by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ 51 ഗ്രന്ഥശാലകൾക്ക് ശരാശരി 8000 രൂപ വീതം വില വരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്തത്.
സംസ്ഥാനത്തെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അംഗങ്ങളെ വാർത്തെടുക്കുന്നതിൽ ഗ്രന്ഥശാലകൾക്ക് വലിയ പങ്കാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പുതിയ തലമുറയെ കൂടി ഗ്രന്ഥശാലകളിലേക്ക് എത്തിക്കാൻ കഴിയുന്ന നവീന പദ്ധതികൾ ലൈബ്രറി കൗൺസിൽ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.


by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി ജോലിയുടെ മിനിമം ദിവസവേതനം 333 രൂപയാക്കി വര്‍ധിപ്പിച്ച് കേന്ദ്രം. നിലവില്‍ 311 രൂപയാണു തൊഴിലാളികളുടെ ദിവസക്കൂലി. ഇത് 22 രൂപ വര്‍ദ്ധിപ്പിച്ച് 333 രൂപയാക്കിയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്. 357 രൂപ ഹരിയാനയില്‍ തൊഴിലുറപ്പ് ജോലിക്കാരുടെ ദിവസക്കൂലി. തമിഴ്‌നാട്ടില്‍ ദിവസക്കൂലി 13 വര്‍ദ്ധിപ്പിച്ച് 294 രൂപയാക്കി. കര്‍ണാടകയില്‍ ഏഴ് രൂപ കൂട്ടി 316 രൂപയും ആന്ധ്രപ്രദേശില്‍ 15 രൂപ വര്‍ദ്ധിപ്പിച്ച് 272 രൂപയുമാക്കി.


by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയും സ്വർണവിലയിൽ 120 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43800 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു. ശനിയാഴ്ച 15 രൂപ കുറഞ്ഞിരുന്നു. 5475 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ കുറഞ്ഞു. വിപണി വില 4550 രൂപയാണ്.

by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ വാർഡിൽ കൈതക്കാട്, ചീരാണിക്കര, അരശുംമൂട്, മഞ്ഞപ്പാറ, ഒറ്റക്കൊമ്പ്, കൊടിതൂക്കി എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി നിർമ്മിച്ച കൈതക്കാട് – കൊടിതൂക്കി കുടിവെള്ള പദ്ധതി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെയും പരിധിയിലുള്ള കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് 221 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. തേക്കട – ചീരാണിക്കര റോഡ് നവീകരണത്തിന് മൂന്നു കോടി രൂപയും ചിറത്തലയ്ക്കൽ മദപുരം റോഡിന് രണ്ട് കോടി രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു. നാടിന്റെ വികസനത്തിനായി പരമാവധി പ്രയത്നിക്കുമെന്നും ഇക്കാര്യത്തിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഒരു കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. കൊടിതൂക്കിയിൽ നിർമിച്ച 40,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നും ആറര കിലോമീറ്റർ നീളത്തിൽ വിതരണ കുഴലുകൾ സ്ഥാപിച്ച് 115 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്. ഇതോടെ വെമ്പായം ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന പ്രദേശത്തേക്കാണ് കുടിവെള്ളമെത്തിയിരിക്കുന്നത്. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ അധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർ ജി.അംബിക, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നാട്ടുകാർ എന്നിവരും പങ്കാളികളായി.

by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഞ്ചൽ: കല്ലമ്പലം വർക്കലറോഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പിന്നിൽ ഇരുന്നു സഞ്ചരിച്ചയുവാവിന് ഗുരുതര പരിക്ക്. അഞ്ചൽ ഏറം കളീലിൽക്കട മഹാത്മനഗർ കുന്നത്ത് പുത്തൻവീട്ടിൽ വി.
ഹരികൃഷ്ണൻ (26) നാണ് മരിച്ചത്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ തൊഴാലുറപ്പ് പദ്ധതിഓവർസിയറാണ്. വർക്കലയിലേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരികൃഷ്ണൻ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ പിന്നിലിരുന്നു സഞ്ചരിച്ച അയൽവാസിയും സുഹൃത്തുമായ പ്രണവിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഹരികൃഷ്ണന്റെ പിതാവ് വിക്രമൻനായർ, മാതാവ് ധനലഷ്മി, സഹോദരി ഹരിതാകൃഷ്ണൻ .
മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്
തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ സംസ്ക്കാരം നടത്തും.

by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം കടയ്ക്കലിൽ നടുറോഡില്‍ സ്ത്രീകളുടെ തമ്മില്‍ തല്ല്. സ്ത്രീകള്‍ തമ്മില്‍ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതിനിടെ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ യുവതി അടിച്ചൊടിച്ചു. കടയ്ക്കല്‍ സ്വദേശി വിജിത്തിനാണ് പരിക്കേറ്റത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയയാണ് വിജിത്തിനെ കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചത്. വിജിത്തിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച കടയ്ക്കല്‍ പാങ്ങലുകാടാണ് സംഭവം.

പാങ്ങലുകാടില്‍ തയ്യല്‍ക്കട നടത്തുകയാണ് അന്‍സിയ. ഇവരും മറ്റ് രണ്ട് സ്ത്രീകളും തമ്മിലാണ് വാക്കു തര്‍ക്കമുണ്ടായത്. പിന്നാലെ അസഭ്യം പറഞ്ഞ് മൂവരും തമ്മില്‍തല്ലുകയായിരുന്നു. തിരക്കേറിയ ജങ്ഷനിലായിരുന്നു സംഭവം. ഇതിനിടെ സമീപത്തെ ഓട്ടോഡ്രൈവറായ വിജിത്ത് വീഡിയോ പകര്‍ത്തിയെന്ന് അന്‍സിയക്ക് സംശയം തോന്നി. ഇത് ചോദ്യം ചെയ്യാനെത്തിയ ഇവര്‍ ഫോണ്‍ കാണിക്കാന്‍ വിജിത്തിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ വീഡിയോ എടുത്തിട്ടില്ലെന്നും ഫോണ്‍ തരാന്‍ കഴിയില്ലെന്നും വിജിത്ത് മറുപടി നല്‍കി. പിന്നാലെ ഓട്ടോയിലേക്ക് കയറുന്നതിനിടെ കമ്പി വടി കൊണ്ട് യുവതി വിജിത്തിനെ ആക്രമിക്കുകയായിരുന്നു. വിജിത്തിന് പരിക്കേറ്റതോടെ ഇവര്‍ ഓടി തയ്യല്‍കടയില്‍ കയറി ഷട്ടറിട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് വിജിത്തിനെ ആശുപത്രിയിലെത്തിച്ചത്. യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കടയ്ക്കല്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് സ്ത്രീകളും അന്‍സിയക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്.
Recent Comments