സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ. ബാബുരാജ് അന്തരിച്ചു

സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ. ബാബുരാജ് അന്തരിച്ചു

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ബാബുരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു. സംസ്‌കാരം നാളെ.
കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

കെട്ടിട നിര്‍മാണം: ഏപ്രില്‍ 9 വരെ അപേക്ഷ നല്‍കിയവര്‍ക്ക് പഴയ ഫീസ്; ഉത്തരവ് ഇറങ്ങി

കെട്ടിട നിര്‍മാണം: ഏപ്രില്‍ 9 വരെ അപേക്ഷ നല്‍കിയവര്‍ക്ക് പഴയ ഫീസ്; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: ഏപ്രില്‍ 9 വരെ കെട്ടിട നിര്‍മാണത്തിനായി ഓണ്‍ലൈനായും ഓഫ്‌ലൈനായും സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ പെര്‍മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള നടപടി.

ഏപ്രില്‍ 10 മുതലുള്ള അപേക്ഷകള്‍ക്ക് പുതുക്കിയ നിരക്കാകും ബാധകമാവുക. വാര്‍ഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാല്‍ പല ഓഫീസുകളിലും മാര്‍ച്ച് മാസത്തില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നത് ഏപ്രില്‍ ആദ്യത്തേക്ക് നീണ്ടിരുന്നു. ഇക്കാര്യങ്ങള്‍ നിരവധി പേര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പ്രശ്‌നപരിഹാരത്തിന് മന്ത്രി നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മ്മിറ്റുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പെര്‍മിറ്റ് ഫീസ് പുതുക്കിയത് ഏപ്രില്‍ 10നായിരുന്നു. എന്നാല്‍ ഏപ്രില്‍ 10ന് മുന്‍പ് ലഭിച്ച അപേക്ഷകളില്‍ പെര്‍മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/ സ്‌ക്രൂട്ട്‌നി ഫീസ്/ ക്രമവല്‍കരണ ഫീസ് എന്നിവ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാവുകയെന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം; ​ഗുരുവായൂരപ്പനെ തൊഴുത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം; ​ഗുരുവായൂരപ്പനെ തൊഴുത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തൃശൂർ: ​ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തി കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെ വൈകിട്ടാണ് ​ഗവർണർ ക്ഷേത്രത്തിൽ എത്തിയത്. പുറത്തുനിന്ന് ​ഗുരുവായൂരപ്പനെ തൊഴുത ആരിഫ് ഖാൻ തുലാഭാരവും നടത്തി. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്.

കദളിപ്പഴത്തിലാണ് ​ഗവർണർ തുലാഭാരം നടത്തിയത്. നാലരയോടെ ക്ഷേത്രത്തിൽ എത്തിയ ​ഗവർണർ ഗോപുര കവാടത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. കൈകൂപ്പി ഏതാനും മിനിട്ടുകൾ ഗോപുര കാവടത്തിൽ നിന്ന ഗവർണർ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴമാണ് തുലാഭാരത്തിനു വേണ്ടി വന്നത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗുരുവായൂരപ്പന്‍റെ പ്രസാദ കിറ്റ് ഗവർണർക്ക് നൽകി.

‘വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം’ എന്നായിരുന്നു ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും ഗവർണർ സമയം കണ്ടെത്തി. ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവർണറുടെ മടക്കം.

ബാംഗ്ലൂരിനെ തോൽപ്പിച്ച് ഡൽഹി; ജയം ഏഴ് വിക്കറ്റിന്

ബാംഗ്ലൂരിനെ തോൽപ്പിച്ച് ഡൽഹി; ജയം ഏഴ് വിക്കറ്റിന്

ന്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. ആർസിബി ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം ഡൽഹി 16.4 ഓവറിൽ മറികടന്നു. 45 പന്തുകൾ നേരിട്ട് എട്ട് ഫോറും ആറ് സിക്‌സും പറത്തി 87 റൺസെടുത്ത ഫിലിപ്പ് സാൾട്ടിന്റെ ഇന്നിങ്‌സാണ് ഡൽഹിയുടെ ജയ‌ത്തിൽ നിർണായകമായത്.

‌ക്യാപ്റ്റൻ ഡേവിഡ് വാർണർക്കൊപ്പം സാൾട്ട് ഓപ്പണിങ് വിക്കറ്റിൽ 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മിച്ചൽ മാർഷിനൊപ്പം രണ്ടാം വിക്കറ്റിൽ 59 റൺസും സ്കോർബോർഡിൽ ചേർത്തു. റൈലി റൂസ്സോവിനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 52 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഡൽഹിക്ക് അനായാസ ജയമൊരുക്കുകയായിരുന്നു. സീസണിൽ ഡൽഹിയുടെ നാലാമത്തെ മാത്രം ജയമാണിത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തിരുന്നു. വിരാട് കോഹ്‍ലി, നായകൻ ഫാഫ് ഡുപ്ലെസി, മഹിപാൽ ലോംറോർ എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ സമ്മാനിച്ചത്. പുറത്താകാതെ നിന്ന ലോംറോർ 29 പന്തിൽ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 54 റൺസ് നേടി. കോഹ്‍ലി 46 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 55 റൺസെടുത്തു. ഡുപ്ലെസി ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റൺസ് നേടി.

നീറ്റ് പരീക്ഷ ഇന്ന്; ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തുടങ്ങും, 1.30ക്ക് ശേഷം ഹാളിൽ പ്രവേശിപ്പിക്കില്ല

നീറ്റ് പരീക്ഷ ഇന്ന്; ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തുടങ്ങും, 1.30ക്ക് ശേഷം ഹാളിൽ പ്രവേശിപ്പിക്കില്ല

തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.20 വരെയാണ് പരീക്ഷാസമയം. രാജ്യത്തെ 499 നഗരങ്ങളിലായി 20,87,449 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്തിനു പുറത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.

സംസ്ഥാനത്തുനിന്ന് 1.28 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർഥികൾക്കായി കെഎസ്ആർടിസി ഷെഡ്യൂൾ സർവീസുകൾക്കു പുറമേ അഡീഷണൽ സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെഎസ്ആർടിസി സർവ്വീസുകൾ ക്രമീകരിക്കും. ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂർ, വയനാട് ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാർഥികളുടെ സൗകര്യാർത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സർവീസുകൾ ലഭ്യമാക്കും.

പരീക്ഷാകേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂ. സുതാര്യമായ വാട്ടർ ബോട്ടിൽ, മാസ്ക്, ഹാൻഡ് സാനിറ്റൈസർ, മരുന്നുകൾ എന്നിവ പരീക്ഷാഹാളിൽ കൊണ്ടുപോവാം. പരീക്ഷാകേന്ദ്രത്തിൽനിന്ന്‌ നൽകുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങൾ രേഖപ്പെടുത്താവൂ. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്ക് ശേഷം ആരെയും ഹാളിൽ പ്രവേശിപ്പിക്കില്ല. 1.15 മുതൽ പരീക്ഷാഹാളിൽ പ്രവേശിക്കാം. 1.30 മുതൽ 1.45 വരെ പരീക്ഷയ്ക്കുള്ള നിർദേശങ്ങൾ നൽകുകയും അഡ്മിറ്റ് കാർഡ് പരിശോധന നടത്തുകയും ചെയ്യും. 1.45ന് ടെസ്റ്റ് ബുക്ക്ലെറ്റ് വിതരണം ചെയ്യും. രണ്ട് മണിക്ക് പരീക്ഷ തുടങ്ങും. മൂന്നുമണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ ഹാൾ വിട്ടുപോകാൻ അനുവദിക്കൂ.‌‍

ഇൻസ്ട്രുമെൻറ് ബോക്സ്, പെൻസിൽ ബോക്സ്, പേപ്പർ തുണ്ടുകൾ, ഹാൻഡ് ബാഗ് മുതലായവയൊന്നും പരീക്ഷാ​ഹാളിലേക്ക് കൊണ്ടുപോകരുത്. ആഹാരപദാർഥങ്ങൾ, വാട്ടർ ബോട്ടിൽ, മൊബൈൽ ഫോൺ, ഇയർഫോൺ, കാൽക്കുലേറ്ററുള്ള ഇലക്‌ട്രോണിക് തുടങ്ങിയവയും പ്രവേശിപ്പിക്കില്ല. വാട്ടർ ബോട്ടിൽ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സുതാര്യമായ വെള്ളക്കുപ്പി കൈവശം കരുതാമെന്ന് അഡ്മിറ്റ് കാർഡിന്റെ 5–ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. ഷൂസ് ധരിച്ച പരീക്ഷാഹാളിൽ പ്രവേശിക്കാൻ പാടില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽസ് എന്നിവ ഉപയോ​ഗിക്കാം. സ്ലീവ്സ് ആയിട്ടുള്ള നേർത്ത വസ്ത്രങ്ങളും അനുവദിക്കില്ല. വിശ്വാസകാരണങ്ങളാൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്ക്കായി പരീക്ഷ തുടങ്ങുന്നതിന് രണ്ടുമണിക്കൂർമുമ്പ് എത്തണം.

മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു; ചെലവ് 2.11 കോടി

മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു; ചെലവ് 2.11 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു. 2.11 കോടി രൂപ ചെലവാക്കിയാണ് നവീകരണം നടക്കുക. നവീകരണത്തിനുള്ള തുക അനുവദിച്ച് ഈ മാസം ഒന്നിന് പൊതുഭരണ അഡിഷണൽ ചീഫ്സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി.
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും. പൊതുമരാമത്ത് വകുപ്പാണ് നവീകരണപ്രവർത്തികൾ നടത്തേണ്ടത്.

ഓഫീസും ചേം‌ബറും നവീകരിക്കാൻ 60,46,000 രൂപയും കോൺഫറൻസ് ഹാൾ നവീകരിക്കാൻ 1,50,80,000 രൂപയുമാണ് അനുവദിച്ചത്. ഓഫീസ്, ചേം‌ബർ ഇന്റീരിയർ വർക്കിന് മാത്രം 12.18ലക്ഷമാണ് ചെലവ്. ഫർണിച്ചറിന് 17.42ലക്ഷം, മുഖ്യമന്ത്രിയുടെ നെയിംബോർഡ്, എംബ്ലം, ഫ്ലാഗ് പോൾസ് 1.56ലക്ഷം, ടോയ്‌ലറ്റ്, റസ്റ്റ് റൂം 1.72ലക്ഷം, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോർ 1.85ലക്ഷം, സോഫ ഉൾപ്പെടെ സിവിൽ വർക്ക് 6.55 ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 4.70ലക്ഷം, എ.സി 11.55 ലക്ഷം, ഫയർഫൈറ്റിംഗ് 1.26ലക്ഷം എന്നിങ്ങനെയാണ് തുക. കോൺഫറൻസ് ഹാളിന്റെ ഇന്റീരിയർ 18.39 ലക്ഷം, ഫർണിച്ചർ 17.42 ലക്ഷം, നെയിംബോർഡ്, എംബ്ലം 1.51ലക്ഷം, ടോയ്‌ലറ്റ് 1.39 ലക്ഷം, പ്ലംബിംഗ് 1.03 ലക്ഷം, കിച്ചൺ ഉപകരണങ്ങൾ 74,000, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോറുകൾ 1.85 ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 6.77 ലക്ഷം, ഫയർ ഫൈറ്റിംഗ് 1.31 ലക്ഷം, എ.സി 13.72 ലക്ഷം, ഇലക്ട്രോണിക് വർക്ക് 79 ലക്ഷം.