by Midhun HP News | Mar 12, 2026 | Latest News, ജില്ലാ വാർത്ത
തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ 2026 മാർച്ച് 13 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക്
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കും. പരിപാടി ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഓണക്കൂർ, ഡോ.എം ജി ശശിഭൂഷൻ, പ്രൊഫ. എ എം ഉണ്ണികൃഷ്ണൻ,
പ്രൊഫ പി ജി ഹരിദാസ്, ശ്രീജിത്ത് മൂത്തേടത്ത്, എം ശ്രീഹർഷൻ എന്നിവർ വിഷയാവതരണം നടത്തും.


by Midhun HP News | Mar 12, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കമ്പനിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം 2006 നുശേഷം കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ല. അതിനാല്‍ ഭരണസമിതിക്ക് തുടരാന്‍ യോഗ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ടശേഷമാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ജസ്റ്റിസ് ടി ആര്‍ രവിയുടെ ഉത്തരവ്.
നിയമപ്രകാരം വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ക്കും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. നാലുപേരെയും സ്ഥാനത്തു നിന്നും നീക്കിയതായും, പകരം പുതിയ ഡയറക്ടര്‍ബോര്‍ഡ് നിയമാനുസൃതം തെരഞ്ഞെടുപ്പ് നടത്തി രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്എന്‍ഡിപി യോഗത്തിന്റെ ഭരണചുമതല നടത്തുന്നതിനായി സര്‍ക്കാര്‍ ഡയറക്ടര്‍മാരെ നാമനിര്‍ദേശം ചെയ്യണം. അങ്ങനെ താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡ് എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകണം. അതോടൊപ്പം താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡ് നിയമാനുസൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശനെ മാറ്റി, എസ്എൻഡിപി യോഗത്തിന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കണമെന്നാണ് എംകെ സാനു അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുടെ ഏകാധിപത്യമാണ് സംഘടനയില്‍ നടക്കുന്നത്. കൃത്യമായ കണക്കുകള്‍ സംഘടനയെ ബോധിപ്പിക്കുന്നില്ല. എസ്എന്‍ഡിപിയോഗത്തില്‍ വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
by Midhun HP News | Mar 12, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ പവന് 680 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെയും താഴോട്ടുള്ള പാതയില്‍ തന്നെയാണ് സ്വര്‍ണവില. പവന് 360 രൂപ കുറഞ്ഞ് 1,19,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,18, 960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Mar 12, 2026 | Latest News, ജില്ലാ വാർത്ത
വെട്ടുകാട്: വഴിയോര കച്ചവടക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് മാധവപുരം മുതൽ ശംഖുമുഖം വരെയുള്ള പ്രദേശങ്ങളിലെ ഐ.എൻ.റ്റി.യു.സി. നേതൃത്വത്തിൽ ഉള്ള വഴിയോര കച്ചവടക്കാരുടെ യോഗം ആവശ്യപ്പെട്ടു. ദേശീയ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (ഐ.എൻ.റ്റി.യു.സി) യൂണിറ്റ് രൂപീകരണത്തിൻ്റെ ഭാഗമായി കൂടിയ യോഗത്തിൽ വെട്ടുകാട് മണ്ഡലം പ്രസിഡൻ്റ് പി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.
ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറി ആർ.എസ്. വിനോദ് മണി യോഗം ഉദ്ഘാടനം ചെയ്തു. മറ്റുഭാരവാഹികളായ ജ്യോതിലാൽ, ഹേമാ പത്രോസ്, ലെറ്റീഷ്യാ രാജൻ, സ്റ്റാൻസിലാസ്, അരുൺജിത്ത് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് എം.ഗണേശൻ, സെക്രട്ടറി ബേബി, ഖജാൻജി രഘു, വൈസ് പ്രസിഡൻ്റ് എസ്.കവിത, ജോയിൻ്റ് സെക്രട്ടറി ആർ.നവാസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കെ.സുരേന്ദ്രൻ, വീണ, ബിന്ദു, സുശീല, അമ്പിളി എന്നിവരേയും യോഗം തെരഞ്ഞെടുത്തു.


by Midhun HP News | Mar 12, 2026 | Latest News, ജില്ലാ വാർത്ത
ഡൽഹി: വീടുകളിലെ എൽപിജി ബുക്കിംഗിൽ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രസർക്കാർ. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ ഗ്യാസ് കിട്ടും, LPG ക്ഷാമം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി പെട്രോളിയം മന്ത്രാലയം അറിയിപ്പ്.നിലവിൽ LPG പ്രൊഡക്ഷൻ 25% കൂട്ടിയതായും രണ്ട് കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിലെത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.


by Midhun HP News | Mar 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ മുന്‍ എംഎല്‍എ കെ എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിപട്ടിക കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) പട്ടിക അംഗീകരിച്ചാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിക്കും എതിരെ ശബരിനാഥന്‍ മത്സരിക്കും.
ഇതുവരെ 31 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചിരിക്കുന്നത്. സിറ്റിങ് എംഎല്‍എമാരായ കെ ബാബു, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരൊഴികെ 20 സിറ്റിങ് എംഎല്‍എമാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവരണ സീറ്റുകളിലെയും ഏതാനും ജനറല്‍ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക അന്തിമമാക്കിയിട്ടുണ്ട്.
പെരുമ്പാവൂരിലെ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലേക്ക് മാറ്റാനും, പകരം പെരുമ്പാവൂര്‍ സീറ്റ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് നല്‍കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാല്‍ എല്‍ദോസ് ഈ നിര്‍ദേശം അംഗീകരിച്ചിട്ടില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
രാഷ്ട്രീയമായി പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരം സെന്‍ട്രല്‍ യുഡിഎഫ് സഖ്യകക്ഷിയായ സിഎംപിക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായി. സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്തിനായി രംഗത്തു വന്ന വി എസ് ശിവകുമാറിനെ അരുവിക്കര മണ്ഡലത്തിലാണ് പരിഗണിക്കുന്നത്.
കാട്ടാക്കടയില്‍ ഡിസിസി വൈസ് പ്രസിഡന്റ് എം ആര്‍ ബൈജുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പായി. വര്‍ക്കലയില്‍ ഡോ. എസ് എസ് ലാലിന്റെ പേരിനാണ് മുന്‍ഗണന. സിപിഐയുടെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ജി ആര്‍ അനിലിന് എതിരെ നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.
വാമനപുരത്ത് പാലോട് രവിയും സുധീര്‍ ഷാ പാലോടുമാണ് അന്തിമ പരിഗണനയിലുള്ളത്. കഴക്കൂട്ടത്ത് കെപിസിസി അംഗം ജെ എസ് അഖിലിന്റെ പേരിനാണ് മുന്‍ഗണന. കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദിന്റെ പേരും അവസാന നിമിഷം പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ ജ്യോതി കുമാര്‍ ചാമക്കാല പത്തനാപുരത്ത് നിന്ന് മത്സരിക്കും. കൊട്ടാരക്കരയില്‍ മുന്‍ സിപിഎം എംഎല്‍എ ഐഷ പോറ്റിയും സ്ഥാനാര്‍ത്ഥിയാകും. കൊല്ലം മണ്ഡലത്തില്‍, ഡിസിസി കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ബിന്ദു കൃഷ്ണയെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഐഷാപോറ്റിക്കും ബിന്ദുകൃഷ്ണയ്ക്കും ഒരേസമയം സീറ്റു നല്‍കുന്നതില്‍ ജില്ലയിലെ പാര്‍ട്ടിയ്ക്കകത്ത് അതൃപ്തിയുണ്ട്.
സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മന്ത്രി ജി സുധാകരനു വേണ്ടി അമ്പലപ്പുഴയില്‍ കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിനെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ലിജുവിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. സിറ്റിങ് എംഎല്‍എ കെ ബാബു ഇക്കാര്യത്തില്‍ മനസ്സ് തുറന്നിട്ടില്ലെങ്കിലും, ലിജുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കെ ബാബു അനുകൂലമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Recent Comments