ബ്രഹ്മപുരം: തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്

ബ്രഹ്മപുരം: തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ തീവെച്ചതിന് തെളിവില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരെങ്കിലും തീ വെച്ചതായി തെളിവ് ലഭിച്ചിട്ടില്ല. ബ്രഹ്മപുരത്ത് 12 ദിവസം നീണ്ടു നിന്ന തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട് മൂലമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. തീപിടിത്തത്തിന് കാരണം മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണം
സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. തീപിടിത്തം ഉണ്ടായ സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി സാധ്യത പൂര്‍ണമായും റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് സൂചന.

പ്ലാന്റിലെ ജീവനക്കാരും കരാര്‍ കമ്പനി അധികൃതരും നാട്ടുകാരും അടക്കം അമ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തി. എന്നാല്‍ തീയിട്ടതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. തീ അണഞ്ഞശേഷം വിദഗ്ധരുടെ സഹായത്തോടെ പ്ലാന്റില്‍ പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മാലിന്യത്തിന്റെ അടിത്തട്ടില്‍ താപനില ഉയര്‍ന്ന നിലയിലാണ്. മാലിന്യകൂമ്പാരത്തിന്റെ മുകള്‍ത്തട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരുന്നപ്പോള്‍, രണ്ടടി താഴ്ചയില്‍ 45 ഡിഗ്രിയായിരുന്നു താപനില. വലിയ മാലിന്യകൂമ്പാരത്തിന്റെ അടിത്തട്ടിലേക്ക് എത്തുമ്പോള്‍ താപനില ഇനിയും ഉയരും. പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീഅണയ്ക്കാനുള്ള സംവിധാനവും സ്ഥിരം നിരീക്ഷണവും ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രഹ്മപുരത്ത് 2015 വരെ പ്രവര്‍ത്തിച്ചിരുന്ന കെഎസ്ഇബിയുടെ ഡീസല്‍ വൈദ്യുത പ്ലാന്റ് രൂപമാറ്റം വരുത്തി വേസ്റ്റ് ടു എനര്‍ജി പ്ലാന്റാക്കി മാറ്റാവുന്നതാണ്. വിദേശരാജ്യങ്ങളിലടക്കം സമാനമായ രൂപമാറ്റം വരുത്തിയ പ്ലാന്റുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വിതുരയിൽ സ്ത്രീകളെ ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവ് പിടിയിൽ

വിതുരയിൽ സ്ത്രീകളെ ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: വിതുരയിൽ സ്ത്രീകളെ ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവ് പിടിയിൽ. മരുതാമല മക്കി വട്ടക്കുഴി മുകളിൽ തടത്തരികത്തു വീട്ടിൽ കൊച്ചുകുട്ടൻ എന്ന് വിളിക്കുന്ന അജയനെ(38)യാണ് വിതുര പൊലീസ് പിടികൂടിയത്.

മദ്യപിച്ച് മക്കി സ്വദേശിനികളായ സ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ ആണ് ഇയാൾ പിടിയിലായിരിക്കുന്നത്. സംഭവ ശേഷം ഒളിവിൽ പോയ അജയനെ പൊലീസിന് പിടികൂടാൻ കഴിയാതെ വന്നതോടെ 2020ൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉൾപ്പടെ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ അജയൻ മലയിൻകീഴ് ശാന്തംമൂലയിൽ ഉള്ളതായി വിവരം പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അജയനെ പൊലീസ് പിടികൂടുകയായിരുന്നു. വിതുര സി.ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നഞ്ചിയമ്മയും മുരളി ഗോപിയും എത്തുന്നു

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നഞ്ചിയമ്മയും മുരളി ഗോപിയും എത്തുന്നു

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ഉത്സവ ആഘോഷത്തിന് വിശിഷ്ടാഥികളായി നഞ്ചിയമ്മയും മുരളി ഗോപിയും വൈകിട്ട് ക്ഷേത്രത്തിൽ എത്തും.

ആറ്റിങ്ങൽ ഗവ. മോഡൽ പ്രീ പ്രൈമറി സ്കൂളിൽ കളിയുത്സവം സംഘടിപ്പിയ്ക്കും

ആറ്റിങ്ങൽ ഗവ. മോഡൽ പ്രീ പ്രൈമറി സ്കൂളിൽ കളിയുത്സവം സംഘടിപ്പിയ്ക്കും

ആറ്റിങ്ങൽ ഗവ. മോഡൽ പ്രീ പ്രൈമറി സ്കൂളിൽ വിദ്യാഭാസ വകുപ്പിന്റെ ലിറ്റിൽ ചാമ്പ്യാ ൻസ് കിഡ്സ് ഫെസ്റ്റ് കളിയുത്സവം 2023ഉം 62ആം സ്കൂൾ വാർഷികവും സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിയ്ക്കും. പി ടി എ പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനാകും. നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്കൂൾ എച്ച് എം ലീജ സി, ഗിരിജ ടീച്ചർ, സുജി, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കളിയുത്സവവും നടക്കും.

അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 6 വരെ

അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 6 വരെ

ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 6 വരെ നടക്കും. മൂന്നാം ദിവസം മുതൽ ആവണിഞ്ചേരി മേളയും ഉണ്ടാകും. ഒന്നാം ഉത്‌സവദിവസം 9 മണിയ്ക്ക് രാവിലെ മാമ്പഴ കോണം ദേവി ക്ഷേത്രത്തിൽ സമൂഹ പൊങ്കാല, വൈകുന്നേരം 4ന് ഉത്സവ വിളംബര ഘോഷയാത്ര, 6ന് തിരുവാതിര, രാത്രി 8.30ന് തൃക്കൊടിയേറ്റ്.

രണ്ടാം ഉത്‌സവദിവസം രാവിലെ 10 .30ന് ആവണിഞ്ചേരി സദ്യ, മൂന്നാം ദിവസം രാത്രി
8.30ന് വയലിൻ ഡുയറ്റ്, നാലാം ദിവസം രാവിലെ 10 .30ന് നാഗരൂട്ട്, അഞ്ചാം ദിവസം
രാവിലെ 10ന് ഗജ സ്വീകരണം, വൈകുന്നേരം 5ന് ആവണിഞ്ചേരിപൂരം, രാത്രി 7 .30ന് ആകാശപൂരവും ഉണ്ടായിരിക്കും.

ആറാം ദിവസം രാവിലെ 10 .30ന് അന്നദാനം, രാത്രി 7ന് നൃത്ത നൃത്യങ്ങൾ, ഏഴാം ദിവസം 10.30ന് ഉത്സവബലി, രാത്രി 7ന് ഗാനമേള, 9.30ന് പള്ളി വേട്ടയ്ക്കെഴുന്നള്ളത്ത്, എട്ടാം ഉത്സവ ദിവസം രാവിലെ 8.30ന് പൂമൂടൽ, വൈകുന്നേരം 4ന് ആറാട്ട് എഴുന്നെള്ളത്ത്, വൈകുന്നേരം 6ന് താലപ്പൊലിയും വിളക്കും, രാത്രി 10ന് ഗാനമേള, വെളുപ്പിന് 2ന് ക്ഷേത്ര ഉരുൾ ആരംഭം, 4 .30 നു ഉരുൾമഹാസന്ധിപ്പ്,
ഒൻപതാം ദിവസം വൈകുന്നേരം 7ന് പ്ലാറ്റ്ഫോം കച്ചേരി, രാത്രി 8ന് കോമഡി ബംബർ സ്റ്റാർസ്, 1ന് നൃത്ത നാടകം വീര ഭൈരവി, വെളുപ്പിന് 5ന് നായ് വയ്‌പ്പോടുകൂടി കൊടിയിറങ്ങി ഉത്സവം സമാപിയ്ക്കും.

ആനയിറങ്കൽ ഡാം കടന്ന് അരിക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി; നിരീക്ഷിച്ച് ദൗത്യസംഘം

ആനയിറങ്കൽ ഡാം കടന്ന് അരിക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി; നിരീക്ഷിച്ച് ദൗത്യസംഘം

ഇടുക്കി: ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേയ്ക്ക് തിരിച്ച് കയറി. മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്‍റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും.

ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ട് കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയ കനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആ‌ർടിയും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്. ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങൾ വനം വകുപ്പ് തുടരുകയാണ്.