by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് രണ്ടിടങ്ങളില്‍. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ട് ആണ് രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അള്‍ട്രാ വയലറ്റ് സൂചിക എട്ടുമുതല്‍ പത്ത് വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ആറു മുതല്‍ ഏഴ് വരെയാണ് അള്‍ട്രാവയലറ്റ് സൂചിക.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ UV സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയര്‍ന്നതായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
വർക്കല പാളയംകുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിന് പിൻവശത്ത് തിരുവാതിര എന്ന വാടകവീട്ടിൽ താമസിച്ചു വരുന്ന ഷംനാദിനെയാണ് വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.വിഷ്ണുവും സംഘവും പിടികൂടിയത്.
സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആറോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഷംനാദിനെതിരെ NDPS സെക്ഷൻ 20 (A)1 വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടറോടൊപ്പം അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് D സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മഞ്ജുനാഥ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഗിരീശൻ എന്നിവർ പങ്കെടുത്തു.


by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
മീരാൻകടവ് പാലം സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയാക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ സംരക്ഷണ ഭിത്തി നിർമ്മാണം വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
ഏറെനാളായ പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡിന്റെ ടാറിങ് പൂർത്തിയാക്കിയത് പോലും അടുത്തിടെയാണ്. ടാർ ചെയ്യുന്നതിന്റെ ഭാഗമായി റോഡിൽ മണ്ണിട്ടു പൊക്കിയതോടെ റോഡിന് വശങ്ങളിൽ മുൻപുണ്ടായിരുന്ന സംരക്ഷണ തൂണുകൾ മണ്ണുമൂടി റോഡിൻ്റെ നിരപ്പായി മാരുകയായിരുന്നു. ഇതോടെയാണ് യാത്ര വാഹന യാത്രികർക്കും കാൽനട യാത്രികർക്കും ഒരുപോലെ അപകടഭീഷണി ഉയർത്തിയത്.
കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിലൂടെ വർക്കല, ചിറയിൻകീഴ് ഭാഗങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന്പോകുന്നത്. ചെക്കാലവിളാകം ഭാഗത്തുനിന്നും മീരാൻകടവ് പാലത്തിൽ പ്രവേശിക്കുന്ന ഭാഗമാണ് ഇപ്പോൾ അപകടാവസ്ഥയിലുള്ളത്. നിലവിൽ റോഡിന്റെ ഇരുഭാഗങ്ങ ളിലും 12 മീറ്ററോളം താഴ്ചയുണ്ട്.
വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ, ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് ഒതുങ്ങിയാൽ കുഴിയിൽ വീഴുന്ന അവസ്ഥയാണ്. സംരക്ഷണ ഭിത്തിയുടെ ആവശ്യകത നിർമ്മാണവേളയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ കാര്യമായി ഗൗനിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
നിർമ്മാണ പ്രവർത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന ആവിശ്യവുമായി പലതവണ അധികൃതരെ സമീപിക്കുമ്പോൾ അതിന്റെ തൊട്ടടുത്ത ദിവസം രണ്ട് പേരെ ഇബിടെ നിർത്തുകയും പിന്നീട് പിൻവലിക്കുകയുമാണ് ചെയ്തുവരുന്നത്. അപകടക്കെണിയായി മാറിയ മീരാൻകടവ് പാലം റോഡിലെ രാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് തന്നെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഒഴിവാക്കാന്‍ സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നതിനും റോഡുകള്‍ വികൃതമാക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍കര്‍ അറിയിച്ചു.
ഇലക്ഷന്‍ (ജനറല്‍) വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, പ്രചാരണ രംഗത്തെ പൊതുവഴികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ചിഹ്നങ്ങള്‍ വരയ്ക്കുന്നതും പോസ്റ്ററുകള്‍ പതിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയില്‍ നടത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും പൂര്‍ണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ റോഡുകളില്‍ ചിഹ്നങ്ങളും അടയാളങ്ങളും വരച്ച് വൃത്തികേടാക്കുന്നത് പതിവാണെന്നും, ഇത് പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, അവയുടെ പരിസരങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ സിവില്‍ നിര്‍മ്മിതികളില്‍ ചുവരെഴുതുന്നതോ, പോസ്റ്ററുകളും പേപ്പറുകളും പതിപ്പിക്കുന്നതോ, മറ്റേതെങ്കിലും തരത്തില്‍ വികൃതമാക്കുന്നതോ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ ഇത്തരം ഇടങ്ങളില്‍ സ്ഥാപിക്കുന്നതിനും അനുമതിയില്ല.
റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ ഫ്‌ലൈഓവറുകള്‍, സര്‍ക്കാര്‍ റോഡുകള്‍, സര്‍ക്കാര്‍-പൊതു കെട്ടിടങ്ങള്‍, ബസ്സുകള്‍, ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകള്‍, മുനിസിപ്പല്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളെയും പൊതുസ്വത്തുക്കളെയും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കും.
നിലവിലുള്ള പ്രാദേശിക നിയമങ്ങളോ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളോ ലംഘിച്ചുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ അസോസിയേഷനോ സ്ഥാനാര്‍ത്ഥിയോ വ്യക്തിയോ പൊതുസ്വത്ത് വികൃതമാക്കിയാല്‍, അവ ഉടന്‍ നീക്കം ചെയ്യാന്‍ വരണാധികാരി അല്ലെങ്കില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണം. രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ഇതിനോട് ഉടനടി പ്രതികരിക്കാത്ത പക്ഷം, ജില്ലാ ഭരണകൂടത്തിന് നേരിട്ട് ഇടപെട്ട് ഇവ നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഇതിനായി വരുന്ന മുഴുവന്‍ ചെലവുകളും ഉത്തരവാദിയായ രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ വഹിക്കേണ്ടി വരും. ഈ തുക ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് കൂട്ടിച്ചേര്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു.

2026 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പൊതുറോഡുകളില്‍ ചിഹ്നങ്ങള്‍ വരയ്ക്കുന്നതോ, വസ്തുക്കള്‍ തറയ്ക്കുന്നതോ, പോസ്റ്ററുകള്‍ പതിപ്പിക്കുന്നതോ ആയ എല്ലാത്തരം പ്രവര്‍ത്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും വിട്ടുനില്‍ക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് വരണാധികാരികളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ നടപടികള്‍ ഉറപ്പാക്കണമെന്നും ഡോ. രത്തന്‍ യു. ഖേല്‍കര്‍ അറിയിച്ചു.

by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയുമായി തോൽവി ഏറ്റു വാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി തോൽവി വഴങ്ങിയാണ് സിംബാബ്‌വെയും ഇന്നത്തെ മത്സരത്തിന് എത്തുന്നത്.
ടോപ് ഓർഡറിലെ ബാറ്റർമാർ നിരന്തരമായി പരാജയപ്പെടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അത് പരിഹരിക്കാനായി ടീമിൽ അഴിച്ചു പണി നടത്തും. ഇന്നത്തെ മത്സരത്തിൽ ഓപ്പണർ റോളിലോ മൂന്നാം നമ്പറിലോ സഞ്ജു സാംസണെ പ്രതീക്ഷിക്കാം. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തും. മോശം ഫോം തുടരുന്ന റിങ്കു സിങും വാഷിഗ്ടൺ സുന്ദറും ടീമിൽ ഇടം നേടാൻ സാധ്യതയില്ല.
എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്.
സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം.


by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: ജനവിരുദ്ധ നടപടികളുമായി മുന്നേറുന്ന ഇടതുപക്ഷ സർക്കാരിനെതിരേ പ്രതിഷേധമുയർത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ മാർച്ച് 4 ന് നെടുമങ്ങാട് നടക്കുന്ന സമ്മേളനത്തിൽ ഹെഡ് ലോഡ് മേഖലയിൽ നിന്നും 500 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ പോത്തൻകോട് കോൺഗ്രസ്സ് ഹൗസിൽ കൂടിയ ഹെഡ് ലോഡ് & ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് (ഐ.എൻ.റ്റി.യു.സി) നെടുമങ്ങാട് മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
മേഖലാ പ്രസിഡൻ്റ് ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഐ.എൻ.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡൻ്റ് എ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി നെടുമങ്ങാട് റീജിയണൽ കമ്മിറ്റി പ്രസിഡൻ്റ് എ.നൗഷാദ് ഖാൻ, ഹെഡ് ലോഡ് യൂണിയൻ ജില്ലാ സെക്രട്ടറി കുന്നിട അജിത്ത്, ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മിറ്റി അംഗങ്ങളായ ശശിധരൻ നായർ, മരുതൂർ വിജയൻ, എം.പി.ഷാജി, റീജിയണൽ കമ്മിറ്റി സെക്രട്ടറിമാരായ ആലിയാട് രാജേന്ദ്രൻ, എം.ബി.നാസറുദ്ദീൻ, മറ്റു ഭാരവാഹികളായ അജയൻ ചെന്തുപ്പൂര്, രാജേന്ദ്രൻ CRP, സുരേഷ്, ഷാജഹാൻ, വിശ്വംഭരൻ നായർ, ബൈജു തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ഹെഡ് ലോഡ് യൂണിയൻ മേഖലാ സെക്രട്ടറി എ.ഹക്കിം സ്വാഗതവും എ.നുജൂമുദ്ദീൻ കൃതജ്ഞതയും പറഞ്ഞു.


Recent Comments