കർണാടക ആര് ഭരിക്കും?; വോട്ടെണ്ണൽ നാളെ

കർണാടക ആര് ഭരിക്കും?; വോട്ടെണ്ണൽ നാളെ

ബാംഗ്ലൂർ: കോൺ​ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.

വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഏഴെണ്ണം കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്. നാലു ഫലങ്ങൾ കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നൽകി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതിൽ മൂന്നിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാൽ, ജെഡിഎസ്സിന്റെ നിലപാട് നിർണായകമാകും.

122 മുതൽ 140 സീറ്റുകൾ വരെ നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് ഇന്ത്യാ ടുഡേ- ആക്‌സിസ് സർവേ ഫലം വ്യക്തമാക്കുന്നത്. ടൈംസ് നൗ- ഇടിജി റിസർച് കോൺഗ്രസിന് 106 മുതൽ 120 സീറ്റുകൾ വരെയാണ് പ്രതീക്ഷിക്കുന്നത്. സുവർണ ന്യൂസ്- ജൻ കീ ബാത്, ന്യൂസ് നേഷൻ- സിജിഎസ് എന്നിവ മാത്രമാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിച്ചത്. 224 അംഗ നിയമസഭയിൽ 113 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

മോക്ക ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; വരുന്ന അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

മോക്ക ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; വരുന്ന അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയോടെ ഇത് തീരം തൊടും. ബംഗ്ലാദേശിനും മ്യാന്മാറിനും ഇടയിലാണ് ഇത് തീരത്ത് എത്തുക.

ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

വന്ദന കൊലക്കേസ്; അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്

വന്ദന കൊലക്കേസ്; അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്

കൊല്ലം: കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം കൊല്ലം റൂറൽ ക്രൈംബ്രാഞ്ചിന് വിട്ടു. ഇന്നലെ ചേർന്ന ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിലാണ് തീരുമാനം. കൊല്ലം റൂറൽ എസ്‌പി എം എൽ സുനിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എഫ്ഐആറിലെ വീഴ്ചകൾ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ആശുപത്രിയിൽ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും യോഗത്തിൽ വിലയിരുത്തി.

റിമാൻഡിലുള്ള പ്രതി സന്ദീപിനെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. പ്രതിയുടെ ശാരീരിക ആരോഗ്യാവസ്ഥകൾ പരി​ഗണിച്ചാകും കസ്റ്റഡിയിൽ എടുക്കുക.
അതേസമയം സന്ദീപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടോ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടോ യാതൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോൺ കോളുകൾ പൊലീസ് വിശദമായി പരിശോധിക്കും. അക്രമാസക്തനാകുന്നതിന് മുൻപ് സന്ദീപ് ഫോണിൽ ആരോക്കെയായി ബന്ധപ്പെടിരുന്നു എന്നതും പൊലീസ് പരിശോധിക്കും.

പാചക വാതക വിതരണ തൊഴിലാളി സമരം പിന്‍വലിച്ചു

പാചക വാതക വിതരണ തൊഴിലാളി സമരം പിന്‍വലിച്ചു

കൂലി വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പാചക വാതക തൊഴിലാളികള്‍ ഈ മാസം 14, 15 തീയതികളില്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ സൂചനാ പണിമുടക്ക് പിന്‍വലിച്ചു.

അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് നടന്ന തൊഴിലാളികളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കമ്പനി പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം.

തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനും തീരുമാനമായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ കരാര്‍ ട്രക്ക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

‘ഇമ്രാനെ ഉടൻ വിട്ടയക്കണം, അറസ്റ്റ് നിയമവിരുദ്ധം’- പാക് സുപ്രീം കോടതി

‘ഇമ്രാനെ ഉടൻ വിട്ടയക്കണം, അറസ്റ്റ് നിയമവിരുദ്ധം’- പാക് സുപ്രീം കോടതി

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാകിസ്ഥാൻ സുപ്രീം കോടതി. ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതിക്കുള്ളിൽ നിന്നു ആരെയും അറസ്റ്റ് ചെയ്യരുതെന്നും നീതിപീഠം വ്യക്തമാക്കി. മറ്റു പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നു കോടതി ഇമ്രാൻ ഖാന് നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് ഉമർ അത ബാൻഡിയലാണ് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ജസ്റ്റിസുമാരായ മുഹമ്മദ് അലി മഹസർ, അതർ മിനല്ലാഹ് എന്നിവരായിരുന്നു മറ്റം​ഗങ്ങൾ.

അറസ്റ്റ് ചെയ്ത ഇമ്രാൻ ഖാനെ ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇമ്രാൻ ഖാനെ നാളെ ഹാജരാക്കാമെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അറിയിച്ചു.

എന്നാൽ ചീഫ് ജസ്റ്റിസ് ഉമർ അത ബാൻഡിയൽ അംഗീകരിച്ചില്ല. ഒരു മണിക്കൂറിനകം ഇമ്രാനെ കോടതിയിൽ എത്തിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. അറസ്റ്റ് ചെയ്തതിനെതിരെ ഇമ്രാൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം.

ഇമ്രാനെ കോടതിയിലെത്തിക്കണമെന്ന നിർദേശത്തെ തുടർന്ന് കോടതിക്ക് പരിസരത്ത് വൻ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇമ്രാന്റെ അറസ്റ്റ് നിയമവിധേയമാണെന്ന ഇസ്ലാമബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഇമ്രാന്റെ അറസ്റ്റിനെത്തുടർന്ന് രാജ്യ വ്യാപകമായി വൻ സംഘർഷമാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ പാക് തലസ്ഥാനത്ത് ഉൾപ്പടെ വൻതോതിൽ സൈനികരെ വിന്യസിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ലാഹോറില വസതിക്ക് നേരെ ഇമ്രാൻ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടു.

ഇമ്രാൻ ഖാനെ ബുധനാഴ്ച അഴിമതിവിരുദ്ധ കോടതി എട്ടു ദിവസത്തേക്ക് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. പാകിസ്ഥാനിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി മേഖലയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. അതിർത്തികളിൽ ബിഎസ്എഫ് അതീവജാഗ്രതാ നിർദേശം നൽകി.

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

2024-25 ഓടെ കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കരവാരം, നഗരൂര്‍, പുളിമാത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ കുടിവെള്ളം എത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരൂര്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഒ. എസ് അംബിക എം. എല്‍. എ അധ്യക്ഷത വഹിച്ചു.

നഗരൂര്‍, പുളിമാത്ത്, കരവാരം പഞ്ചായത്തുകളിലെ കുടിവെളള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിനുവേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് നഗരൂര്‍, പുളിമാത്ത്, കരവാരം സമഗ്ര കുടിവെളള പദ്ധതി. പദ്ധതിയുടെ ഒന്നാം ഘട്ട നടത്തിപ്പിനായി 81. 81 കോടി രൂപ കിഫ്ബിയും, രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായി 89. 17 കോടി രൂപ ജലജീവന്‍ മിഷനും നല്‍കും.

ഒന്നും രണ്ടും ഘട്ട പ്രവൃത്തികളിലായി വാമനപുരം നദിയില്‍ കിണര്‍, റാ വാട്ടര്‍ പമ്പിംഗ് മെയിന്‍, 18 എം.എല്‍.ഡി. ശേഷിയുളള ആധുനിക ജലശുദ്ധീകരണശാല, ഭൂതല, ഉപരിതല ജലസംഭരണികള്‍, ഇതിനെ ബന്ധിപ്പിക്കുന്ന പ്രധാന ജലവാഹിനിക്കുഴലുകള്‍, 430 കിലോമീറ്റര്‍ ജലവിതരണശൃംഖല എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ 15,438 കുടിവെളള കണക്ഷനുകള്‍ നല്‍കുന്ന പ്രവൃത്തികളും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളി, വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍, നഗരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബുലാല്‍, കേരള ജല അതോറിറ്റി ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.