അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക്; നിരീക്ഷിച്ച് വനംവകുപ്പ്

അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക്; നിരീക്ഷിച്ച് വനംവകുപ്പ്

വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പൻ കാട്ടാന തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക് നീങ്ങി. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട പ്രദേശത്ത് നിന്ന് അരിക്കൊമ്പൻ നിലവിൽ ഏഴ് കിലോ മീറ്റർ അകലെയാണ്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സി​ഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

മയക്കത്തിൽ നിന്ന് വിട്ടുവന്ന അരിക്കൊമ്പന്റെ ആരോ​ഗ്യനില പൂർണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ശനിയാഴ്ച അർധരാത്രിയോടെ കുമളിയിലെത്തിച്ച ആനയെ ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് വനത്തിലേക്ക് വിട്ടത്. ദേഹത്ത് കണ്ടെത്തിയ നിസാര പരിക്കുകൾ ഒഴിച്ചു നിർത്തിയാൽ ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

ആന സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തും വരെ നിരക്ഷണം തുടരുകയാണ് ഉദ്യോ​ഗസ്ഥർ. പതിമൂന്ന് മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പൻ സുരക്ഷിത കേന്ദ്രത്തിലെത്തിയത്.

ഹോണ്ട ആക്റ്റീവ മോഷണം പോയി

KL 22 G 2173 ഹോണ്ട ആക്റ്റീവ (ബ്ലാക്ക് കളർ) മോഷണം പോയി. കണ്ടു കിട്ടുന്നവർ ദയവായി ഈ നമ്പരിന്റെ അറിയിക്കുക. 8921884223, 9656045254, 9447270813
ചെമ്പക മംഗലം,കോരാണി പി തിരുവനന്തപുരം

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; നടപടി ലോൺ ആപ്പുകൾക്കെതിരെ

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; നടപടി ലോൺ ആപ്പുകൾക്കെതിരെ

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് ഗൂഗിൾ കണ്ടെത്തി.

പേഴ്‌സണൽ ലോൺ ആപ്പുകൾക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെൻസിറ്റീവ് ഡേറ്റകൾ പ്രാപ്യമല്ലാതാക്കാൻ ഗൂഗിൾ തങ്ങളുടെ ലോൺ പോളിസി പുതുക്കിയിട്ടുണ്ട്. വ്യാജ ലോൺ ആപ്പുകളിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബർ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി. നിരവധി പേരിൽ നിന്നായി തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്‌റ്റോകറൻസിയാക്കി മാറ്റി വിദേശത്ത് കടത്തുകയാണ് തട്ടിപ്പുകാർ ചെയ്തത്.

2021 നും മാർച്ച് 31, 2023 നും മധ്യേ മുംബൈ പൊലീസ് 176 വ്യാജ ലോൺ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിലായി 70 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇത്തരം തട്ടിപ്പുകൾ നേരിടാൻ പേഴ്‌സണൽ ലോൺ ആപ്പുകൾക്ക് പുതിയ ലൈസൻസ് മാനദണ്ഡങ്ങൾ നിഷ്‌കർശിച്ചിരിക്കുകയാണ് ഗൂഗിൾ.

‘ദി കേരള സ്റ്റോറിക്ക്’ സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി

ഡൽഹി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ദി കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒപ്പം ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച ഭാഗങ്ങള്‍ ഇങ്ങനെയാണ്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന് പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.

മേയ്ദിനത്തിൽ ആറ്റിങ്ങലിൽ വമ്പിച്ച തൊഴിലാളി റാലി

മേയ്ദിനത്തിൽ ആറ്റിങ്ങലിൽ വമ്പിച്ച തൊഴിലാളി റാലി

ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങലിൽ സിഐറ്റിയു വമ്പിച്ച തൊഴിലാളിറാലി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കെ എസ് ആർ റ്റി സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കച്ചേരി നടയിൽ സമാപിച്ചു. തുടർന്നുള്ള പൊതുയോഗം സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് എം.മുരളി അദ്ധ്യക്ഷത വഹിച്ചു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ്സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സിഐറ്റിയു നേതാക്കളായ സി.പയസ്, ജി.വേണുഗോപാലൻ നായർ, പി മണികണ്ഠൻ, ജി.വ്യാസൻ, എസ്.ചന്ദ്രൻ, എം.ബി.ദിനേശ്, ബി.രാജീവ്, സി.ചന്ദ്രബോസ്, ആർ.എസ്.അരുൺ, എസ്.രാജശേഖരൻ, ആർ.പി.അജി, എം.ചന്ദ്രബാബു, ബി.എൻ.സൈജുരാജ്, ബി.സതീശൻ സിന്ധു പ്രകാശ്, ശ്രീലത പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

റാലിയ്ക്ക് എസ്.ജോയി, ആർ.കെ.ബാബു, എസ്.അനിൽകുമാർ, എ.അൻഫാർ ,എസ്. സാബു, കാരവിള പ്രകാശ്, ജി.സന്തോഷ് കുമാർ, കെ.ശിവദാസൻ, ഹീസമോൻ, എസ്.ആർ.ജ്യോതി, ലിജാബോസ്, ലില്ലി, കെ.അനിരുദ്ധൻ, എ.ആർ.റസൽ, എസ്.സുനിൽകുമാർ, ഗായത്രി ദേവീ, ആർ.അനിത, എസ്.ജി.ദിലീപ് കുമാർ, റ്റി.ബിജു, ശിവൻ ആറ്റിങ്ങൽ, ലോറൻസ്, അജി പളളിയറ, വിവേക്, തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 116 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ആറ്റിങ്ങലിൽ നടന്ന വാഹനറാലിയും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സിഐറ്റിയു നൽകിയ ഉച്ചഭക്ഷണവും സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്. ലെനിൻ, ആർ.രാജു, സി.ദേവരാജൻ എന്നിവരും പങ്കെടുത്തു.

കടയ്ക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു

കടയ്ക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു

കൊല്ലം: കടയ്ക്കലിൽ നാല് പേർക്ക് ഇടിമിന്നലേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. സാരമായി പരിക്കേറ്റ അക്ഷയ, ലിജി, ആദിത്യ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലക്ഷ്മികുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാല് പേർക്കും പരിക്കേറ്റത്.