by Midhun HP News | Apr 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ മാവേലിക്കരയില്‍ പന്ത്രണ്ടു വയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കൊല്ലം മരുതൂര്‍കുളങ്ങര മങ്ങാട്ട് തെക്കേ വീട്ടില്‍ സുകു ഭവാനന്ദന്‍ ആണ് അറസ്റ്റിലായത്. ശരീരമാകെ മുറിവേറ്റ നിലയില്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും ഗുരുതര പരിക്കുണ്ട്. പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുകയാണ് കുടുംബം.
സുകു ഇളയമകനെ ക്രൂരമായി മര്‍ദിക്കുന്നതായി അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ തനിയെ വീണ് പരിക്കേറ്റു എന്നായിരുന്നു കുട്ടിയുടെ മൊഴി. പിന്നീട് കുട്ടിക്ക് ക്രൂര മര്‍ദനമേറ്റെന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ അമ്മ സുകുവിന്റെ മര്‍ദനം കാരണം കഴിഞ്ഞദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്നു. ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലും പ്രതിയാണ് അറസ്റ്റിലായ സുകു.

by Midhun HP News | Apr 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പ്രമുഖ ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചാവരുകാവിൽ പുതിയതടത്തിൽ വീട്ടിൽ ജിത്തു (22), കിളിമാനൂർ കീഴ്പേരൂർ കാട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസും തിരു: റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിൽ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും ബലാൽസംഗ കേസിലും പ്രതിയാണ്. കവർച്ചയ്ക്കു ശേഷം സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന ഇവർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. തൃശൂരിൽ നിന്നാണ് ഡാൻസാഫ് ടീം പ്രതികളെ പിടികൂടിയത്.

മാർച്ച് 23നായിരുന്നു എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ച് കവർച്ച നടന്നത്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐ ശാഖയിലടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ പണം പിടിച്ചുപറിച്ച് കടന്നു കളഞ്ഞത്.
ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ മാനേജർ അടുത്തെത്തിയപ്പോൾ കൈയിലെ പണം തട്ടിപ്പറിച്ച് സ്റ്റാർട്ട് ചെയ്തു നിർത്തിയിരുന്ന സ്കൂട്ടറോടിച്ച് അമിത വേഗതയിൽ കടന്നു കളയുകയായിരുന്നു. മാനേജർ പുറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു.സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.
മംഗലപുരം പൊലീസ് നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ രാത്രിയോടെ പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു. പമ്പിൽനിന്നും സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിളികളും പരിശോധിച്ചാണ് കവർച്ചയ്ക്കു ശേഷം പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്ന ഇവരെ മംഗലപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.റ്റി.രാസിത്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജയകുമാർ, മംഗലപുരം ഐ.എസ്.എച്ച്.ഒ സിജു.കെ.എൽ.നായർ, സബ്ബ് ഇൻസ്പെക്ടർ ഷാലു, ഡാൻസാഫ് ടീം അംഗങ്ങളായ ഫിറോസ്ഖാൻ, ബിജു, ദിലീപ്, അനൂപ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
by Midhun HP News | Apr 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. രാജഗിരിയിൽ കൃഷിയിടത്തിൽ പരിക്കേറ്റ നിലയിലാണ് എബിനെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ഇയാളെ ആശുപത്രിയലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസും. എബിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

by Midhun HP News | Apr 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ഉന്നതരുടെ പങ്ക് അന്വേഷിക്കാന്‍ ഇഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പ്രസ്താവിക്കുക.
സ്വര്‍ണ- ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാണ് ഹര്‍ജിക്കാരനായ കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ ആരോപിക്കുന്നത്.

അതേസമയം, ഹര്‍ജി നിയമപരമായി നില നില്‍ക്കില്ലെന്നാണ് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച് ആര്‍ഡിഎസ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് ഹര്‍ജിക്കാരന്‍. ഇക്കാര്യം മറച്ചുവച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി.
by Midhun HP News | Apr 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രുവനന്തപുരം: സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ചന്തകള്‍ ഇന്നു ആരംഭിക്കും. ഇന്നു മുതല്‍ ഈ മാസം 21 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. വിഷുവിനും റംസാനും സ്‌പെഷല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റു സാധനങ്ങള്‍ എന്നിവ 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ മേളകളില്‍ വില്‍പ്പന നടത്തും. അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഇനങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും.
സപ്ലൈകോ വിഷു- റംസാന്‍ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഉത്സവസീസണുകളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സ്‌പെഷല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

by Midhun HP News | Apr 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ 240 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില. തുടർച്ചയായി ഇടിഞ്ഞിരുന്നെങ്കിലും രണ്ട് ദിവസംകൊണ്ട് വൻ വർധനവാണ് ഉണ്ടായത്.
640 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ ഉയർന്നു. വിപണി വില 5620 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4680 രൂപയാണ്.

Recent Comments