by liji HP News | Apr 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാമത് വാർഷികാഘോഷം ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് ആഘോഷമാക്കി. അവനവഞ്ചേരി ദാറുസ്സലാം ഹാളിൽ നടന്ന വാർഷിക ആഘോഷത്തിൽ അമ്പലമുക്കു വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും കലാപരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനവും ആറ്റിങ്ങൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ എ. നാജാം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ. ജെ. രവികുമാർ, നഗരസഭ സി. ഡി. എസ്. ചെയർപേർസൺ റീജ, വാർഡ് എ. ഡി. എസ്. എ.അജിതകുമാരി, വാർഡ് വികസനകമ്മിറ്റി അംഗം പി. ജയചന്ദ്രൻ നായർ, റെസിഡൻസ് ഭാരവാഹികളായ രാജേഷ് കൈപ്രത്ത്, റിജു, ആശവർക്കർ ഷൈലദാസ് തുടങ്ങിയവർ സംസാരിച്ചു.


by liji HP News | Apr 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44600 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5565 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 4625 രൂപയാണ്.
by liji HP News | Apr 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐഎസ്ആർഒ, ഐടി പാർക്കുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾക്ക് ഇനിമുതൽ പുതിയ വേഷം. നെയിം പ്ലേറ്റ്, ബാഡ്ജ്, ട്രൈകളർ ബാൻഡ് എന്നിവ ഉൾപ്പെട്ട ചാരനിറത്തിലുള്ള ഷർട്ടും ട്രാക്ക് സ്യൂട്ടുമണിഞ്ഞ, വിദഗ്ധരായ ചുമട്ടുതൊഴിലാളികൾ അടുത്തമാസം മുതൽ തൊഴിലിടങ്ങളിലെത്തും. മാറുന്ന കാലത്തിനനുസരിച്ച് ചുമട്ടുതൊഴിൽമേഖലയിലും സമഗ്രമാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് പുതുവേഷം. ഐഎസ്ആർഒ പോലെ സാങ്കേതികവൈദഗ്ധ്യം ആവശ്യമുള്ളയിടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനവും പുതുവേഷവും നൽകുന്നത്. എല്ലാ യൂണിയനുകളിൽപ്പെട്ടവർക്കും ഒരേ യൂണിഫോമായിരിക്കും. പിന്നീട് സംസ്ഥാനമാകെ പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചന.
ചുമട്ടുതൊഴിലാളികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റിയെടുക്കാനും തൊഴിൽ വൈദഗ്ധ്യം ഉറപ്പുവരുത്താനും വിപുലമായ പരിശീലന പരിപാടികളാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്നത്. ആദ്യഘട്ടമായി ആലുവ പെപ്‌സി ഗോഡൗൺ, ഐഎസ്ആർഒ യാർഡ്, ഇടയാർ ഇൻഡസ്ട്രിയൽ പാർക്ക്, തൃക്കാക്കര ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ 150 തൊഴിലാളികൾക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. തൊഴിൽമേഖലകളിലുണ്ടായ മാറ്റങ്ങളെപ്പറ്റിയുള്ള ബോധവത്കരണമാണ് പരിശീലനത്തിന്റെ ആദ്യപടി.
വ്യത്യസ്തമായ തൊഴിൽസാഹചര്യങ്ങളുള്ള ഐടി-കിൻഫ്ര പാർക്കുകൾ, പ്രത്യേക സാമ്പത്തികമേഖലകൾ എന്നിവിടങ്ങളിൽ പണിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. നൈപുണ്യ-വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകുന്നു. ഫക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ മൊബൈൽ സുരക്ഷാ പരിശീലനവാഹനമായ സുരക്ഷാരഥത്തിൽ വെച്ചാണ് സുരക്ഷ-ആരോഗ്യ പരിശീലനം നൽകിയത്. തിങ്കളാഴ്ച സാങ്കേതികപരിശീലനം തുടങ്ങും. പരിശീലനം പൂർത്തിയാകുമ്പോൾ തൊഴിലിടങ്ങളിൽ സുരക്ഷയ്ക്കായുള്ള ഉപകരണങ്ങളും നൽകും. പരിശീലനം ലഭിച്ച തൊഴിലാളികൾ മെയ് ആദ്യവാരം പുതുവേഷത്തിൽ തൊഴിലിടങ്ങളിലെത്തും.
തൊഴിലിടങ്ങളിലെ തൊഴിലാളിവിന്യാസം മൊബൈൽ ആപ്പ് അല്ലെങ്കിൽ സോഫ്റ്റ്‌വേർ അടിസ്ഥാനമാക്കി നിർവഹിക്കാനും സാങ്കേതിക-വിദഗ്ധ പരിശീലനമുണ്ട്. വേതനം വിതരണം ചെയ്യുന്നതും തൊഴിലുടമകൾ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള വിഹിതമടയ്ക്കുന്നതും വൈകാതെ മൊബൈൽ ആപ്പ് വഴിയാക്കും. സിയാൽ, ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, കൊച്ചിൻ പോർട്ട് എന്നിവിടങ്ങളിലെ തൊഴിലാളികൾക്കാണ് അടുത്തതായി പരിശീലനം നൽകുന്നത്.
by liji HP News | Apr 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: ജംബോ, ജമിനി സർക്കസ് സ്ഥാപകൻ ജമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. 99 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു അദ്ദേഹം. സംസ്കാരം മറ്റന്നാൾ നടക്കും. ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നാണ് അറിയപ്പെടുന്ന ജമിനി ശങ്കരൻ ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളടക്കം 5 സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു.
ഇന്ത്യൻ സർക്കസിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നവരിൽ പ്രമുഖനായിരുന്നു ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ. 1951 ൽ ആണ് ജമിനി ശങ്കരൻ സൂറത്തിനടുത് ബില്ലിമോറിയിൽ ജമിനി സർക്കസ് തുടങ്ങിയത്. പിന്നീട് 1977 ഒക്ടോബർ 2 ന് ജംബോ സർക്കസും തുടങ്ങി. കണ്ണൂർ വാരത്ത് 1924 ജൂൺ 13 ആയിരുന്നു ജനനം.
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ വയർലെസ് വിഭാഗത്തിൽ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട് എം വി ശങ്കരൻ. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സർക്കസിൻറെ ലോകത്തിലേക്ക് സജീവമാവുകയായിരുന്നു. ട്രെപ്പീസ് ഹൊറിസോണ്ടൽ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയൺ സർക്കസിൽ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മൻ സർക്കസിലെത്തി. അഞ്ച് വർഷത്തോളം സർക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സർക്കസ് കമ്പനി തുടങ്ങാനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചത്.
മഹാരാഷ്ട്രയിലെ വിജയ സർക്കസ് വാങ്ങി വിപുലീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെയാണ് ശങ്കരൻ ജെമിനി ശങ്കരനായത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സർക്കസ് കമ്പനിയായി ജെമിനി വളർന്നത് ശരവേഗത്തിലായിരുന്നു.പിന്നീടാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി ജംബോ സർക്കസ് ആരംഭിച്ചത്. സർക്കസിനൊപ്പം നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.
by liji HP News | Apr 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് പഴുതടച്ച സുരക്ഷ. നഗരത്തിൽ നാളെ രാവിലെ മുതൽ ഗതാഗതനിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളെ ബാധിക്കാത്ത വിധമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. പ്രധാനമന്ത്രി വരുന്ന സമയത്ത് മറ്റു ഗതാഗതങ്ങളും അരമണിക്കൂർ നേരം നിരോധിക്കുമെന്നും നാഗരാജു പറഞ്ഞു. പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്നങ്ങൾ ഇല്ല. തിരുവനന്തപുരത്ത് പ്രതിഷേധങ്ങൾക്ക് സാധ്യതയില്ലെന്നും അത്തരം വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും നാഗരാജു പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി 1500 പൊലീസുകാരെയാണ് തിരുവനന്തപുരത്ത് വിന്യസിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ 9.25ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കും. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ കേരളത്തിൽ പൂർത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനവും നിർവഹിക്കും.
വന്ദേഭാരതിനു പുറമേ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചുവേളി – തിരുവനന്തപുരം – നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയിൽവേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെർമിനൽ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം – ഷൊർണൂർ സെക്‌ഷനിലെ ട്രെയിൻ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. നവീകരിച്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ദിണ്ടിഗൽ – പളനി – പൊള്ളാച്ചി വൈദ്യുതീകരിച്ച റെയിൽപാതയും നാടിനു സമർപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഒരു മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.
by liji HP News | Apr 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ദിവസം 10,112 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. അതേസമയം, ഡൽഹിയിൽ ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 948 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 25.69%മാണ് ഡൽഹിയിലെ പോസിറ്റീവ് നിരക്ക്. മഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 545 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 26.5 ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്.
Recent Comments