by liji HP News | Apr 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കനത്ത സുരക്ഷ. നഗരത്തിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി, ട്രെയിന്‍ സര്‍വീസുകളിലടക്കം നിയന്ത്രണം ഏര്‍പ്പടുത്തിയിട്ടുണ്ട്. ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, ആർബിഐ, പനവിള, മോഡൽ സ്കൂൾ ജംഗ്ഷൻ, അരിസ്റ്റോ ജംഗ്ഷൻ, തമ്പാനൂർ വരെയുള്ള റോഡുകളിലും, ബേക്കറി ജംഗ്ഷൻ, വാൻ റോസ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡുകളിലും രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൊതുപരിപാടികളുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പ്രധാന റോഡിലോ ഇടറോഡുകളിലോ പാർക്ക് ചെയ്യരുത്. തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ ഇന്നു രാവിലെ എട്ടു മണി മുതൽ രാവിലെ 11 വരെ അടച്ചിടും. ഡിപ്പോയിലെ കടകൾക്കും പ്രവർത്തനാനുമതിയില്ല. 11 മണി വരെ തമ്പാനൂരിൽ നിന്നുള്ള ബസ് സർവീസുകൾ വികാസ് ഭവനിൽ നിന്നാകും ആരംഭിക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഇന്ന് യാത്രക്കാര്‍ നേരത്തെയെത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അഭ്യർത്ഥിച്ചിട്ടുണ്ട്. ഗതാഗതനിയന്ത്രണം യാത്രയെ ബാധിക്കാതിരിക്കാനാണ് ഈ നിർദേശം. തിരുവനന്തപുരത്തെ പരിപാടികൾ കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങി പോകുന്നതു വരെ തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചിയിൽ നിന്നും രാവിലെ 10.15 നാണ് ഉദ്ഘാടന പരിപാടികൾക്കായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിച്ചേരുക. വിമാനത്താവളത്തിൽ ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. ഉദ്ഘാടന പരിപാടികൾക്കു ശേഷം ഉച്ചയ്ക്ക് 12.40 ഓടെ പ്രധാനമന്ത്രി സൂറത്തിലേക്ക് യാത്ര തിരിക്കും.
by liji HP News | Apr 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടൻ മാമുക്കോയ ആശുപത്രിയിൽ. മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയാണ് സംഭവം. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലാണ് നടൻ ഇപ്പോൾ ചികിത്സയിലുള്ളത്.
by liji HP News | Apr 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മോദിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് തലസ്ഥാനനഗരി. കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ്.
തുടർന്ന് 10.50 വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തും. രാവിലെ 11-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും നാടിന് സമര്‍പ്പിക്കും.
റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, സംസ്ഥാന മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
by Midhun HP News | Apr 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കേരളീയ വേഷത്തിൽ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കുന്നത്. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ്ഷോയാണ് ഇത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്.
നാളെ തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി വെണ്ടുരുത്തി പാലം മുതൽ തേവര എസ് എച്ച് കോളേജ് വരെയാണ് റോഡ് ഷോ. തുടര്‍ന്ന് യുവം 2023 സംവാദത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയെ കാണാൻ ആയിരങ്ങളാണ് കൊച്ചിയിൽ എത്തിച്ചേർന്നിരിക്കുന്നത്. കൊച്ചി നഗരത്തിൽ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
കാല്‍നടയായിട്ടാണ് പ്രധാനമന്ത്രി റോഡ് ഷോ ആരംഭിച്ചത്. റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി. നിരവധി പ്രമുഖരാണ് യുവം വേദിയില്‍ എത്തിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ യുവജനസംഗമം എന്ന് ബിജെപി അവകാശപ്പെടുന്ന യുവം 2023 വേദിയിലേക്ക് പ്രധാനമന്ത്രി എത്തിച്ചേരുക. യുവം പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട യുവാക്കൾക്ക് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാം. ഈ പരിപാടിക്ക് രാഷ്ട്രീയമില്ല എന്ന് ബിജെപി ആവർത്തിക്കുന്നുണ്ട്. കേരളീയ വേഷത്തിൽ തന്നെയാണ് അദ്ദേഹം യുവം വേദിയിലേക്കെത്തുക.
by liji HP News | Apr 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാളെ (ഏപ്രിൽ 25) രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷ ഉച്ചക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.
by liji HP News | Apr 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടാവില്ല. മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ ഗവർണറുടെ പേരില്ല. മോദിയെ സ്വീകരിക്കാനായി ഇന്നലെ വൈകീട്ട് വിമാനത്തിൽ കൊച്ചിയിലെത്തിയ ഗവർണർ ഇന്ന് രാവിലെ തലസ്ഥാനത്തേയ്ക്ക് മടങ്ങി. റോഡ്ഷോ ഉൾപ്പെടെ കൊച്ചിയിലെ ചടങ്ങ് അനൗദ്യോഗികമാണെന്ന കാരണത്താലാണ് ഗവർണർ മടങ്ങുന്നതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചിയിൽ എത്തുന്നില്ല. മുഖ്യമന്ത്രിക്കു പകരം സർക്കാർ പ്രതിനിധിയായി മന്ത്രി പി രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്പോൾ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും ഉണ്ടാകും.
സാധാരണയായി പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് വരുമ്പോൾ മുഖ്യമന്ത്രി സ്വീകരിക്കാൻ വരുന്നത് പതിവാണെന്നും എന്തുകൊണ്ടാണ് പിണറായി വിജയൻ വരാത്തത് എന്ന് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.’സാധാരണയായി പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് എത്തുമ്പോൾ മുഖ്യമന്ത്രി സ്വീകരിക്കാൻ പോവുന്നത് പതിവാണ്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തത് എന്ന് അറിയില്ല? പ്രധാനമന്ത്രി ഏത് പരിപാടിക്ക് വന്നാലും മുഖ്യമന്ത്രി അടക്കമുള്ളവർ എത്താറുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഏത് മന്ത്രി വരുന്നു എന്നത് ഞങ്ങൾക്ക് വിഷയമല്ല. മോദിയുടെ സന്ദർശനം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. മറ്റു കാര്യങ്ങൾ എല്ലാം അപ്രസക്തമാണ്’ – സുരേന്ദ്രന്റെ വാക്കുകൾ.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഇന്ന് വൈകീട്ട് 5നാണ് മോദി എത്തുന്നത്. 5.30നു തേവര ജംഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ട്ടൺ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു താമസവും.
ചൊവ്വാഴ്ച രാവിലെ 9.25ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കും. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ കേരളത്തിൽ പൂർത്തിയാക്കുന്ന 3,200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനവും നിർവഹിക്കും.
വന്ദേഭാരതിനു പുറമേ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചുവേളി – തിരുവനന്തപുരം – നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയിൽവേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെർമിനൽ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം – ഷൊർണൂർ സെക്‌ഷനിലെ ട്രെയിൻ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. നവീകരിച്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ദിണ്ടിഗൽ – പളനി – പൊള്ളാച്ചി വൈദ്യുതീകരിച്ച റെയിൽപാതയും നാടിനു സമർപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഒരു മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.
Recent Comments