by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക, അവരുടെയൊക്കെ നല്ല സമയമെന്നാണ് മന്ത്രിയുടെ പരിഹാസം.
സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതെ കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം. ‘ഇടനാഴിയില്‍ ഒരു കാലൊച്ച’ എന്ന തലക്കെട്ടോടെ ഒരു കടലാമയുടെ ചിത്രം പങ്കുവെച്ച് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചു.
ആമയും പശുവുമൊക്കെ ഉണ്ടാകും. കേന്ദ്രബജറ്റില്‍ മനുഷ്യര്‍ക്ക് ഒന്നും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. അവരുടെയൊക്കെ സമയം എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും മന്ത്രി വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് ബജറ്റ്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ അവഗണിച്ചു. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണം. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബജറ്റ് വന്‍കിട കമ്പനികളെ സഹായിക്കുന്നതാണ്. ബജറ്റില്‍ ദരിദ്രരെ പാടെ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
ബംഗളൂരു: ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കുന്നു. 9 പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാഗംങ്ങള്‍ക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടല്‍ സമ്മര്‍ദത്തിലാക്കിയെന്നുമാണ് വിവരം.
മരണത്തിന് പിന്നിലെ നിഗൂഢതകള്‍ ഒഴിവാക്കാന്‍ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സിജെ റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ഒരു ‘അറ്റകൈ പ്രയോഗത്തിന്’ മുതിരുകയാണെന്നും അതിന് എല്ലാവരും ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്നതോടൊപ്പം തന്നെ, തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും കുറിപ്പിലുണ്ട്.
വിവിധ വ്യക്തികള്‍ക്ക് നല്‍കാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങള്‍ റോയി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്റെ പിന്‍ഗാമികള്‍ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ദീര്‍ഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിര്‍ത്തരുതെന്ന് അദ്ദേഹം പറയുന്നു. അവര്‍ തന്റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരാണെന്നും, ഇവര്‍ തുടര്‍ന്നും സ്ഥാപനത്തിന്റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്.
പ്രത്യേക അന്വേഷണ സംഘം നിലവില്‍ കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചു. ഇതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തും. കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന സാമ്പത്തികവും ബിസിനസ് സംബന്ധവുമായ കാര്യങ്ങള്‍ ഒത്തുനോക്കാന്‍ ഇവരുടെ മൊഴികള്‍ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്നുതുടരുമ്പോള്‍ ബജറ്റിലെ പൊതുചര്‍ച്ചയാണ് പ്രധാന അജണ്ട. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലെത്തുന്നതും ഇന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് റോജി എം ജോണും ലീഗില്‍ നിന്നുളള യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ അംഗങ്ങള്‍. ഇവര്‍ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ യുഡിഎഫ് പാര്‍ലമെന്റ് യോഗം ചര്‍ച്ച ചെയ്യും.
ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തുമെന്ന സ്ഥിരീകരിച്ച വിവരമില്ല. ഇന്നുമുതല്‍ നാലുവരെയാണ് ബജറ്റില്‍ പൊതുചര്‍ച്ച. അഞ്ചിന് നടപ്പുസാമ്പത്തികവര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകള്‍ എന്നിവ അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ തുടങ്ങിയതിനാല്‍ എംഎല്‍എമാരുടെ ഹാജര്‍ കുറയും. സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എംവി ഗോവിന്ദനാണ് ജാഥ ക്യാപ്റ്റന്‍. ജാഥ കടന്നുപോകുന്ന വടക്കന്‍ ജില്ലകളിലെ എംഎല്‍എമാര്‍ മണ്ഡലങ്ങളിലാകുമെന്നതിനാല്‍ ഇവര്‍ സഭാ സമ്മേളനത്തിനെത്തില്ല.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും. കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐസിയു, കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പലതവണ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്നും സംഘടന കുറ്റപ്പെടുത്തുന്നു.
രോഗികള്‍ക്ക് ആനുപാതികമായ തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ് ഒന്നുമുതല്‍ ഡോക്ടര്‍മാര്‍ സമരരംഗത്തുള്ളത്. റിലേ ഒ.പി. ബഹിഷ്‌കരണം, അധ്യാപന ബഹിഷ്‌കരണം അടക്കം വിവിധ ഘട്ടങ്ങളില്‍ സമരങ്ങള്‍ നടത്തി. ആരോഗ്യമന്ത്രിയുമായി നവംബറില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജനുവരിയില്‍ ധനമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.


by Midhun HP News | Feb 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വർക്കല മാന്തറ ബീച്ചിൽ ഡ്യൂട്ടിക്കിടയിൽ ലൈഫ് ഗാർഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു വെമ്പായം സ്വദേശി ഗോകുലിനാണ് കടിയേറ്റത്. ഇയാൾക്ക് കാലിന് ഗുരുതരമായ പരിക്കേറ്റു
കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഗോകുലിന് നേരെ തെരുവുനായളുടെആക്രമണം ഉണ്ടായത്. മാന്തറ ബീച്ചിന് സമീപം വച്ചായിരുന്നു ആക്രമണം.
നിരവധി സഞ്ചാരികളാണ് മാന്തറ ബീച്ചിൽ എത്താറുള്ളത് പാപനാശം ബീച്ച് ഏണിക്കൽ ബീച്ച് മാന്ത്ര ബീച്ച് എന്നിവിടങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആണ് സഞ്ചാരികളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു
നിരവധിതവണ വർക്കല നഗരസഭയിൽ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ബീച്ചുകളിൽ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ ഭക്ഷണപദാർത്ഥങ്ങൾ കൊടുക്കുവാൻ ചില വിദേശികളും രംഗത്തുണ്ട്. ബീച്ചുകളില്‍ തമ്പടിക്കുന്ന തെരുവ് നായ്ക്കളെ കൂട്ടത്തോടെ മാറ്റിയില്ലെങ്കിൽ വിനോദസഞ്ചാര മേഖലയിൽ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിക്കുമെന്ന് നാട്ടുകാരും പറയുന്നു.
നഗരസഭ അധികാരികൾ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
by Midhun HP News | Jan 31, 2026 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇന്ത്യ. സിക്‌സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 271 റണ്‍സ്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്‌സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്‌കോര്‍ സ്വന്തമാക്കി.
ഗ്രീന്‍ഫീല്‍ഡിനെ കത്തിച്ച് ഇഷാന്‍ കിഷന്‍
ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന്‍ കിഷന്‍ ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍ അടിച്ചെടുത്തു. 42 പന്തില്‍ 103 റണ്‍സടിച്ചാണ് ഇഷാന്‍ സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി. 10 സിക്‌സും 6 ഫോറും സഹിതമാണ് കന്നി ശതകം. 43ാം പന്തില്‍ താരം പുറത്താകുകയും ചെയ്തു.
ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു.
അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന്‍ 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്‌സറിലേക്ക് പായിച്ചു.
സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 6 സിക്‌സും 4 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ട് പുറത്തായത്. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും വന്‍ ഹിറ്റിങ് മൂഡില്‍ തന്നെയായിരുന്നു. താരം 17 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സുമായി മടങ്ങി.
അവസാന പന്ത് സിക്‌സര്‍ തൂക്കി ശിവം ദുബെ ഇന്ത്യന്‍ സ്‌കോര്‍ 271ല്‍ എത്തിച്ചു. 2 പന്തില്‍ 7 റണ്‍സുമായി ദുബെയും 8 റണ്‍സുമായി റിങ്കു സിങും പുറത്താകാതെ നിന്നു.
നാട്ടിലും ഫോമിലെത്താതെ സഞ്ജു
സഞ്ജു സാംസണ്‍ ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം.
സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു.
ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റെടുത്തു. ജേക്കബ് ഡഫി, കെയ്ല്‍ ജാമിസന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Recent Comments