by Midhun HP News | Apr 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിധി പറയും. മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതിയാണ് കേസിൽ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിനൊടുവിലാണ് വിധി പറയാൻ ഒരുങ്ങുന്നത്. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം.അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയാൻ ഒരുങ്ങുന്നത്. ഒറ്റപ്പെടുത്തലുകളും ഭീഷണികളും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് വിധിയിലേക്കെത്തുന്നത്.
കേസിൽ 16 പേരാണ് പ്രതികൾ. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിന്റെ അന്തിമ വാദം മാർച്ച് പത്തിന് പൂർത്തിയായി. പ്രോസിക്യൂട്ടർമാർ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. 18 ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങളാൽ കേസിലെ വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ ചില സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.
by Midhun HP News | Apr 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: തീ പിടിച്ചതിന് പിന്നാലെ ട്രെയിനിൽ നിന്ന് ചാടിയ മൂന്ന് പേരിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ഒരു പാളത്തിലും മറ്റ് രണ്ട് പേരുടേത് രണ്ടാമത്തെ പാളത്തിലും. കുഞ്ഞിന്റെ പാദമറ്റ നിലയിലായിരുന്നു. കുട്ടിയുടെ മൃതദേഹം ഒരു പാളത്തിലും മറ്റുള്ളവരുടേത് രണ്ടാമത്തെ പാളത്തിലും കണ്ടത് ദുരൂഹമാണ്. ഇവർ ചാടുന്നത് മറ്റു യാത്രക്കാർ അറിഞ്ഞിട്ടില്ല എന്നതും ദുരൂഹത വർധിപ്പിക്കുന്നു.
മരിച്ച മറ്റു രണ്ട് പേര്‍ക്കും തലയ്ക്ക് ക്ഷതമേറ്റ പരിക്ക് മാത്രമാണുള്ളത്. പിന്നാലെ വന്ന തീവണ്ടി കയറിയിറങ്ങിയതിന്റെ ലക്ഷണങ്ങളൊന്നുമില്ല.
എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് 250 മീറ്റര്‍ അകലെ റെയില്‍പ്പാളത്തില്‍ മണിക്കൂറുകളോളമാണ് മൂന്ന് പേരുടെ മൃതദേഹം അനാഥമായി കിടന്നത്. രാത്രി ഒമ്പതരയോടെയാണ് ട്രെയിനിൽ തീവെപ്പുണ്ടായത്. ചങ്ങല വലിച്ച് കോരപ്പുഴ പാലത്തിനു സമീപം ട്രെയിൻ നില്‍ക്കുന്നതിനു മുമ്പേ ഈ മൂന്ന് പേരും ട്രാക്കില്‍ വീണിരിക്കാമെന്നാണ് നിഗമനം. രാത്രി ഒരു മണിക്കു ശേഷമാണ് പാളത്തില്‍ മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിന് ലഭിച്ചത്.
എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് പിന്നാലെ വന്ന ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹങ്ങൾ കണ്ടത് എന്നാണ് പറയുന്നത്. തുടര്‍ന്ന് ആര്‍പിഎഫും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി. അപ്പോഴേക്കും നാല് മണിക്കൂര്‍ കഴിഞ്ഞിരുന്നു. അപകടം നടന്നയുടനെ ഇവര്‍ മരിച്ചോ അതോ അതിന് ശേഷമാണോ മരണം സംഭവിച്ചത് എന്നതൊന്നും വ്യക്തമല്ല. അതിനിടെ പ്രതിയെ തേടി റെയിൽവേ പൊലീസ് ഉത്തർപ്രദേശിൽ. റെയിൽവേ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ വിമാന മാർഗം നോയിഡയിലെത്തി. പ്രതി യുപി സ്വദേശിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചത്. സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ എൻഐഎയും അന്വേഷണം നടത്തും.
by Midhun HP News | Apr 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈയിലെ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് പതിവ് തെറ്റിച്ചില്ല. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അവർ സ്വന്തം തട്ടകത്തിൽ അതിശക്തമായി തിരിച്ചെത്തി. രണ്ടാം മത്സരത്തിൽ അവർ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ വീഴ്ത്തി. ഈ സീസണിലെ ആദ്യ വിജയവും അവർ സ്വന്തം തട്ടകത്തിൽ കുറിച്ചു. 12 റൺസിനാണ് ചെന്നൈ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് മുന്നിൽ വച്ചത്. മറുപടി പറയാനിറങ്ങിയ ലഖ്നൗ തുടക്കത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ നഷ്ടമായത് അവരെ പിന്നോട്ടടിച്ചു. ലഖ്നൗവിന്റെ പോരാട്ടം നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു.
ആദ്യ കളിയിൽ അർധ സെഞ്ച്വറി നേടി ലഖ്നൗവിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച ഓപ്പണറും വിൻഡീസ് താരവുമായ കെയ്ൽ മേയേഴ്സ് കൂറ്റനടികളുമായി തുടക്കം മുതൽ കത്തിക്കയറി. തുടർച്ചയായി രണ്ടാം മത്സരത്തിലും താരം അർധ ശതകം നേടി. എന്നാൽ താരം മടങ്ങിയതോടെ ലഖ്നൗവിന്റെ തകർച്ചയും തുടങ്ങി.
22 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം മേയേഴ്സ് 53 റൺസുമായി മടങ്ങി. ക്യാപ്റ്റൻ കെഎൽ രാഹുലുമൊത്തുള്ള ഓപ്പണിങ് സഖ്യത്തിൽ 5.3 ഓവറിൽ 79 റൺസ് ബോർഡിൽ ചേർത്താണ് താരം മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ ആറ് പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ രാഹുലും പുറത്തായതോടെ മൂന്നിന് 82 എന്ന നിലയിലായി ലഖ്നൗ. ഹൂഡയ്ക്കു ശേഷമെത്തിയ ക്രുണാൽ പാണ്ഡ്യയും കാര്യമായി ക്രീസിൽ നിന്നില്ല. താരം ഒൻപത് റൺസെടുത്ത് മടങ്ങി.
പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് (18 പന്തില്‍ 21), നിക്കോളാസ് പുരന്‍ (18 പന്തില്‍ 32), ആയുഷ് ബദോനി (18 പന്തില്‍ 23), കെ ഗൗതം (പുറത്താകാതെ 11 പന്തില്‍ 17), മാര്‍ക് വുഡ് (പുറത്താകാതെ മൂന്ന് പന്തില്‍ 10) എന്നിവര്‍ ശ്രമിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. പുരന്‍ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തി. ചെന്നൈയ്ക്കായി മൊയീൻ അലി നാല് വിക്കറ്റുകൾ വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ രണ്ടും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ എ സി എ സി നഗറിൽ 25ആം വാർഡിൽ സീറോ വേസ്റ്റ് ഡേയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കൗൺസിലർ വി. മുരളീധരൻ നായർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡിലെ ആശ വർക്കർമാരും ജാഗ്രതാ സമിതിക്കാരും കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചേർന്ന് ശുചീകരണ പ്രവർത്തനം ഗംഭീരമാക്കി. അഗങ്ങളും ഇതിൽ പങ്കുചേർന്നു. സീറോ വേസ്റ്റ് ഡേയുടെ ഭാഗമായി മറ്റു വാർഡുകളിലും
ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ആളെ തിരച്ചറിഞ്ഞതായി സൂചന. ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫിയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ട്രാക്കില്‍ ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും.
ഇയാള്‍ നോയിഡ സ്വദേശിയാണെന്ന പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിര്‍മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. അതേസമയം, ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം ഉണ്ടായിരുന്നില്ല. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് മാര്‍ച്ച് 30ന് ആണെന്നും കോള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിപി അനില്‍കാന്ത് നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമന്‍ ആണ് സംഘത്തലവന്‍. 18 പേരാണ് സംഘത്തിലുള്ളത്. എഡിജിപി എം.ആര്‍. അജിത് കുമാര്‍ മേല്‍നോട്ടം വഹിക്കും. അന്വേഷണം സംബന്ധിച്ച തുടര്‍നടപടികള്‍ കണ്ണൂരിലെത്തി ചര്‍ച്ച നടത്തിയശേഷം തീരുമാനിക്കുമെന്നു ഡിജിപി അനില്‍കാന്ത് പറഞ്ഞു. കുറച്ചു തെളിവുകള്‍ ലഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടും. തീവ്രവാദവിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നു ഡിജിപി അറിയിച്ചു.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 104 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തി മികച്ച സംവിധാനങ്ങളും സേവനങ്ങളുമൊരുക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേര്‍ന്ന് നടപടി സ്വീകരിച്ചു വരുന്നു. എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
Recent Comments