ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK- 42 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RR 161862 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RR 247252 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RW 717174 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറ; എസ്‌ഐ അടക്കം നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറ; എസ്‌ഐ അടക്കം നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറയില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ, എഎസ്‌ഐ, രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

മോഷണക്കേസ് പ്രതിയായ ജിനുവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് കേസ്. ബൈക്ക് മോഷണ കേസിലെ പ്രതികള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതില്‍ ഇവര്‍ കുറ്റക്കാരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

കേസില്‍ കസ്റ്റഡിയിലെടുത്ത ജിനു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവന് വേണ്ടി മല്ലിടുകയാണ്. കിഡ്‌നി തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. പൊലീസുകാരുടെ മൂന്നാംമുറയെ തുടര്‍ന്ന് ഗുരുതര പരിക്കാണ് ജിനുവിന് ഉണ്ടായത്. ജിനുവിന് പുറമേ കേസില്‍ അറസറ്റ് ചെയ്യപ്പെട്ട ഉണ്ണി എന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ജിനുവിന്റെ വൃക്കകള്‍ക്കും മസിലിനും ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചിയില്‍ നിന്നാണ് ജിനുവിനെ പിടികൂടിയത്. എന്നാല്‍ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത് എന്ന് കാണിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കി. അത്തരത്തില്‍ അറസ്റ്റ് റിപ്പോര്‍ട്ടിലും കൃത്രിമം കാട്ടി എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ വാഹനത്തില്‍ ഇട്ടും തിരുവനന്തപുരത്ത് എത്തിച്ച ശേഷം സ്റ്റേഷനില്‍ ഇട്ടും ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാലു പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശിച്ചിട്ടുണ്ട്.

‘അന്ന് ശരിക്കും താലി കെട്ടി, ഞാന്‍ ഭയന്നുപോയി; അവള്‍ പക്ഷെ പേടിച്ചില്ല’; രശ്മികയെ താലികെട്ടിയതിനെപ്പറ്റി അന്ന് വിജയ് പറഞ്ഞത്

‘അന്ന് ശരിക്കും താലി കെട്ടി, ഞാന്‍ ഭയന്നുപോയി; അവള്‍ പക്ഷെ പേടിച്ചില്ല’; രശ്മികയെ താലികെട്ടിയതിനെപ്പറ്റി അന്ന് വിജയ് പറഞ്ഞത്

ഏഴ് വര്‍ഷത്തെ നീണ്ട പ്രണയ കാലത്തിന് ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായിരിക്കുകയാണ്. ഉദയ്പൂരില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ ഒന്നായത്. സോഷ്യല്‍ മീഡിയ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. രശ്മികയുടേയും വിജയിയുടേയും സന്തോഷത്തിന്റെ ഭാഗമാവുകയാണ് സിനിമാ ലോകവും ആരാധകരും.

ഏഴ് വര്‍ഷത്തെ നീണ്ട പ്രണയ കാലത്തിന് ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായിരിക്കുകയാണ്. ഉദയ്പൂരില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ ഒന്നായത്. സോഷ്യല്‍ മീഡിയ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. രശ്മികയുടേയും വിജയിയുടേയും സന്തോഷത്തിന്റെ ഭാഗമാവുകയാണ് സിനിമാ ലോകവും ആരാധകരും.

രശ്മികയും വിജയിയും വിവാഹിതരാകുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ഗീത ഗോവിന്ദത്തിലെ വിവാഹ രംഗവും കടന്നു വരുന്നുണ്ട്. ഇരുവരുടേയും കഥാപാത്രങ്ങള്‍ വിവാഹിതരാകുന്നിടത്താണ് ഗീത ഗോവിന്ദം അവസാനിക്കുന്നത്. ആരാധകരുടെ മനസ് നിറച്ച രംഗമാണെങ്കിലും, ഈ രംഗം ചിത്രീകരിക്കുമ്പോള്‍ താനാകെ ഭയന്നു പോയിരുന്നുവെന്ന് മുമ്പൊരിക്കല്‍ വിജയ് പറഞ്ഞിരുന്നു.

”മണ്ഡപത്തില്‍ ചെന്നിരിക്കുന്നതിലൊന്നും കുഴപ്പമില്ല. പക്ഷെ ഞാന്‍ അവളുടെ കഴുത്തില്‍ താലിയില്‍ മൂന്ന് കെട്ടിടുന്ന രംഗമുണ്ട്. അത് എന്നെ ഭയപ്പെടുത്തി. വെറും ഷൂട്ടിങ് ആണെന്ന് അറിയാമായിരുന്നെങ്കിലും, എന്റെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടി പട്ടു സാരിയൊക്കെ ധരിച്ചാണിരിക്കുന്നത്. ഞാനും പട്ട് വസ്ത്രം ധരിച്ചിരിക്കുന്നു. ശരിക്കുമൊരു കല്യാണം പോലെ തന്നെ ഉണ്ടായിരുന്നു. പൂക്കളടക്കം എല്ലാമുണ്ടായിരുന്നു. അവര്‍ എന്നോട് മൂന്ന് കെട്ടിടാന്‍ പറയുകയും ചെയ്തു” എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

”എന്താണ് ഈ സംഭവിക്കുന്നത്? എന്ന് ഞാന്‍ ഭയന്നു. ഇത് അസാധാരണമാണെന്ന് ഞാന്‍ നായികയോട് പറയുകയും ചെയ്തു. സ്‌ക്രീനിലെ അവളുടെ മൂന്നാമത്തെ കല്യാണമായിരുന്നു അത്. അതിനാല്‍ അവള്‍ക്ക് ആശങ്കയുണ്ടായിരുന്നില്ല.” എന്നും വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ ആ രംഗം ജീവിതത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ് ഇരുവരും.

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ

ചിറയിൻകീഴ്: നിലത്തിൽ പോരിനൊരുങ്ങി ശാർക്കര. ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ 4 മണി മുതൽ ഹൃദയപൂർവം ന്യൂസിന്റെ ഫേസ് ബുക്കിലും യൂ ട്യൂബിലും കാണാവുന്നതാണ്. ഇന്ന് ഉച്ചകഴിഞ്ഞ് വെയിൽ താഴ്ന്ന് 4മണി കഴിഞ്ഞാലുടൻ നിലത്തിൽ പോര് ആരംഭിക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ അറിയിച്ചത്.

എട്ടു ദിവസങ്ങളായി ശാർക്കരദേവീ ക്ഷേത്രത്തിൽ നടക്കുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തിയാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിയൂട്ട് മഹോത്സവം 250 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങി വച്ചതാണ്. തുടരെത്തുടരെ പരാജയപ്പെട്ട കായംകുളം യുദ്ധം വിജയിക്കാൻ ശാർക്കര ദേവിയ്ക്ക് കാളിയൂട്ട് നേരുകയും തുടർന്നു യുദ്ധം വിജയിച്ചപ്പോൾ രാജാവ് നേരിട്ടെത്തി കാളിയൂട്ട് നടത്തുകയുമായിരുന്നു. അന്ന് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ ഇന്നും മുറതെറ്റാതെ നടന്നു വരുന്നു.

കാളിയൂട്ട് മഹോത്സവത്തിനായി ചിറയിൻകീഴാകെ ഒരുങ്ങിക്കഴിഞ്ഞു. 9 ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ട് ചടങ്ങിലെ അവസാന ദിവസം ആണ് നിലത്തിൽ പോര്. തിന്മക്കു മേൽ നന്മയുടെ വിജയം, മതസൗഹാർദ്ദത്തിന്റെ പ്രതീകം എന്നിവയാണ് കാളിയൂട്ടിന്റെ പ്രസക്തി ഇപ്പോഴും വിളിച്ചോതുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരാനുസ്ടാനങ്ങളോടെ നടക്കുന്ന കാളിയൂട്ട് വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ എത്താറുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്ര പരിസരത്ത് മുടിയുഴിച്ചിൽ നടന്നു. ക്ഷേത്രത്തിന്റെ അഞ്ചുകിലോമീറ്ററോളം ചുറ്റളവ് മുടിയുഴിച്ചിലിന് വേദിയായി. ദാരികനെത്തേടി അലയുന്നുവെന്ന സങ്കല്പത്തിലാണ് മുടിയുഴിച്ചിൽ. ദാരികനെത്തേടി നാനാദിക്കിലും അലഞ്ഞ ദേവി നിരാശയായി തിരിച്ചെത്തി.

ഇന്ന് വൈകുന്നേരം അരങ്ങേറുന്ന നിലത്തിൽപ്പോരിൽ ദാരിക നിഗ്രഹം നടത്തി തിന്മയുടെമേൽ നന്മയുടെ വിജയം നേടും. തിന്മയുടെമേൽ വിജയം കൊയ്ത് നന്മയുടെ വിത്തെറിയാൻ ശാർക്കര ദേവി ഇന്ന് അടർക്കളം നിറഞ്ഞാടും. ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ഭദ്രകാളി ദേവി തിന്മയുടെ പ്രതീകമായ ദാരികാസുരനെ വധിച്ച് ഭക്തർക്ക് രക്ഷയും ഐശ്വര്യവുമരുളുന്നതോടെ ഈ വർഷത്തെ കാളിയൂട്ട് ചടങ്ങുകൾക്ക് പരിസമാപ്തിയാകും. ദാരിക വധവും നിലത്തിൽപ്പോരുമാണ് കാളീ നാടകത്തിന്റെ ഒൻപതാം ദിവസത്തെ ക്രീയാംശം.

സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം ‘ന്യൂട്രിലെവല്‍’ വിപണിയില്‍

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം ‘ന്യൂട്രിലെവല്‍’ വിപണിയില്‍

തിരുവനന്തപുരം: മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പന്നമായ ‘ന്യൂട്രിലെവല്‍’ ആണ് ഇതിലൊന്ന്. ഇതോടെ ആരോഗ്യസംരക്ഷണ ഉല്‍പന്ന വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മില്‍മ.

ന്യൂട്രിലെവലിന്റെ വിപണനോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി, മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക് നല്‍കി നിര്‍വഹിച്ചു. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പോഷകസമൃദ്ധവും ഗുണമേന്‍മയേറിയതുമായ ഉല്‍പ്പന്നമാണ് ‘ന്യൂട്രിലെവല്‍’. സ്‌പോര്‍ട്‌സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.

കഫേ മോക്ക, കോള്‍ഡ് കോഫി എന്നി മില്‍ക്ക്‌ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി. 2030ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലാഭത്തിന്റെ 85 ശതമാനം ക്ഷീരകര്‍ഷകക്ഷേമത്തിന് ക്ഷീരസഹകരണ സംഘങ്ങള്‍ വഴി ചെലവഴിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.