വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം; ആദ്യ ദിനം തന്നെ വെയ്റ്റിങ് ലിസ്റ്റിലായി എക്സിക്യൂട്ടീവ് ക്ലാസ്

വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം; ആദ്യ ദിനം തന്നെ വെയ്റ്റിങ് ലിസ്റ്റിലായി എക്സിക്യൂട്ടീവ് ക്ലാസ്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് വൈകാതെ
തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റായി. മെയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല. ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് ട്രെയിനിലുള്ളത്. മെയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണ് ചെയർകാറിൽ ബാക്കിയുള്ളത്.

ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരം–കാസർകോട് യാത്രയ്ക്കി ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണ് നിരക്ക്. തിരികെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520, എക്സിക്യൂട്ടീവ് ക്ലാസിൽ 2815 എന്നിങ്ങനെയാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ഇതിൽ ഉൾപ്പെടും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം വേണ്ടെന്നു വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയും.

രാവിലെ കാസർകോട്ടേക്കുള്ള യാത്രയിൽ ചായ/കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. 3 ഭക്ഷണം ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്കു കൂടാൻ കാരണം. മടക്കയാത്രയിൽ ഈവനിങ് ഹൈ ടീ, ഡിന്നർ എന്നിവ മാത്രമേയുള്ളൂ എന്നതാണു നിരക്ക് കുറയാൻ കാരണം. ഭക്ഷണം വേണ്ടെങ്കിൽ തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേയ്ക്കും തിരിച്ചും നിരക്കുകൾ തുല്യമാണ് (ചെയർകാർ 1265, എക്സിക്യൂട്ടീവ് ക്ലാസ് – 2500).

രാജധാനിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡൽഹി ആസ്ഥാനമായ വൃന്ദാവൻ ഫുഡ്സിനാണ് വന്ദേഭാരതിലെ ഭക്ഷണ കരാർ ലഭിച്ചിരിക്കുന്നത്. ടിക്കറ്റിനൊപ്പം ഭക്ഷണം വേണ്ടെന്നുവച്ചാലും ട്രെയിനിൽ പണം കൊടുത്തു വാങ്ങാൻ കഴിയും.

രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളാണ് 16 കാർ ട്രെയിനുകളിലുള്ളത്. 52 സീറ്റുകൾ വീതം 104 സീറ്റുകളാണുള്ളത്. ഈ ക്ലാസിലെ പ്രധാന ആകർഷണം 180 ഡിഗ്രി തിരിക്കാവുന്ന സീറ്റുകളാണ്. പുറത്തെ കാഴ്ചകൾ കാണാൻ വീതിയേറിയ ഗ്ലാസുകളുമുണ്ട്. വിമാനത്തിലെ ബിസിനസ് ക്ലാസിന് ഒപ്പം നിൽക്കുന്നതാണു വന്ദേഭാരതിലെ എക്സിക്യൂട്ടീവ് ക്ലാസ്. വിമാന മാതൃകയിൽ സീറ്റിന്റെ ആം റെസ്റ്റിനുള്ളിലാണ് സ്നാക് ടേബിളുള്ളത്. ചെയർ കാർ സീറ്റിനേക്കാൾ കുറെക്കൂടി പുറകോട്ടു ചരിക്കാവുന്ന റിക്ലൈനിങ് സീറ്റുകളാണ് എക്സിക്യൂട്ടീവിലേത്. കാലുകൾ ഉയർത്തിവയ്ക്കാൻ റിട്രാക്ടബിൾ ഫുട്റെസ്റ്റുമുണ്ട്. ഇ1, ഇ2 എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചിന്റെ കോഡ്.

പൊലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ആഹ്വാനം; രണ്ടുപേർക്ക് എതിരെ കേസ്

പൊലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ആഹ്വാനം; രണ്ടുപേർക്ക് എതിരെ കേസ്

കൊല്ലം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത യുവാക്കൾക്ക് എതിരെ കേസ്. എം കെ ഷിഹാബ് അലിയാരുകുഞ്ഞ്, സനൽ പുതുച്ചിറ എന്നിവർക്ക് എതിരെയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. പൊലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ആയിരുന്നു ആഹ്വാനം.

അലിയാരുകുഞ്ഞ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ‌ ഷിഹാബ് കലാപമുണ്ടാക്കണമന്ന ഉദ്ദേശ്യത്തോടെ പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്തെന്നാണ് കേസ്. ചെറുപ്പക്കാരെ സംഘടിപ്പിച്ച് കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി നാലുവശത്തും പെട്രോൾ ഒഴിച്ച് കത്തിക്കണമെന്നും ഇനി സ്റ്റേഷൻ അവിടെ വേണ്ട എന്നുമായിരുന്നു കമന്റ് ഇട്ടിരുന്നത്. ഈ കമന്റ് പ്രചരിപ്പിച്ചവർക്ക് എതിരെയും അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.

കരിമ്പുവിളയിൽ കൂറ്റൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കരിമ്പുവിളയിൽ കൂറ്റൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

നാവായിക്കുളം കരിമ്പുവിളയിൽ കൂറ്റൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം കേരള കൗമുദി ലേഖകനും പത്ര ഏജന്റുമായ സുനിൽകുമാർ, വിതരണക്കാരനായ നജീബ് അത്ഭുതകരമായി രക്ഷപെട്ടു. സ്‌കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ലോട്ടറി കച്ചവടക്കാരന് ദാരുണമായി പരിക്കേറ്റു.

മടവൂർ അംബിക വിലാസത്തിൽ കാർത്തികേയ (57)നാണ് പരിക്കേറ്റത്. വളരെ വൈകിയും ആംബുലൻസുകൾ ലഭിക്കാതെ വന്നതോടെ ഇയാളെ സ്വകാര്യ വാഹനത്തിൽ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ഭീതിയിലാണ്. സമാനമായ നിരവധി സംഭവങ്ങൾ നടന്നിട്ടും പഞ്ചായത്ത്‌ അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

കവലയൂർ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ ഒന്നാം പ്രതിഷ്‌ഠാ വാർഷികം ഏപ്രിൽ 26 ന്

ചരിത്ര പ്രസിദ്ധമായ കവലയൂർ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ ഒന്നാം പ്രതിഷ്ഠ വാർഷികം ഏപ്രിൽ 26 ബുധനനാഴ്ച നടക്കും. വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 26ന് രാവിലെ 5 ന് നിർമ്മാല്യ ദർശനം തുടർന്ന് മഹാഗണപതിഹോമത്തോടെ പുന:പ്രതിഷ്ഠ വാർഷിക പൂജകൾക്ക് തുടക്കം കുറിക്കുന്നു. “രാവിലെ 7.30 മുതൽ നാഗർകോവിൽ ആനന്ദ് & പാർട്ടിയുടെ വിൽപ്പാട്ട്, തുടർന്ന് പ്രായശ്ചിത്ത കലശം പൂജ, പ്രതിഷ്ഠ കലശപൂജ, വിശേഷാൽ നാഗർ പൂജ, 12 ന് അന്നദാനം, വൈകുന്നേരം അലങ്കാര ദീപാരാധന, പുഷ്പാഭിഷേകം, കളമെഴുത്തുംപാട്ടും കൂടാതെ മുത്തുമാരിയമ്മയ്ക്കൊരു നിത്യവിളക്ക് മേയ് ഒന്ന് മുതൽ ആരംഭിക്കുന്നു. നിത്യവിളക്കിൻ്റെയും 2023 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് നടക്കുന്ന ഇളനീർ അഭിഷേകത്തിൻ്റെയും രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

‘ആലിപ്പഴം 2023’ ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു

‘ആലിപ്പഴം 2023’ ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു

കിളിമാനൂർ ബി ആർ സി യുടെ ചുമതലയിൽ പൈവേലി ഡി. വി എൽ. പി. എസിൽ പ്രവർത്തിച്ചു വരുന്ന പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ ആലിപ്പഴം 2023 എന്ന ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു. കിളിമാനൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സാബു മുഖ്യാതിഥി ആയിരുന്ന ചടങ്ങിന്റെ ഉദ്ടഘാനം പള്ളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു.

പള്ളിക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാധവൻ കുട്ടി പ്രതിഭകേന്ദ്രത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രഥമാധ്യാപിക എസ്. ആർ കല അധ്യക്ഷ പ്രസംഗവും ക്ലസ്റ്റർ കോർഡിനേറ്ററായ കവിത, സ്വാഗതവും ക്ലസ്റ്റർ കോർഡിനേറ്റർമാരായ ബിജു, സനൽ, സ്കൂൾ എസ് ആർ ജി കൺവീനർ സുബി എന്നിവർ ആശംസാ പ്രസംഗവും നടത്തി. പ്രതിഭാ കേന്ദ്രം വിദ്യാ വോളന്റിയർ ആതിര നന്ദി പറഞ്ഞു.

ക്യാമറ തന്നെ നിയമലംഘനം; എഐ ക്യാമറകൾ സ്വകാര്യത ‌ലംഘിക്കുന്നതായി നിയമജ്ഞർ

ക്യാമറ തന്നെ നിയമലംഘനം; എഐ ക്യാമറകൾ സ്വകാര്യത ‌ലംഘിക്കുന്നതായി നിയമജ്ഞർ

സ്വകാര്യ ഇടങ്ങളിൽ വ്യക്തിയുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചു മുഴുവൻ വാഹനയാത്രക്കാരുടെയും ദൃശ്യങ്ങൾ‌ പകർത്തുന്നതു നിയമപ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നു നിയമവിദഗ്ധർ പറയുന്നു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയോ ദൃശ്യങ്ങൾ റോഡിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾ പകർത്തി ആ ദൃശ്യങ്ങളെ തെളിവായി ഹാജരാക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടാവില്ല. എന്നാൽ‌, നിയമം അനുസരിച്ചു യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും എഐ ക്യാമറ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകാമെന്നാണ് വിലയിരുത്തൽ.

സ്വകാര്യ വാഹനത്തിന്റെ ഉൾഭാഗം സ്വകാര്യ ഇടമായതിനാൽ വാഹനത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടി വേണം ദൃശ്യങ്ങൾ എടുക്കാനെന്നാണ് വാദം. സ്വകാര്യ വാഹനത്തിനുള്ളിൽ ദമ്പതികളുടെ സ്നേഹപ്രകടനങ്ങൾ അവരുടെ അറിവില്ലാതെ പകർത്തുന്നത് ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കുറ്റകൃത്യമാണ്.

കേരളത്തിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളെ യഥാർഥ നിർമിത ബുദ്ധി ക്യാമറകൾ എന്നു പറയണമെന്നുണ്ടെങ്കിൽ പൊതുനിരത്തുകളിൽ സംഭവിക്കുന്ന നിയമലംഘനങ്ങളെ വേറിട്ടു തിരിച്ചറിയാനുള്ള ശേഷി അതിനു വേണം. അത്തരം സന്ദർഭങ്ങളെ സ്വയം തിരിച്ചറിഞ്ഞു നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ മാത്രം പകർത്താനുള്ള ‘ഔചിത്യബോധം’ പ്രകടിപ്പിക്കാൻ ശേഷിയുള്ള ആൽഗരിതം അനുസരിച്ചു പ്രവർത്തിക്കുന്ന ക്യാമറകൾ വരുമ്പോൾ മാത്രമേ അതിനെ സമ്പൂർണ എഐ ക്യാമറയെന്നു വിശേഷിപ്പിക്കാൻ കഴിയുകയുള്ളവെന്ന് ഐടി വിദഗ്ധരും പറയുന്നു.

കേരള പൊലീസ് ആക്ട് വകുപ്പ് 119(ബി) അനുസരിച്ചു സ്ത്രീകളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ നേരിട്ടും ക്യാമറകളിലൂടെയും നിരീക്ഷിക്കുന്നതും അവരുടെ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ പകർത്തുന്നതും 3 വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇന്ത്യൻ ‌ശിക്ഷാ നിയമം വകുപ്പ് 354(സി) അനുസരിച്ചു സ്വകാര്യ ഇടങ്ങളിൽ അവരവർക്ക് ഇഷ്ടമുള്ള, കുറ്റകരമല്ലാത്ത പ്രവൃത്തികൾ ചെയ്യുന്നവരെ നേരിട്ടോ ക്യാമറ ഉപയോഗിച്ചോ ഒളിഞ്ഞുനോക്കുന്നതും അവരുടെ അറിവില്ലാത്ത ദൃശ്യങ്ങൾ പകർത്തുന്നതും ഒരു വർഷം മുതൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഐടി നിയമം വകുപ്പ് 67 അനുസരിച്ചു ഒരു വ്യക്തിയുടെ സ്വകാര്യ ഇടത്തിലുള്ള ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും ശേഖരിച്ചുവയ്ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചു 3 വർഷം വരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എഐ ക്യാമറകൾ പകർത്തുന്ന ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതിലേതെങ്കിലും നിയമം ലംഘിച്ചതായുള്ള ഹർജികളിൽ മറിച്ചു സ്ഥാപിക്കാനുള്ള നിയമപരമായ ബാധ്യത മോട്ടർ വാഹന വകുപ്പിനുണ്ടാവും.