റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഇടിവ്; പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഇടിവ്; പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡ് നേട്ടത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,25,120 രൂപയാണ്. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,640 രൂപ.

ഇന്നലെ പുതിയ റെക്കോര്‍ഡ് കുറിച്ച് പവന്‍ വില 1,31,160 രൂപയില്‍ എത്തിയെങ്കിലും വൈകുന്നേരത്തോടെ വിലയില്‍ ഇടിവുണ്ടായിരുന്നു. 1,30,360 രൂപയില്‍ എത്തിയ വിലയില്‍ ഇന്ന് രാവിലെയോടെ വന്‍ഇടിവാണുണ്ടായത്. വിപണിയിലെ സൂചനകള്‍ അനുസരിച്ച് വില ഉടന്‍ ഒന്നേ കാല്‍ ലക്ഷം തൊടുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് കണക്കുകൂട്ടലുകള്‍ കടന്ന് ഒരു ലക്ഷത്തി മുപ്പതിനായിരത്തിനും മുകളില്‍ പോയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന

തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങള്‍ തുടങ്ങിയവ വീണ്ടും പരിശോധന നടത്തും. സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി സൂചിപ്പിച്ചു. സന്നിധാനത്തെ പാളികളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് വിഎസ് എസ് സിയില്‍ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയില്‍ നിന്നും വീണ്ടും അനുമതി തേടും.

ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുണ്ടായതായി വിഎസ്എസ് സി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് പരിശോധന. ദ്വാരപാലക പാളിയില്‍ 394.6 ഗ്രാം സ്വര്‍ണ്ണവും, കട്ടിള പാളികളില്‍ 409 ഗ്രാം സ്വര്‍ണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. അതേസമയം എത്ര സ്വര്‍ണ്ണം പാളികളില്‍ ഉണ്ട് എന്നതില്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഇല്ല. ഇതിനാലാണ് സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി പറയുന്നത്. ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ് സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്നും കവര്‍ന്നത് ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വര്‍ണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു

കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. സ്റ്റേഷനുളളിലെ മുറിയില്‍ ഇരിക്കുമ്പോള്‍ തുറന്നുകിടന്നിരുന്ന ജനലിലൂടെ അകത്ത് കടന്ന പാമ്പാണ് കടിച്ചത്. രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വർക്കലയിൽ എം ഡി എം എയുമായി യുവാവ് ഡാൻസ് സാഫ് ടീമിൻറെ പിടിയിൽ

വർക്കലയിൽ എം ഡി എം എയുമായി യുവാവ് ഡാൻസ് സാഫ് ടീമിൻറെ പിടിയിൽ

വർക്കല പനയറ തച്ചോട് സ്വദേശിയായ നിതിൻ ദാസിനെയാണ് (20) 6 ഗ്രാം MDMAമായി പനയറ കോവൂർ വായനശാലയ്ക്ക് മുന്നിൽ വച്ച് ഡാൻസ് സാഫ് സംഘം പിടികൂടിയത്. വർക്കല പനയറ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിക്കുന്നതിനിടയിലാണ് പിടികൂടിയത്. മോട്ടോർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്ത് അയിരൂർ പോലീസിന് കൈമാറി. നിതിൻ ഡാൻസ് സാഫ്ൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു

പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: ഇന്ത്യൻ ഒളിംപക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സായിരുന്നു.പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബഡി താരമായ ശ്രീനിവാസൻ സിഐഎസ്എഫിൽ ഇൻസ്പെക്ടർ ആയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്ന് ജയറാം എസ്‌ഐടിയോട് പറഞ്ഞു. പോറ്റിയെ വിശ്വാസമായിരുന്നു. നിരവധി തവണ പൂജകള്‍ക്കായി പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയെന്നാണ് സൂചന.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. താനൊരു കടുത്ത അയ്യപ്പ ഭക്തനാണ്. എല്ലാവര്‍ഷവും ശബരിമലയില്‍ പോകാറുണ്ട്. അവിടെ വെച്ചാണ് പോറ്റിയെ പരിചയപ്പെടുന്നതെന്ന് ജയറാം മൊഴി നല്‍കി. ശബരിമലയിലെ പാളികള്‍ ജയറാമിന്റെ വീട്ടില്‍ വെച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഈ ചിത്രങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ജയറാം നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

വീട്ടില്‍ നടതിനു പുറമേ, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് നടത്തിയ പൂജയിലും പോറ്റി ക്ഷണിച്ചത് അനുസരിച്ച് പോയിരുന്നു. കൂടാതെ കോട്ടയം ഇളപ്പള്ളി ക്ഷേത്രത്തില്‍ പാളികളെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നു. ഈ പൂജാ വിശ്വാസത്തിന് അപ്പുറം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മറ്റൊരു ബന്ധവുമില്ലെന്ന് ജയറാം എസ്‌ഐടിയോട് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി അറിയില്ല. പോറ്റിയുമായി ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും ജയറാം മൊഴി നല്‍കിയതായാണ് വിവരം.