അരിക്കൊമ്പന്റെ ‘ട്രാന്‍സ്ഫര്‍’: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്

അരിക്കൊമ്പന്റെ ‘ട്രാന്‍സ്ഫര്‍’: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്

കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ആനയെ ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.

അരിക്കൊമ്പനെ കൂട്ടിലടയ്‌ക്കേണ്ടെന്നും പറമ്പിക്കുളത്തേക്കോ മറ്റെവിടേക്കെങ്കിലോ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. മറ്റു സ്ഥലങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനരോഷം ഉയരും എന്നതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ആ പ്രദേശത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ആക്രമണ സമയത്ത് ചുവന്ന ടീഷര്‍ട്ടെന്ന് സാക്ഷിമൊഴി; കണ്ണൂരിലെത്തിയത് വേറെ വേഷത്തില്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആക്രമണം നടത്തുന്നതിന് ട്രെയിനിന് അകത്തു നിന്നും സഹായം ലഭിച്ചതായി അന്വേഷണ സംഘത്തിന്റെ നിഗമനം. തീവെപ്പ് നടത്തിയ സമയത്ത് അക്രമി ധരിച്ചിരുന്നത് ചുവന്ന ടീഷര്‍ട്ട് ആണെന്നാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ കണ്ണൂരില്‍ ട്രെയിനില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം വേറെയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ട്രെയിനിന് അകത്തുവെച്ച് ഷാറൂഖ് സ്വമേധയാ വസ്ത്രം മാറിയതാണോ, മറ്റാരെങ്കിലും നല്‍കിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
തീവെപ്പിനിടെ തുടര്‍ന്നുള്ള പരിഭ്രമത്തിനിടെ പ്രതിയുടെ ബാഗ് റെയില്‍വേ ട്രാക്കില്‍ വീണുപോയിരുന്നു. ഇതിനുശേഷം വസ്ത്രം മാറിയതാണ് അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്നത്. ട്രാക്കില്‍ നിന്നും കിട്ടിയ ബാഗില്‍ ആണികള്‍ സൂക്ഷിച്ചതിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

ആണികള്‍ ബാഗില്‍ സൂക്ഷിച്ചത് എന്തിനാണെന്ന പൊലീസിന്റെ ചോദ്യത്തിന് ഷാറൂഖ് സെയ്ഫി ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തരം ആണിയല്ല ഇതെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഷാറൂഖ് സെയ്ഫിയെ ഇന്നും തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന.

കായംകുളത്ത് കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി

കായംകുളത്ത് കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി

ആലപ്പുഴ: കായംകുളം എന്‍ടിപിസിക്ക് സമീപം കായലില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ (14) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.

ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളുടെ മൃതദേഹം ഇന്നലെ തന്നെ കിട്ടിയിരുന്നു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (14), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (14) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കായലിൽ എന്‍ടിപിസിക്ക് സമീപം വൈകിട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവിൽ എൻഡിപിസി യുടെ സോളാർ പാനൽ കാണാൻ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. പിന്നീട് കായംകുളം കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഈ മാസം 24 ന് വിരമിക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഈ മാസം 24 ന് വിരമിക്കും

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഈ മാസം 24 ന് വിരമിക്കും. ഇതിന്റെ ഭാഗമായി ചീഫ് ജസ്റ്റിസിന് ഹൈക്കോടതി യാത്രയയപ്പു നല്‍കി. ഹൈക്കോടതിയില്‍ നടന്ന ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ ജഡ്ജിമാര്‍, മുന്‍ ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ പിതാവും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് കെ സ്വാമി ദുരൈയും ചടങ്ങിൽ സംബന്ധിച്ചു.

മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന എസ് മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ജഡ്ജിയായത്.അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. ട്രെയിൻ യാത്രക്കാരുടെ സുരക്ഷ, ലോകായുക്തയുടെ അധികാരം നിർണയിച്ചുകൊണ്ടുള്ള വിധികൾ, വിസി നിയമനത്തിന്റെ മാനദണ്ഡം, മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക ഫണ്ട് രൂപീകരണം, സ്കൂളുകളിൽ വിദ്യാർഥികൾക്കായി പരാതിപ്പെട്ടികൾ സ്ഥാപിക്കണം തുടങ്ങിയവ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയിൽ എസ് മണികുമാറിന്റെ ശ്രദ്ധേയമായ വിധികളാണ്.

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ മർദ്ദിച്ച് കൊന്നു

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ മർദ്ദിച്ച് കൊന്നു

ആലപ്പുഴ: ചന്തിരൂരിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒട്ടേറെ കേസുകളികളിൽ പ്രതിയായ പാറ്റുവീട്ടിൽ ഫെലിക്സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി സുഹൃത്തുക്കൾ ഇയാളെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ടു പോയിരുന്നു. ഇവർ സമീപത്തെ പറമ്പിൽ ഒത്തുകൂടി മദ്യപിച്ചു. രാത്രി പത്തരയോടെ മുഖത്ത് മുറിവേറ്റ നിലയിൽ ഫെലിക്സിനെ റോഡരികിൽ കണ്ടെത്തുകയായിരുന്നു.

സിമന്റ് കട്ട കൊണ്ടു മുഖത്തു മർദ്ദിച്ചതാണെന്ന് സംശയിക്കുന്നു. മുറിവേറ്റ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 12 മണിയോടെ മരിച്ചു. ടൈൽസിന്റെ ജോലിയും കഴിഞ്ഞ ഇന്നലെ വൈകീട്ടാണ് ഫെലിക്സ് മൂന്നാറിൽ നിന്നു വീട്ടിലെത്തിയത്. രാത്രിയോടെ ഏതാനും സുഹൃത്തുക്കൾ ബൈക്കിലെത്തി ഫെലിക്സിനെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോവുകയായിരുന്നു.

മദ്യപാനത്തിനിടെ തർക്കമുണ്ടായെന്നാണ് വിവരം. തർക്കത്തിനിടെ സു​ഹൃത്തുക്കളിൽ ചിലർ സമീപത്തുണ്ടായിരുന്ന സിമന്റ് കട്ട കൊണ്ടു ഫെലിക്സിന്റെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചു. തുടർന്നു ഉപേക്ഷിച്ച് പോകുകയായിരുന്നു. പ്രദേശത്തെ ചിലരാണ് ഫെലിക്സിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മരിച്ച ഫെലിക്സ് ഒട്ടേറെ കേസുകളിൽ പ്രതിയാണ്. അരൂർ, പട്ടണക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.

വെന്തുരുകി കേരളം; അഞ്ചു ജില്ലകളില്‍ താപനില മുന്നറിയിപ്പ്

വെന്തുരുകി കേരളം; അഞ്ചു ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത ചൂടില്‍ കേരളം വെന്തുരുകുകയാണ്. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഇന്നും കനത്ത ചൂട് ഉണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ( സാധാരണയെക്കാള്‍ 4 ഡിഗ്രി വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 3 ഡിഗ്രി വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത വിലയിരുത്തുന്ന താപസൂചിക (ഹീറ്റ് ഇന്‍ഡക്‌സ്) 7 ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട 58 എന്ന നിലവാരത്തില്‍ എത്തിയതായാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത സാധ്യതയുള്ള 45 മുതല്‍ 50 വരെ എന്ന സൂചികയിലുമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി.