ഇടതുപക്ഷത്തിന്റെ കോട്ട തിരിച്ചുപിടിക്കാന്‍ പ്രമുഖ മാധ്യമപ്രവർത്തകനെ രംഗത്ത് ഇറക്കുവാനൊരുങ്ങുന്നു കോൺഗ്രസ്

ഇടതുപക്ഷത്തിന്റെ കോട്ട തിരിച്ചുപിടിക്കാന്‍ പ്രമുഖ മാധ്യമപ്രവർത്തകനെ രംഗത്ത് ഇറക്കുവാനൊരുങ്ങുന്നു കോൺഗ്രസ്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന വാമനപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുവാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

മാധ്യമപ്രവർത്തകനും സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായ രതീഷ് അനിരുദ്ധന്റെ പേരാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ക്കൊപ്പം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രതീഷ് അനിരുദ്ധന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായി പരിഗണിക്കപ്പെടുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ പരിചിതനായ ഒരു പുതുമുഖത്തെ അണിനിരത്തി സര്‍പ്രൈസ് വിജയം നേടാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.

ദീര്‍ഘകാലമായി മാധ്യമരംഗത്ത് സജീവമായ രതീഷ് അനിരുദ്ധന്‍ കെ എസ് യുവില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. നിലമേല്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. മണ്ഡലത്തിലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ ധാരണയുള്ള ഒരു വ്യക്തി എന്ന നിലയില്‍ രതീഷിനെ മത്സരിപ്പിക്കുന്നത് യുവാക്കളുടെയും നിഷ്പക്ഷ വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. കെഎസ് യുവിന്റെ മുന്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. കല്ലറ-പങ്ങോട് സ്വാതന്ത്ര്യ സമര സ്മൃതി വേദി ചെയര്‍മാന്‍ എന്ന നിലയില്‍ സജീവമാണ്.

സമുദായ സമവാക്യങ്ങളും പ്രാദേശിക ബന്ധങ്ങളും രതീഷിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. വാമനപുരത്ത് കഴിഞ്ഞ തവണയുണ്ടായ വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ പാര്‍ട്ടി സംവിധാനത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെക്കുന്നത്.

വര്‍ഷങ്ങളായി എല്‍.ഡി.എഫ് തുടരുന്ന ആധിപത്യം തകര്‍ക്കാന്‍ ഇത്തവണ ‘സോഷ്യല്‍ എന്‍ജിനീയറിങ്’ പരീക്ഷിക്കാനാണ് യു.ഡി.എഫ് നീക്കം. സര്‍ക്കാരിനെതിരായ വികാരം വോട്ടാക്കി മാറ്റാന്‍ കഴിവുള്ള, ജനകീയനായ ഒരാളെ അണിനിരത്തുക എന്നതാണ് ലക്ഷ്യം.

രതീഷ് അനിരുദ്ധനെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് മണ്ഡലത്തില്‍ പുതിയൊരു ആവേശം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’; പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’; പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക.

ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച ആകെ 6,04,046 വീടുകളിൽ 5,00,364 വീടുകളുടെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയാക്കിയത്. ബാക്കിയുള്ള 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും സർക്കാർ അറിയിച്ചു. പട്ടികവർഗ വിഭാഗത്തിന് വീട് നിർമ്മാണത്തിനായി ആറ് ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് സർക്കാർ നൽകുന്നത്.

വൈകിട്ട് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും.

‘മനസോടിത്തിരി മണ്ണ്’ പദ്ധതിക്കായി 2.61 ഏക്കർ ഭൂമി സംഭാവന ചെയ്ത കെ സുകുമാരൻ വൈദ്യരെയും, ലൈഫ് മിഷന് പിന്തുണ നൽകിയ കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ, ലയൺസ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും.

നേറ്റിവിറ്റി കാര്‍ഡ്, അബ്കാരി ഭേദഗതി ബില്ലുകള്‍ ഇന്ന് പാസാക്കും; നിയമസഭ പിരിയും

നേറ്റിവിറ്റി കാര്‍ഡ്, അബ്കാരി ഭേദഗതി ബില്ലുകള്‍ ഇന്ന് പാസാക്കും; നിയമസഭ പിരിയും

തിരുവനന്തപുരം: നേറ്റിവിറ്റി കാര്‍ഡ്, അബ്കാരി ഭേദഗതി, അഭിഭാഷക, ക്ലാര്‍ക്ക്സ് ക്ഷേമനിധി ബില്ലുകള്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകള്‍ ഇന്ന് സഭ പാസാക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരത്വം പോലെ കേരളീയനെന്നു തെളിയിക്കുന്ന നിയമപ്രാബല്യമുള്ള രേഖയായിരിക്കും നേറ്റിവിറ്റി കാര്‍ഡ് എന്ന് ബില്‍ അവതരിപ്പിച്ച റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ജനിച്ചുവളര്‍ന്ന മണ്ണില്‍ പൗരത്വം നിഷേധിക്കുന്ന നിയമങ്ങള്‍ രാജ്യത്തുപാസാക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്‍ഡ് കേരളം അവതരിപ്പിക്കുന്നത്.

നിലവിലെ വിവരങ്ങള്‍ക്കുപുറമെ സര്‍ക്കാര്‍ വരുംകാലങ്ങളില്‍ നിര്‍ദേശിക്കുന്ന മറ്റ് വ്യക്തിപരമായ വിവരങ്ങള്‍ കൂടി കാര്‍ഡില്‍ ചേര്‍ക്കാന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്‍ അവതരണവേളയില്‍ സഭയില്‍ ഇല്ലാതിരുന്ന പ്രതിപക്ഷത്തെ അദ്ദേഹം വിമര്‍ശിച്ചു. അഭിഭാഷകരുടെയും ക്ലാര്‍ക്കുമാരുടെയും ദീര്‍ഘകാലമായുള്ള ആവശ്യങ്ങളാണ് അഭിഭാഷക, ക്ലാര്‍ക്ക്‌സ് ക്ഷേമനിധി ബില്ലുകളിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

അഭിഭാഷകരുടെ ക്ഷേമനിധി, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ പത്തുലക്ഷത്തില്‍ നിന്നും ഇരുപത് ലക്ഷമായി ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കള്ളില്‍ നിന്നും വിനാഗിരി ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുള്ള അബ്കാരി ഭേദഗതി ബില്‍ മന്ത്രി എംബി രാജേഷ് അവതരിപ്പിച്ചു.

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ശനിയാഴ്ച; ആദ്യഘട്ടം കൈമാറുന്നത് 178 വീടുകള്‍

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ശനിയാഴ്ച; ആദ്യഘട്ടം കൈമാറുന്നത് 178 വീടുകള്‍

തിരുവനന്തപുരം: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവര്‍ക്ക് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്. ഫെബ്രുവരി 25നായിരുന്നു നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും.

വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കുന്നുണ്ട്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിജീവിതര്‍ക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കല്‍. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പ്. ടൗണ്‍ഷിപ്പിന്റെ ശേഷിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; മുന്നറിയിപ്പ്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് പകല്‍സമയത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും.

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.

ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപയും നല്‍കി. എന്നാല്‍ 2011-16 കാലയളവിലെ യുഡിഎഫ് സര്‍ക്കാര്‍ വെറും 9,011 കോടി രൂപ മാത്രമാണ് നല്‍കിയിരുന്നത്.

യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ ഘട്ടംഘട്ടമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2,000 രൂപയായി ഉയര്‍ത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.