by Midhun HP News | Mar 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

വാഹനങ്ങള്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പുകള്‍ കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നാളെ രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലും തീർഥം പകരും.

by Midhun HP News | Mar 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേർ കൂടി ചികിത്സ തേടി. എട്ട് പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ ആണ്. കൂടുതൽ പേർക്ക് ലക്ഷണങ്ങൾ കാണുന്നത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്. പൊതുജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിലുള്ള പമ്പിങ് സ്റ്റേഷനിൽ നിന്ന് വിതരണം ചെയ്യുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു.

പുഴയിലേയ്ക്ക്, സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. ഈ ഹോട്ടലുകൾ അടപ്പിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ സംഘം പ്രതിരോധ നടപടികൾ വിലയിരുത്തി. രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറന്നു.

by Midhun HP News | Mar 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വയനാട്: വയനാട് മേപ്പാടി മൂപ്പൈനാടുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി (70), മോളി (54) എന്നിവരാണ് മരിച്ചത്. എതിർ ദിശയിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവർ ലതീഷ് പരിക്കേറ്റ് ചികിത്സയിലാണ്.
നിയന്ത്രണം വിട്ട കാർ മറ്റൊരു ഓട്ടോറിക്ഷയെയും ഇടിച്ചിട്ടു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുപ്പൈനാട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.


by Midhun HP News | Mar 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ചൊവ്വാഴ്ച. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷം വിപുലമായരീതിയില്‍ പൊങ്കാല നടന്നിരുന്നില്ല. ക്ഷേത്രപരിസരത്തും വീടുകളിലും നഗരാങ്കണത്തിലും പൊങ്കാല അടുപ്പുകള്‍ നിരക്കും. 10.30-നാണ് അടുപ്പുവെട്ട്. കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ അവതരിപ്പിച്ചുകഴിഞ്ഞാലുടന്‍ ശ്രീകോവിലില്‍നിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി. കേശവന്‍ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ചശേഷം സഹമേല്‍ശാന്തിമാര്‍ക്കു കൈമാറും. വലിയ തിടപ്പള്ളിയിലും പണ്ടാരയടുപ്പിലും അഗ്‌നി പകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും.
പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കുവാനായി ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ടീമിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക.
ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക.
തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയും.
ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക.
ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക.
ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക.
കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ വെള്ളം നല്‍കണം.
പൊള്ളല്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്
തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്.
ചുറ്റമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം.
അടുപ്പിനടുത്ത് പെട്ടന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്.
തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം.
വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം.
പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്.
വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്.
പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്.
ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക.
പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം.
ഭക്ഷണം കരുതലോടെ
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകള്‍ കഴുകണം.
തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക.
മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.
by Midhun HP News | Mar 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ താപനിലയിൽ നേരിയ കുറവുണ്ടായെങ്കിലും വരുംദിവസങ്ങളിൽ ചൂടു കൂടുമെന്ന് വിദഗ്ധർ. വടക്കൻ ജില്ലകളിൽ അനുഭവപ്പെടുന്ന കൊടുംചൂട് ഇനി മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും വ്യാപിച്ചേക്കും. ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂട് വായു ഇങ്ങോട്ടു നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിനു കാരണമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ സെന്റർ ഡയറക്ടർ പറഞ്ഞു. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾപ്രകാരം ഇന്നലെ കൂടിയ ചൂട് തൃശൂർ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലുമായിരുന്നു.

വെള്ളാനിക്കരയിൽ 37.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തിൽ താപനില (37 ഡിഗ്രിയുമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇന്നലെ താരതമ്യേന കുറഞ്ഞ പകൽ താപനില രേഖപ്പെടുത്തിയത്. 32.9ഡിഗ്രി ആയിരുന്നു ഇവിടെ താപനില. വരും ദിവസങ്ങളിലും കാര്യമായ വേനൽമഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട നേരിയ മഴ പെയ്തേക്കാം.
അന്തരീക്ഷ താപനില വളരെ കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്കു മാറിയ ശേഷം വൈദ്യസഹായം തേടണം.
by Midhun HP News | Mar 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ബ്രഹ്മപുര മാലിന്യ പ്ലാന്റിൽ തീ പടർന്ന് നഗരത്തിൽ വിഷപ്പുക വ്യാപകമാകുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. എറണാകുളം കലക്ടറേറ്റിൽ യോഗം ഉടൻ ആരംഭിക്കും. വിഷപ്പുക നഗരത്തിൽ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. മരട്, കുണ്ടന്നൂർ, കുമ്പളം ഭാഗത്തും പുക പടരുകയാണ്. പ്ലാസ്റ്റിക്ക് കത്തുന്നതിനാൽ അതിന്റെ മണവും വ്യാപകമായുണ്ട്.

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതോടെ കൊച്ചിയിലെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലായി. മലിനീകരണമുണ്ടാക്കുന്ന കണങ്ങളുടെ അളവ് അനുവദനീയമായതിലും കൂടുതലാണ് നിലവിൽ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പിഎം 2.5 വായു മലിനീകരണത്തോത് 105 മൈക്രോ ഗ്രാമായാണ് ഉയര്‍ന്നത്. ബ്രഹ്മപുരത്ത് തീ പിടിക്കുന്നതിന് തലേ ദിവസം വരെ ഇത് 66 മൈക്രോ ഗ്രാം മാത്രമായിരുന്നു. പിഎം 10 മലിനീകരണ തോതും വർധിച്ചിട്ടുണ്ട്. 148.41 മൈക്രോ ഗ്രാമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 40 മൈക്രോ ഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്നിരിക്കെയാണ് ഈ വര്‍ധന.

കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ചിലയിടങ്ങളിൽ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നിൽക്കുന്നു. ശ്വാസ തടസം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ചികിത്സ തേടണം. ആശുപത്രികളോട് തയ്യാറായി ഇരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Recent Comments