിവരാണ് നേരത്തെ പിടിയിലായവര്‍. കഴിഞ്ഞ മാസം 27ന് രാത്രിയാണ് പേയാടുള്ള പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ അഞ്ചംഗ സംഘം അക്രമം നടത്തിയത്. കുടിവെള്ളത്തിന് തണുപ്പ് കുറവാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. പമ്പിലെ ജീവനക്കാരായ ശ്രീജയന്‍, സുരേഷ് കുമാര്‍ എന്നിവരെ ആക്രമിച്ച പ്രതികള്‍ പമ്പില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.
by Midhun HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സിവിൽ സർവീസ് 681മത് റാങ്ക് നേടിയ ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി ആർദ്ര അശോകിന് ആദരവ് നൽകി. ഗീതാദേവിയുടെയും അശോകകുമാറിന്റെയും മകളാണ് ആർദ്ര. ജില്ലാ പഞ്ചായത്ത് അംഗം സുഭാഷ്, സി പി ഐ നേതാവ് മനോജ് ഇടമന തുടങ്ങിയവർ വീട്ടിൽ എത്തി ആദരിച്ചു.


by Midhun HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വര്‍ധന തുടരാന്‍ മന്ത്രിസഭാ യോഗ തീരുമാനം. 81 താത്കാലിക ബാച്ചുകള്‍ അനുവദിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ ഗവ. സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവും കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവും ഉണ്ടാകും.
2021ല്‍ തുടങ്ങിയ താല്ക്കാലിക ബാച്ചുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ഉണ്ടായിരുന്നു. ഇത് ഈ വര്‍ഷവും തുടരും.
by Midhun HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിവിധ അഖിലേന്ത്യാ സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന 2023 സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 28ന് നടക്കും. 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ പരീക്ഷാര്‍ഥികള്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകള്‍. കേരളത്തില്‍ 79 കേന്ദ്രങ്ങളില്‍ 24,000 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളില്‍ പ്രവേശിക്കണം. ഉച്ചയ്ക്കുമുമ്പുള്ള സെഷനില്‍ 9.20നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്പും പരീക്ഷാ ഹാളില്‍ എത്തണം. ഹാള്‍ടിക്കറ്റില്‍ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ മാത്രമെ പരീക്ഷ എഴുതാന്‍ അനുവദിക്കൂ.
ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റിനൊപ്പം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും കൈയ്യില്‍ കരുതണം. ആവശ്യപ്പെടുമ്പോള്‍ ഇത് ഇന്‍വിജിലേറ്ററെ കാണിക്കണം. പരീക്ഷയ്ക്ക് എത്തുന്നവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കറുത്ത ബാള്‍പോയിന്റ് പേന കൊണ്ടാണ് ഉത്തരസൂചിക പൂരിപ്പിക്കേണ്ടത്. ബാഗുകള്‍, മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ഇലക്ട്രോണിക് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്, ഐടി ഉപകരണങ്ങള്‍ പരീക്ഷാഹാളില്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ആരെയും പുറത്തു പോകുവാന്‍ അനുവദിക്കില്ല. ഉദ്യോഗാര്‍ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ പരീക്ഷാകേന്ദ്രത്തില്‍ ശേഖരിക്കേണ്ടതിനാല്‍ നേരത്തെതന്നെ പരീക്ഷാകേന്ദ്രത്തില്‍ എത്തണം.
Recent Comments