കാണാൻ വെറും രണ്ട് പേർ; ‘കേരള സ്റ്റോറി 2’ ഷോ കാൻസൽ ചെയ്തു

കാണാൻ വെറും രണ്ട് പേർ; ‘കേരള സ്റ്റോറി 2’ ഷോ കാൻസൽ ചെയ്തു

കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ ഇന്ന് മുതൽ പ്രദർശനം തുടങ്ങും. കൊച്ചി അടക്കമുള്ള ന​ഗരങ്ങളിൽ ന്യൂൺ ഷോ മുതൽ പ്രദർശനം നടക്കും. അതേസമയം കാണാൻ ആളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ‘കേരള സ്റ്റോറി 2’ വിന്റെ പ്രദർശനം റദ്ദാക്കി.

കോഴിക്കോട് റീ​ഗൽ തിയറ്ററിലാണ് പ്രദർശനം കാൻസൽ ചെയ്തത്. രണ്ട് പേർ മാത്രമാണ് സിനിമയ്ക്ക് ബുക്ക് ചെയ്തിരുന്നത്. രാത്രി പത്ത് മണിയോടെ പ്രദർശിപ്പിക്കേണ്ട ഷോയ്ക്ക് ആളില്ലാത്തതിനെ തുടർന്ന് തിയറ്റർ അധികൃതർ ഷോ കാൻസൽ ചെയ്തതായി അറിയിക്കുകയായിരുന്നു. കൊച്ചിയിലെ ചിത്രത്തിന്റെ ഇന്നത്തെ ആദ്യ ഷോയ്ക്ക് ഒരാൾ പോലും ബുക്ക് ചെയ്തിട്ടില്ല. ന്യൂക്ലിയസ് മാൾ പാൻ സിനിമാസിലാണ് കൊച്ചിയിലെ ആദ്യ ഷോ നടക്കുക. മറ്റു ഷോകൾക്കും വിരലിലെണ്ണാവുന്ന ബുക്കിങ് മാത്രമാണ് നടന്നിരിക്കുന്നത്. കൊച്ചിയിൽ 9 ഇടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയര്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമായിരുന്നു നിര്‍മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.

കെകെ ശൈലജ, തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, എം സ്വരാജ്, എഎന്‍ ഷംസീര്‍ മത്സരിക്കുമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

കെകെ ശൈലജ, തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, എം സ്വരാജ്, എഎന്‍ ഷംസീര്‍ മത്സരിക്കുമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഇന്ന് ചേരും. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. സ്ഥാനാര്‍ഥികളുടെ പാനലില്‍ ഉള്‍പ്പെട്ട മുന്ന് ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കണമോയെന്നതും യോഗത്തില്‍ ചര്‍ച്ചയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലാ സെക്രട്ടറിമാരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതുണ്ടോയെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.

എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് ഏകദേശ ധാരണയാകും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗം കെകെ ശൈലജ എന്നിവരുടെ പേരുകള്‍ അതാത് ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മട്ടന്നൂര്‍ സീറ്റ് ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് നിലപാട് കെകെ ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് മത്സരിക്കുമെന്ന് ഉറപ്പാണ്. ടിപി രാമകൃഷ്ണന്‍, തോമസ് ഐസക്, എം സ്വരാജ്, എംവി ജയരാജന്‍, പികെ ബിജു എന്നിവര്‍ മത്സരരംഗത്തുണ്ടാകുമോയെന്ന കാര്യവും ഇന്നറിയാം. സ്പീക്കര്‍ എംഎന്‍ ഷംസീറിന് ഇത്തവണ സീറ്റ് ലഭിക്കാന്‍ ഇടയില്ലെന്നാണ് വിവരം.

ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ജില്ലാ സെക്രട്ടറിയേറ്റ് പാനലില്‍ തിരുത്തല്‍ വേണമെങ്കില്‍ അക്കാര്യം നിര്‍ദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുക. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കണ്ണൂര്‍, എ കെ ശശീന്ദ്രന്റെ എലത്തൂര്‍ ,ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം , ആര്‍ജെഡി -ജെഡിഎസ് തര്‍ക്കമുള്ള കോവളം എന്നീ സീറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉണ്ടാവും.

മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാര്‍ച്ച് ഏഴിന് മുന്‍പ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനുണ്ടാകുമെന്നും എംഎ ബേബി ഇന്നലെ പിബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.

ലോറിയിലേക്ക് കാര്‍ പാഞ്ഞു കയറി; ഫുട്പാത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; വാഹനാപകടങ്ങളില്‍ ഏഴ് മരണം

ലോറിയിലേക്ക് കാര്‍ പാഞ്ഞു കയറി; ഫുട്പാത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; വാഹനാപകടങ്ങളില്‍ ഏഴ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, ഫറോക്ക് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്. മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ 5 പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ രണ്ടുപേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ച ഒന്നരയ്ക്കുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ഹോട്ടല്‍ തൊഴിലാളികളായ നെയ്യാറ്റിന്‍കര സ്വദേശികളായ സജിന്‍, പ്രണവ്, ഇതരസംസ്ഥാന തൊഴിലാളിയായ ഋതിക് എന്നിവരാണ് മരിച്ചത്. മൂന്നുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തലയ്ക്ക് സാരമായി പരിക്കേറ്റ് രക്തം വാര്‍ന്നാണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് പ്രാദേശിക അവധി, തലേദിവസവും അവധി വേണമെന്ന് മേയർ

ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് പ്രാദേശിക അവധി, തലേദിവസവും അവധി വേണമെന്ന് മേയർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചു.

അതേ സമയം, പൊങ്കാലയുടെ തലേദിവസം (മാർച്ച് 2) അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പറഞ്ഞു.

”സാധാരണ പൊങ്കാലയുടെ തലേദിവസം ഉച്ചയ്ക്ക് ശേഷം നഗരത്തിന് സർക്കാർ അവധി കൊടുക്കുന്നതാണ്. എന്നാൽ ഇത്തവണ ആ ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊണ്ട് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കോർപറേഷൻ സർക്കാരിന് കത്ത് നൽകും” അദ്ദേഹം പറഞ്ഞു.

ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവത്തിനു ഫെബ്രുവരി 28ന് തുടക്കമാകും

ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവത്തിനു ഫെബ്രുവരി 28ന് തുടക്കമാകും

ശ്രീ പുല്ലയിൽവീട് ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവവും പുന: പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 28, മാർച്ച് 1, 2 തീയതികളിൽ നടക്കും.

28ന് രാവിലെ നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകും. വൈകുന്നേരം 4. 30ന് സമൂഹ പൊങ്കാല, രാത്രി എട്ടുമണിക്ക് സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ് 2k26

മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 11 മണിക്ക് സമൂഹസദ്യ ഉണ്ടായിരിക്കും. വൈകുന്നേരം 7 മണിക്ക് കൈകൊട്ടിക്കളി,

മാർച്ച് 2നു രാവിലെ 11ന് നാഗരൂട്ട്, വൈകുന്നേരം 5.30ന് താലപ്പൊലിയും വിളക്കും, രാത്രി 9. 30ന് മെഗാ ഗാനമേള, രാത്രി 12ന് ഗുരുസിയോടെ ഉത്സവത്തിന് സമാപനമാകും.

വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ വിളംബര ജാഥ സംഘടിപ്പിച്ചു

വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ വിളംബര ജാഥ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. വക്കം ചന്തവിള ജംഗ്ഷനിൽ നിന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്ത വിളംബര ജാഥ ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ, എന്നീ മണ്ഡലങ്ങളിൽ കൂടി സഞ്ചരിച്ചു ആറ്റിങ്ങൽ നഗരസഭ ഉൾപ്പെട്ടു വരുന്ന മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സമാപിച്ചു.

സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എൻ. ബിഷ്‌ണു അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി റ്റി.പി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് രാജ്, ബ്ലോക്ക് ഭാരവാഹികളായ കവലയൂർ മുരുകൻ, വിനയകുമാർ, ബിജി ഉണ്ണി, അശോക് കുമാർ, വക്കം സലിം രാജ്, വക്കം അശോകൻ, ആറ്റിങ്ങൽ ബ്ലോക്കിൽ പെട്ട കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാർ, കോൺഗ്രസ്‌ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ, ബൂത്ത്‌ ഭാരവാഹികൾ തുടങ്ങിയവർ വിളംബര ജാഥയിൽ പങ്കെടുത്തു.