by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തി. ഷൊര്‍ണൂരില്‍ സെയ്ഫിക്ക് സഹായം നല്‍കി എന്നു കരുതുന്ന നാലുപേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. സംഭവദിവസം ഷൊര്‍ണൂരില്‍ വെച്ച് ഷാറൂഖ് സെയ്ഫി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ പൊലീസ് കണ്ടെടുത്തു.
ചെര്‍പ്പുളശ്ശേരിയിലെ കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. സിം ഇല്ലാത്ത മൊബൈല്‍ഫോണ്‍ കടയില്‍ വില്‍ക്കുകയായിരുന്നു. ആ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നയാളെക്കുറിച്ചും പൊലീസ് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
അറസ്റ്റിലായ ഷാറൂഖ് സെയ്ഫിക്കെതിരെ കഴിഞ്ഞദിവസം യുഎപിഎ ചുമത്തിയിരുന്നു. ഭീകരബന്ധം തെളിഞ്ഞ സാഹചര്യത്തില്‍ കേസില്‍ സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പാണ് ചുമത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്തിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് രാവിലെ യോഗം ചേരും.
പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്. പ്രതിയുടെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തിന് ശേഷം അന്വേഷണ സംഘത്തലവന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി കേരള പ്രദേഴ്സ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ) കിളിമാനൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന മാതൃകാ പരീക്ഷ ഏപ്രിൽ 19 ന് രാവിലെ 9.30 മുതൽ ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9 മണിയ്ക്ക് സ്കൂളിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ. 8129252570, 9744341048.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താന്‍ പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ റൂട്ടിലും സമയത്തിലും ഇന്ന് തീരുമാനമാകും. ട്രെയിന്‍ കോട്ടയം വഴി സര്‍വീസ് നടത്താനാണ് സാധ്യതയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്. ഒരു ദിവസം അറ്റകുറ്റപ്പണികള്‍ക്കായി നീക്കിവെയ്ക്കും. കൊച്ചുവേളിയിലായിരിക്കും അറ്റകുറ്റപ്പണി. ജനശതാബ്ദി എക്‌സ്പ്രസിനേക്കാള്‍ ഒന്നുമുതല്‍ ഒന്നരമണിക്കൂര്‍ വരെ യാത്രാ സമയത്തില്‍ ലാഭമുണ്ടായേക്കും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
by Midhun HP News | Apr 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പെരുമാതുറ: 12000 ൽ പരം നോമ്പുകാരെ നോമ്പുതുറപ്പിക്കുന്നതിനായി പെരുമാതുറ സ്നേഹതീരം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം നാളെ പെരുമാതുറയിൽ നടക്കും. പെരുമാതുറയിലെ 7 വാർഡിലെ 3000 വീടുകളിലേക്കാണ് നോമ്പുതുറ വിഭഗങ്ങൾ എത്തിക്കുന്നത്. നോമ്പ് തുറ വിഭവങ്ങളുടെ വിതരണോദ്ഘാടനം നാളെ വൈകിട്ട് മൂന്നര മണിക്ക് പെരുമാതുറ തണൽ സെൻററിൽ നടക്കുന്ന ചടങ്ങില്‍ ആദ്യ ഇഫ്താർ വിഭവ കിറ്റ് പെരുമാതുറ സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ജനാബ് മുഹമ്മദ് ഷിബിലി ഫാളിൽ മന്നാനി ക്ക് നൽകി കൊണ്ട് കിംസ് ഹെൽത്ത് സിഎംഡി ഡോ എം.ഐ സഹദുള്ള നിർവഹിക്കും.
സ്നേഹതീരം പ്രസിഡന്റ് ഇഎം നജീബിൻറെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങില്‍ അടൂർ പ്രകാശ് എംപി മുഖ്യാതിഥി ആയി പങ്കെടുക്കും. പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി റമദാൻ സന്ദേശം നല്‍കും. സ്നേഹതീരം ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈൻ ആമുഖ പ്രസംഗം നടത്തും. പെരുമാതുറ മേഖലയിലെ 10 പള്ളികൾ വഴി നാല് മണിക്ക് ഇഫ്താർ വിഭവ കിറ്റുകൾ വിതരണം ചെയ്ത് തുടങ്ങും. 12000 ൽ പരം പേർക്ക് ഇഫ്താർ വിഭവ കിറ്റുകൾക്കുള്ള കൂപ്പൺ വിതരണം പൂർത്തിയായി. ഒരു വീട്ടിലേക്ക് പഴവർഗ്ഗങ്ങളും ഭക്ഷണവും ഉൾപ്പെടുന്ന 500രൂപയുടെ കിറ്റാണ് വിതരണം ചെയ്യുക. വിതരണത്തിന് പ്രദേശത്തെ നൂറിലധികം ചെറുപ്പക്കാരുടെ വളൻ്റിയർ സേവനവും ഒരുക്കിയിട്ടുണ്ട്.
ഒരു സംഘടന കേരളത്തിൽ ആദ്യമായാണ് ഒരു ദിവസം 12000ൽ പരം പേർക്ക് നോമ്പ് തുറ നടത്തുന്നതെന്ന് സ്നേഹതീരം ഭാരവാഹികൾ അവകാശപ്പെട്ടു.

by Midhun HP News | Apr 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടവ വെൺകുളം മരക്കടമുക്കിൽ കൽക്കൂട്ടംവിള വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരോജിനി (98)നിര്യാതയായി.
മക്കൾ: പുരുഷോത്തമൻ, സുരേന്ദ്രബാബു, ജയപ്രകാശ്, നളിനി, അശോക് കുമാർ, വിജയകുമാർ, രാധാകൃഷ്ണൻ, പ്രസന്ന, വേണുഗോപാൽ(late)
മരുമക്കൾ: അനില, ഉഷ, സുധർമണി, സച്ചിദാനന്ദൻ, മിനി, അജിത, ലീന, അജയകുമാർ,
സഞ്ചയനം: 17ന് രാവിലെ 9 ന്
by Midhun HP News | Apr 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരവും കുടമാറ്റവും നാളെ. 7 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണ ആകാശപ്പൂരവും നടക്കും. ഇന്നലെ ഭക്തിസാന്ദ്രമായ തിരുവാഭരണ ഘോഷയാത്ര നടന്നു. തിരുമുന്നിലും ആശ്രാമം മൈതാനത്തും ആണു നാളെ കുടമാറ്റം. താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം നടത്തുന്ന കുടമാറ്റത്തിൽ ഇരുപക്ഷത്തും 13 ഗജവീരന്മാർ വീതം നിരക്കും. ഗജവീരന്മാരായ ഭാരത് വിനോദ് താമരക്കുളം ക്ഷേത്രത്തിന്റെയും പുത്തൻകുളം അനന്തപത്മനാഭൻ പുതിയകാവ് ക്ഷേത്രത്തിന്റെയും തിടമ്പേറ്റും.
ആറാട്ടിനു തിടമ്പേറ്റുന്നത് തൃക്കടവൂർ ശിവരാജു ആണ്. നാളെ രാവിലെ 9നു വിവിധ ക്ഷേത്രങ്ങളിൽ നിന്നു ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് ആരംഭിക്കും. നഗരത്തിലെ 12 ക്ഷേത്രങ്ങളിൽ നിന്നാണു ചെറുപൂരങ്ങൾ പുറപ്പെടുന്നത്. ഇവ ക്ഷേത്രത്തിൽ എത്തിയ ശേഷം ആന നീരാട്ടും 12ന് ആനയൂട്ടും നടക്കും. ഉച്ചയ്ക്ക് 2ന് താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത് ആരംഭിക്കും. ചൊവ്വല്ലൂർ മോഹന വാരിയർ, തൃക്കടവൂർ അഖിൽ എന്നിവർ മേള പ്രമാണിമാരായി മേളം അരങ്ങേറും.
പിന്നാലെ കെട്ടുകാഴ്ച എത്തും.കൊടിയിറക്കിയ ശേഷം ഭഗവാന്റെ തിടമ്പേറ്റിയ ഗജവീരൻ ആറാട്ട് പുറപ്പാടിനായി എഴുന്നള്ളി നിൽക്കുമ്പോഴാണു തിരുമുന്നിൽ കുടമാറ്റം. തുടർന്നാണ് ആശ്രാമം മൈതാനത്ത് മഹാപൂരവും കുടമാറ്റവും. മന്ത്രി കെ.എൻ.ബാലഗോപാൽ പൂരം ഉദ്ഘാടനം ചെയ്യും. ആർ.പി.ഗ്രൂപ്പ് ചെയർമാൻ ബി.രവിപിള്ള ഭദ്രദീപം തെളിക്കും. മന്ത്രി ജെ.ചിഞ്ചുറാണി പങ്കെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അധ്യക്ഷത വഹിക്കും. കുടമാറ്റത്തിനു ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ ആകാശപ്പൂരം ആരംഭിക്കും. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വെടിക്കെട്ട്.
പൂരത്തിൽ പങ്കെടുക്കുന്ന ഗജവീരന്മാർ
പുതിയകാവ്
1. പനയ്ക്കൽ നീലകണ്ഠൻ, 2. ഉണ്ണിമങ്ങാട് കണ്ണൻ, 3. പ്ലാക്കാട് കണ്ണൻ, 4.ആനയടി അപ്പു, 5. പുത്തൻകുളം കേശവൻ, 6. പുത്തൻകുളം മോദി, 7. പുത്തൻകുളം അനന്തപത്മനാഭൻ (തിടമ്പ്), 8. പുത്തൻകുളം അർജുൻ, 9. കണവിള ശിവനാരായണൻ,10.പുത്തൻകുളം വിക്രം,11.പനയ്ക്കൽ നന്ദൻ, 12. പുത്തൻകുളം അനന്തകൃഷ്ണൻ, 13. പുത്തൻകുളം മോഹനകൃഷ്ണൻ.
താമരക്കുളം
1. നെടുമൺകാവ് മണികണ്ഠൻ, 2. തടത്താവിള മണികണ്ഠൻ, 3. ശക്തികുളങ്ങര രാജേശ്വരൻ, 4. ആദികേശവൻ, 5. ശ്രീകുമാർ, 6. മൗട്ടം രാജേന്ദ്രൻ, 7. ഭാരത് വിനോദ് (തിടമ്പ്), 8. വേമ്പനാട് അർജുൻ, 9. ചിറക്കര ദേവനാരായണൻ, 10. വട്ടമൺകാവ് മണികണ്ഠൻ, 11. പഞ്ചമത്തിൽ ദ്രോണ, 12. താമരക്കുടി വിജയൻ, 13. പാലയ്ക്കത്തറ അഭിമന്യു.
4ന് വിഷുക്കണി
ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെ 4ന് വിഷുക്കണി ആരംഭിക്കും. 5ന് കണിവേല. 10.30നു വിഷുസദ്യ.
ഗതാഗത നിയന്ത്രണം
കൊല്ലം: നാളെ നടക്കുന്ന പൂരത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചിന്നക്കട, ശങ്കേഴ്സ് ആശുപത്രി, ചിന്നക്കട താലൂക്ക് ഓഫിസ് ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് 2നു ശേഷം ആശ്രാമം മൈതാനം ഭാഗത്തേക്കു വാഹനങ്ങൾ കടത്തിവിടില്ലെന്നു പൊലീസ് അറിയിച്ചു.
Recent Comments