by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ദേവികുളം മുൻ എംഎൽഎ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. എ രാജ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. പക്ഷേ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനും അവകാശം ഉണ്ടായിരിക്കില്ല. കേസ് ഇനി ജൂലൈയിൽ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്.
വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. അതേസമയം, സ്റ്റേ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും എന്ന രാജയുടെ വാദം അംഗീകരിച്ചാണ് കോടതി ഇളവ് നല്‍കിയത്. രാജ ക്രിസ്തുമതം പിന്തുടരുന്നില്ല എന്ന് എങ്ങനെ തെളിയിക്കുമെന്നും കോടതി ചോദിച്ചു. കഴിഞ്ഞ മാസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.
പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചാണ് രാജയ്ക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞത്. ദേവികുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ രാജയുടെ വിജയം ഹൈക്കോടതി അസാധുവാക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്.
by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ മെയ് 20 ന് രാവിലെ പത്ത് മുതല്‍ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയും. സമരത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ അഴിമതിയും നികുതിക്കൊള്ളയും അക്രമവും സംബന്ധിച്ച ജനകീയ കുറ്റപത്രം സമര്‍പ്പിക്കും. രണ്ട് വര്‍ഷങ്ങളായി യു.ഡി.എഫ് നടത്തിയ സമരങ്ങളുടെ ക്രോഡീകരണമാകും സെക്രട്ടേറിയറ്റ് വളയല്‍ സമരം.
സമരത്തില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നേതൃ കണ്‍വെന്‍ഷനുകള്‍ ചേരും. മെയ് മൂന്നിന് രാവിലെ പത്തിന് തിരുവനന്തപുരത്തും മെയ് എട്ടിന് രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളത്തും മെയ് 12 ന് രാവിലെ പത്തിന് കൊല്ലത്തും ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ടയിലേത് തിരുവല്ലയിലും അഞ്ച് മണിക്ക് കോട്ടയത്തും നേതൃകണ്‍വെന്‍ഷനുകള്‍ വിളിക്കും. ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ വിധി വന്നതിനെ യു.ഡി.എഫ് സ്വാഗതം ചെയ്തു. സര്‍ക്കാരിന് പറ്റിയ തെറ്റുകള്‍ തിരുത്തിച്ചത് യു.ഡി.എഫ് നടത്തിയ പ്രക്ഷോഭങ്ങളാണ്. സില്‍വര്‍ ലൈനിന് ബദലായി യു.ഡി.എഫ് മുന്നോട്ട് വച്ച നിര്‍ദ്ദേശമായിരുന്നു വന്ദേഭാരത് ട്രെയിനുകള്‍. എന്നാല്‍ അതിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്.
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ മുടങ്ങിയിരിക്കുന്നത്. റേഷന്‍ വിതരണസംവിധാനം അവതാളത്തിലാക്കിയിരിക്കുകയാണ്. റേഷന്‍ കടകളെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് പ്രത്യേകമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണം. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളൊക്കെ യു.ഡി.എഫ് വിലയിരുത്തി. മുന്നണി അടിത്തറ വിപുലപ്പെടുത്താനും സംഘടനാ സംവിധാനം ശക്തമാക്കാനും തീരുമാനിച്ചു.
by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വാട്ടര്‍ മെട്രോയുടെ വൈറ്റില-കാക്കനാട് സര്‍വീസും ഹിറ്റായി. ആദ്യ ദിന സർവീസിൽ ബോട്ടുകളിൽ നിറയെ യാത്രക്കാരെത്തി. രാവിലെയും വൈകിട്ടും മൂന്നു വീതം സർവീസുകളായിരുന്നു നടത്തിയത്. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് കാക്കനാട് റൂട്ടിൽ സർവീസ്.
വീൽചെയർ യാത്രക്കാരായ ഡോ. സിജു വിജയനും സൗമ്യ അയ്യരുമായിരുന്നു ആദ്യ യാത്രക്കാർ. കലക്ടർ എൻ എസ് കെ ഉമേഷ്, സിറ്റി പൊലീസ് കമ്മിഷണർ സേതുരാമൻ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ, സ്മാർട് സിറ്റി സിഇഒ മനോജ് നായർ, കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ എന്നിവരും ആദ്യ ബോട്ടിലെ യാത്രക്കാരായി.
കാക്കനാട് ചിറ്റേത്തുകര ടെർമിനലിൽ നിന്ന് ഇൻഫോപാർക്കിലേക്ക് കെഎസ്ആർടിസി ഫീഡർ ബസുകളും ഇലക്ട്രിക് ഓട്ടോകളും ഏർപ്പെടുത്തിയിട്ടുണ്ട്. വൈറ്റില-കാക്കനാട് റൂട്ടിൽ 30 രൂപയാണ് ടിക്കറ്റ് നിരക്ക്. വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നതിനായുളള സ്മാർട്ട് കാർഡിന്റെ വിതരണവും ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി–വൈപ്പിൻ റൂട്ടിൽ ഇന്നലെയും നല്ല തിരക്കുണ്ടായി. രണ്ടാം ദിവസമായ ഇന്നലെ 7039 പേർ യാത്ര ചെയ്തു. ആദ്യദിനം 6559 പേര്‍ വാട്ടർ മെട്രോയിൽ യാത്ര ചെയ്തതായി കെഎംആർഎൽ അധികൃതർ അറിയിച്ചിരുന്നു.
by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്ഷേത്രത്തിലെ വാതിലുകൾക്ക് തീയിട്ടശേഷം മോഷണശ്രമം നടന്നതായി പരാതി. പനവൂർ വെള്ളാഞ്ചിറ ആയിരവില്ലി ധർമശാസ്താ ക്ഷേത്രത്തിലെ രണ്ട് വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്. ക്ഷേത്രത്തിനു മുന്നിൽ സൂക്ഷിച്ചിരുന്ന നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലേക്ക് എറിഞ്ഞ നിലയിലാണുള്ളത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് വിറകുകൾ കൂട്ടിയിട്ട് ശാസ്താവിന്റെയും ഗണപതിയുടെയും ശ്രീകോവിലുകളുടെ വാതിലുകൾക്ക് തീയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രോത്സവം തുടങ്ങാനിരിക്കെയാണ് അക്രമം.
വാതിലിനോടു ചേർന്ന് വിറകുകൾ കൂട്ടിയിട്ടശേഷം മണ്ണെണ്ണയോ, പെട്രോളോ ഒഴിച്ച് തീയിടുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. വാതിലുകൾ കത്തി നശിച്ച നിലയിലാണ്. എന്നാൽ ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല എന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻനായർ പറഞ്ഞു. സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നെടുമങ്ങാട് സി.ഐ. എസ്.സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപ കാലത്തായി ക്ഷേത്രത്തിനു നേരേ സമൂഹവിരുദ്ധരുടെ അക്രമങ്ങൾ പതിവായിരുന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും നെടുമങ്ങാട് സി.ഐ. എസ്.സതീഷ്‌കുമാർ അറിയിച്ചു.
by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: വർക്കലയിൽ ട്രെയിനിന് മുന്നിൽ കുരുങ്ങി വയോധികൻ മരിച്ചു. മുട്ടപ്പലം തച്ചോട് കുന്നുവിളവീട്ടിൽ ഭാനു(65) ആണ് മരിച്ചത്. രാവിലെ 9. 20 ഓടെ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് വർക്കല സ്റ്റേഷന് തൊട്ടുമുൻപുള്ള ലെവൽക്രോസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ലെവൽക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ട്രെയിനിന് മുന്നിൽ അകപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വയോധികൻ എൻജിന് മുന്നിലുള്ള കൂർത്ത കമ്പിയിൽ കുരുങ്ങുകയായിരുന്നു. വയറിലൂടെ കമ്പി തുളച്ചുകയറിയതിനാൽ വളരെ ബുദ്ധിമുട്ടിയാണ് വർക്കല പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം എഞ്ചിനിൽനിന്നും വേർപെടുത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ചെടിക്കമ്പ് മുറിച്ചതിന് 90 വയസായ വൃദ്ധക്ക് മരുമകളുടെ മർദ്ദനം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മക്കാണ് മർദനമേറ്റത്. ചെടിക്കമ്പ് മുയലിന് തീറ്റയായി നൽകി എന്ന പേരിലാണ് വൃദ്ധയ്ക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവൽ വീട്ടിൽ സന്ധ്യ(41)ക്കെതിരെ കേസ് എടുത്തതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി അറിയിച്ചു.
ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വയോധികയെ മർദ്ദിച്ചു എന്നു ബന്ധുക്കൾ പറഞ്ഞു. മൂത്ത മകൻ വിജയമൂർത്തിയുടെ പരാതിയിലാണ് കേസ്. മുൻപും വയോധികയെ ഇവർ മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവർ മർദ്ദിക്കുന്ന ദൃശ്യം പൊലീസുകാർ ഉൾപ്പെടെയുളള ഗ്രൂപ്പിൽ വന്നതോടെ വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തി. ഇവരുടെ വീട്ടിലെത്തി വൃദ്ധയുടെ മൊഴിയെടുത്തു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
Recent Comments