ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഫ്‌ളാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ ചിദംബരം എസ്. പൊതുവാളിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്.

2022 ല്‍ എളംകുളത്തെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

പരാതി സംവിധായകന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്. ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ചിദംബരം, പരാതിക്കാരിയോട് തീര്‍ത്തും പ്രൊഫഷണല്‍ ബന്ധമേ പുലര്‍ത്തിയിട്ടുള്ളൂ എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചിദംബരം കോടതിയെ അറിയിച്ചിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സ്, ജാനേമന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ചിദംബരം.

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ

ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാമിഷന്റെയും ജില്ലാ സാക്ഷരതാ മിഷൻ തിരുവനന്തപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ തുല്യതാപഠന കേന്ദ്രത്തിൽ വച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം.പ്രദീപ് വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു.

സാക്ഷരതാ മിഷനിലൂടെ +2 പഠിച്ച് റാങ്ക് ജേതാവാകുകയും ഡിഗ്രി പഠനശേഷം
എൽ എൽ ബിക്ക് പഠിക്കുന്ന 68 വയസ് പ്രായമുള്ള അനിതകുമാരിയെയും സാക്ഷരതാ മിഷൻ ഏഴാം തരം, പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാപരീക്ഷകൾ പാസായി, ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്ന 61 വയസ് പ്രായമുള്ള ശോഭനയെയും ആദരിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിനു, വനിതാദിന സന്ദേശവും ജില്ലാ സാക്ഷരതാ മിഷൻ കോ ഓഡിനേറ്റർ ഇ വി അനിൽ മുഖ്യപ്രഭാഷണവും നടത്തി. സുജ കെ.എസ്, സൂര്യ. എസ് എൽ, സൻസ, സെൻറർ കോ-ഓഡിനേറ്റർമാരായ മിനിരേഖ. ജി ആർ, ബിന്ദു. കെ ആർ തുടങ്ങിയവർ സംസാരിച്ചു.

‘സൗദിയിലുള്ളവര്‍ മടങ്ങണം’, പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക

‘സൗദിയിലുള്ളവര്‍ മടങ്ങണം’, പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക. സൗദി അറേബ്യയിലുള്ള അവശ്യ സേവനമേഖലയ്ക്ക് പുറത്തുള്ള ജീവനക്കാരും, കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. സുരക്ഷാ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇസ്രേയേല്‍ – യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തിരിച്ചടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിക്ക് നേരെ ഇറാന്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ പൗരന്‍മാരെ തിരിച്ചുവിളിച്ചിരിക്കുന്നത്. ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് മേഖലയിലെ തങ്ങളുടെ പൗരന്‍മാര്‍ക്കായി ഇത്തരം ഒരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

വിമൺ’സ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ ‘പിങ്ക് റിബൺ ഡ്രൈവ്’ സംഘടിപ്പിച്ചു

വിമൺ’സ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ ‘പിങ്ക് റിബൺ ഡ്രൈവ്’ സംഘടിപ്പിച്ചു

ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൺ’സ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ച് ഹോട്ടൽ സാവിത്രിയിൽ ‘പിങ്ക് റിബൺ ഡ്രൈവ്’ എന്ന പരിപാടി സംഘടിപ്പിച്ചു.

ഡബ്ലിയു ഡി സി പ്രതിനിധികളായ ഡോക്ടർ പ്രിയ ലക്ഷ്മി, ഡോ.ഷെറിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐ ഡി എ ആറ്റിങ്ങൽ പ്രസിഡന്റ് ഡോക്ടർ രാഖി രാകേഷ്, ഐ ഡി എ ആറ്റിങ്ങൽ മുൻ പ്രസിഡന്റ് ഡോക്ടർ ദീപ തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ആയ ഡോ. അനില ട്രീസ ആലുക്കൽ, സ്‌തനാർബുദത്തെ കുറിച്ച് അവബോധ ക്ലാസ് നടത്തി.

കൂടാതെ പരിപാടിയിൽ വിമൺ’സ് ദന്തൽ കൗൺസിൽ, സ്ത്രീശക്തി അവാർഡ് ഐ ഡി എ മെമ്പറായ ഡോക്ടർ അദീനയ്ക്ക് നൽകി ആദരിക്കുകയും ചെയ്തു. ക്ലാസിനോടനുബന്ധിച്ച് സ്‌തനാർബുദ പരിശോധനയും നടത്തി.

ആദരവ് നൽകി

ആദരവ് നൽകി

രാജ്യാനന്തരവനിതാ ദിനത്തിനോട് അനുബന്ധിച്ചു ചെമ്പകത്തിൻമൂട് ചാതുര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പിൽ വച്ച് കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്ത ക്ലബ്ബിന്റെ വനിതാ വിഭാഗം ഭാരവാഹി കൂടിയായ എസ്‌. ജലജാഭായിയെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർഴ്സൺ എം ഹസീന ചെമ്പകത്തിൻമൂട് ‘യുവധാര’ യിൽ വച്ച് ആദരിച്ചു.

പള്ളിയറ കാളിയൂട്ടിന് തുടക്കമായി

പള്ളിയറ കാളിയൂട്ടിന് തുടക്കമായി

ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി. വെള്ളിയാഴ്ച രാത്രി 8-ന് ഉച്ചബലിക്രിയകളോടെ കാളീനാടകത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വെളുപ്പിന് 4-ന് കലശം കെട്ടും മുടിയെടുപ്പും നടന്നു. രാത്രി 8-ന്. വെള്ളാട്ടംകളിയും കുരുത്തോലത്തുള്ളലും. എട്ടിന് രാത്രി 8-ന് നാരദൻ പുറപ്പാട്. ഒൻപതിന് രാത്രി 8-ന് നായർപുറപ്പാട്. 10-ന് രാത്രി 8-ന് ഐരാണിപ്പറ പുറപ്പാട്. 11-ന് രാത്രി 8-ന് കണിയാരുപുറപ്പാടും വേലൻ പുറപ്പാടും. 12-ന് രാത്രി 8-ന് പുലയർ പുറപ്പാട്, മുക്കണ്ണൻ പുറപ്പാട്, കള്ളുകുടിയൻ പുറപ്പാട്, പാണ്ഡുബ്രാഹ്മണൻ പുറപ്പാട്, വെളുപ്പിന് 4-ന് വള്ളി-സുബ്രഹ്മണ്യ പരിണയം, കുറത്തിമാലവയ്പ്. 13-ന് വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും പറണേറ്റും നടക്കും.

മൂന്നുവർഷത്തിലൊരിക്കലാണ് പള്ളിയറയിൽ കാളിയൂട്ട് നടത്തുന്നത്. കൊയ്തൊഴിഞ്ഞ പാടശേഖരത്തിനു നടുവിൽ തീർക്കുന്ന കൂറ്റൻ പറണുകളാണ് പള്ളിയറക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ആകർഷകങ്ങളിലൊന്ന്. നിലത്തിൽപ്പോരിന് കാളിക്കൊപ്പം സേവകരായ കൂളികളും അരങ്ങത്തെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നു ധാരാളമാളുകൾ ഇവിടെ കാളിയൂട്ട് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തും.

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് പള്ളിയറ കാളിയൂട്ട്. തിന്മയുടെമേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കുന്ന കാളിയൂട്ടിന് ഒരു ഗ്രാമം അര ങ്ങായി മാറുന്ന സവിശേഷക്കാഴ്ചയാണ് പള്ളിയറയിലേത്. ക്ഷേത്രത്തിനു സമീപത്തായി പ്രത്യേകം തയ്യാറാക്കിയ തുള്ളൽപ്പുരയിലാണ് കാളിയൂട്ട് ചടങ്ങുകൾ നടത്തുന്നത്.