പുനഃപരിശോധനാ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിന്

പുനഃപരിശോധനാ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട വിധി ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളി. അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമായ വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയതെന്നും വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ച് വിലയിരുത്തി. കേസ് ഉച്ചയ്ക്കു ശേഷം ഫുള്‍ ബെഞ്ച് പരിഗണിക്കും.

ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ആര്‍എസ് ശശികുമാര്‍ വാദിച്ചത്. എന്നാല്‍ ഇത് രണ്ടംഗ ബെഞ്ച് പരിഗണിച്ചില്ല. ഉച്ചയ്ക്ക് ശേഷം ലോകായുക്തയുടെ ഫുള്‍ ബെഞ്ച് വീണ്ടും പരിഗണിക്കും. ഉപലോകായുക്ത ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് കൂടി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.

ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ അവര്‍ ആ വശ്യപ്പെടുന്നിടത്ത് കെഎസ്ആര്ടിസി ബസ് നിര്ത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ്

തിരുവനന്തപുരം: ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ അവര്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി. സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇതു ബാധകമാണ്.

‘മിന്നല്‍’ ബസുകൾ ഒഴികെ എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ നിർത്തണം. മിന്നല്‍ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആർടിസി എംഡി കർശനനിർദേശം നല്കിയിരുന്നു. എന്നാൽ പിന്നീടും രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാലും സ്റ്റോപ്പിൽ മാത്രമേ ഇറക്കൂ എന്ന് കണ്ടക്ടർ നിർബന്ധം പിടിയ് ക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികള്‍ വരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാൻ മന്ത്രി ആന്റണി രാജു നിർദേശിച്ചത്.

ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവല്‍ വിനയന്റെ മകന്‍ രണ്ടു വയസ്സുകാരന്‍ വിഘ്‌നേശ്വര്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.

സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ചന്തകള്‍ ഇന്നു ആരംഭിക്കും

സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ചന്തകള്‍ ഇന്നു ആരംഭിക്കും

തിരുവനന്തപുരം: സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ചന്തകള്‍ ഇന്നു ആരംഭിക്കും. ഇന്നു മുതല്‍ ഈ മാസം 21 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. വിഷുവിനും റംസാനും സ്‌പെഷല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റു സാധനങ്ങള്‍ എന്നിവ 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ മേളകളില്‍ വില്‍പ്പന നടത്തും. അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഇനങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും.

സപ്ലൈകോ വിഷു- റംസാന്‍ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഉത്സവസീസണുകളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സ്‌പെഷല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 17മുതൽ ക്വാറി, ക്രഷറുകൾ അടച്ചിടുമെന്നു ഭാരവാഹികൾ

സംസ്ഥാനത്ത് 17മുതൽ ക്വാറി, ക്രഷറുകൾ അടച്ചിടുമെന്നു ഭാരവാഹികൾ

കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ 17 മുതൽ സംസ്ഥാനത്ത് ക്വാറി, ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരിങ്കൽ ഉത്പന്നങ്ങളുടെ വില വർധനവിന് ഇടയാക്കുന്ന സർക്കാരിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക, റവന്യൂ ക്വാറി വിഷയം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഏപ്രിൽ ഒന്നു മുതൽ സർക്കാർ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് റോയൽറ്റിയും, ഡീലേഴ്സ്, ലൈസൻസ് ഫീസുകളും വൻതോതിൽ വർധിപ്പിച്ചു. ഇരട്ടി വില ബാധ്യത വന്നതോടെ ഉൽപന്നങ്ങൾക്ക് വില വർധനയല്ലാതെ രക്ഷയില്ലാത്ത അവസ്ഥയിലാണ് മേഖല. സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കൾക്ക് കേരളത്തിനു പുറത്ത് ബിനാമി പേരിൽ നിരവധി ക്വാറികൾ ഉണ്ട്. അവരെ സഹായിക്കാനും, സംസ്ഥാനത്തെ ക്വാറികളെ തകർക്കാനുമാണ് ഇപ്പോൾ ശ്രമം നടന്നു വരുന്നതെന്ന് സംശയിക്കേണ്ടിവരുന്നെന്നും കോ – ഓഡിനേഷൻ ഭാരവാഹികളായ എം.കെ ബാബു, എം.എ യൂസുഫ്, യു സൈത്, ഇസ്മയിൽആനപ്പാറ, ബാവതാരശ്ശേരി തുടങ്ങിയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; 4 സൈനിക‍ർ കൊല്ലപ്പെട്ടു

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; 4 സൈനിക‍ർ കൊല്ലപ്പെട്ടു

ചണ്ഡീ​ഗഢ്: പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. രണ്ടു ദിവസം മുൻപ് തിരകളുള്ള ഒരു തോക്ക് കേന്ദ്രത്തിൽ നിന്നും കാണാതായിരുന്നു, ഇതിനായി തെരച്ചിൽ നടത്തിയിരുന്നു. സൈനികൻ തന്നെ ആയിരിക്കും വെടിയുതിർത്തത് എന്നു പഞ്ചാബ് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പുറത്ത് നിന്നുള്ളവർ അല്ല അക്രമം നടത്തിയത് എന്ന് പഞ്ചാബ് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.