കെ ഫോൺ സൗജന്യ കണക്ഷന് നടപടിയായില്ല; ഗുണഭോക്താക്കളുടെ അന്തിമപട്ടിക വൈകുന്നു

കെ ഫോൺ സൗജന്യ കണക്ഷന് നടപടിയായില്ല; ഗുണഭോക്താക്കളുടെ അന്തിമപട്ടിക വൈകുന്നു

സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നടപടി ഉടനെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോൾ അര്‍ഹരായ ബിപിഎൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലും കയ്യിലില്ലാതെ കെ ഫോൺ. പതിനാലായിരം പേരുടെ ലിസ്റ്റ് നൽകാൻ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതിൽ പകുതി മാത്രമാണ് ഇതുവരെ കൈമാറിയത്. പ്രവര്‍ത്തന മൂലധനം കണ്ടെത്താൻ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വകുപ്പുതല തര്‍ക്കങ്ങൾ തീര്‍ന്നിട്ടുമില്ല.

ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ. പട്ടിക തയ്യാറാക്കാൻ തദ്ദേശ ഭരണ വകുപ്പിനെ ഏൽപ്പിച്ചത് ആറ് മാസം മുൻപ്, ഇത് വരെ കൊടുത്തത് 10 ജില്ലകളിൽ നിന്നായി 7569 പേരുടെ ലിസ്റ്റ്. നാല് ജില്ലകളിൽ നിന്ന് ഒരാള് പോലും ലിസ്റ്റിലുൾപ്പെട്ടിട്ടില്ല. നിയോജക മണ്ഡല അടിസ്ഥാനത്തിൽ 100 പേരെങ്കിൽ ഒരു വാര്‍ഡിൽ നിന്ന് പരമാവധി ഉൾപ്പെടുത്താനാകുക ഒന്നോ രണ്ടോ കുടുംബങ്ങളെ മാത്രമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ലിസ്റ്റെടുക്കാൻ പഞ്ചായത്തുകൾക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് ബാക്കി ലിസ്റ്റ് ചോദിക്കുമ്പോൾ തദ്ദേശ ഭരണ വകുപ്പ് വിശദീകരണം. നടത്തിപ്പ് ടെണ്ടറെടുത്ത കേരളാ വിഷനെ കെ ഫോൺ ലിസ്റ്റ് ഏൽപ്പിക്കുകയും വീടുകളിലേക്ക് കേരളാ വിഷൻ കേബിൾ വലിച്ചിടുകയും ചെയ്തു. എന്നാൽ ഡാറ്റ കണക്ഷൻ എങ്ങനെ നൽകണമെന്നോ പരിപാലന ചെലവ് എവിടെ നിന്നെന്നോ ഇത് വരെ വ്യക്തമല്ല. ഉപഭോക്തക്കളിൽ നിന്ന് ഒപ്പിട്ട് വാങ്ങേണ്ട ഫോമിന് പോലും മാതൃകയുമില്ല.

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി; ഒളിച്ചോടിയ ആളുടെ ഭാര്യയെ വിവാഹം കഴിച്ച് ഭർത്താവ്

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി; ഒളിച്ചോടിയ ആളുടെ ഭാര്യയെ വിവാഹം കഴിച്ച് ഭർത്താവ്

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതിനു പ്രതികാരമായി ഭാര്യയുടെ കാമുകൻ്റെ ഭാര്യയെ വിവാഹം കഴിച്ച് ഭർത്താവ്. ബീഹാറിലാണ് സംഭവം. ഇരു ദമ്പതിമാർക്കും മക്കളുണ്ട്. രണ്ട് സ്ത്രീകളുടെയും പേര് ഒന്നാണ് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം. ബീഹാറിലെ ഖഗാരിയയിലാണ് സംഭവം. 2009ൽ റൂബി ദേവിയും നീരജും തമ്മിൽ വിവാഹം കഴിച്ചു. ഇവർക്ക് നാല് മക്കളുണ്ടായി.

വർഷങ്ങൾക്കു ശേഷം മുകേഷ് എന്നയാളുമായി ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് നീരജ് മനസിലാക്കി. 2022 ഫെബ്രുവരിയിൽ മുകേഷും റൂബിയും വിവാഹിതരായി. ഇതറിഞ്ഞ നീരജ് ഭാര്യയെ മുകേഷ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി മുകേഷിനെതിരെ പൊലീസിൽ പരാതിപ്പെട്ടു. വില്ലേജ് പഞ്ചായത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും മുകേഷും റൂബിയും ഒളിച്ചോടി. മുകേഷ് രണ്ട് കുട്ടികളുടെ പിതാവാണ്. ഇയാളുടെ ഭാര്യയുടെ പേരും റൂബി എന്ന് തന്നെ. 2023 ഫെബ്രുവരിയിൽ നീരജ് മുകേഷിൻ്റെ ആദ്യ ഭാര്യ റൂബിയെ വിവാഹം കഴിച്ചു. പ്രതികാര നടപടിയായാണ് നീരജ് റൂബിയെ വിവാഹം ചെയ്തതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ബെൽസ് പാൾസി; നടൻ മിഥുൻ രമേശ് ആശുപത്രിയില്‍

ബെൽസ് പാൾസി; നടൻ മിഥുൻ രമേശ് ആശുപത്രിയില്‍

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താത്ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൻ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്’.–മിഥുൻ പറഞ്ഞു. കോവിഡ് മുക്തിനേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.

വേനല്‍ക്കാലം: ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന

വേനല്‍ക്കാലം: ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും പരിശോധനകള്‍ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകള്‍ തുടരും.

ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈല്‍ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കടകളില്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാക്കാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടന്ന് കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. വേനല്‍ക്കാലമായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നത് നല്ലത്. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക.

കൊല്ലത്ത് 6 വാഹനങ്ങള്‍ക്ക് തീപിടിച്ചു; നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയും കത്തിനശിച്ചു

കൊല്ലത്ത് 6 വാഹനങ്ങള്‍ക്ക് തീപിടിച്ചു; നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയും കത്തിനശിച്ചു

കൊല്ലം രണ്ടാംകുറ്റിയിൽ വാഹനങ്ങൾ കത്തി നശിച്ചു. നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയുമാണ് കത്തി നശിച്ചത്. ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനാണ് ആദ്യം തീപ്പിടിച്ചത്. യാത്രക്കാരന്‍ ബൈക്ക് നിര്‍ത്തി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും തീ പിടിച്ചത്. ബുള്ളറ്റ് ബൈക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് അ​ഗ്നിരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ ലൈവിന്  തുടക്കമായി

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ ലൈവിന് തുടക്കമായി

ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര കാളിയൂട്ടിന്റെ ലൈവിന് തുടക്കമായി. ശാർക്കരയിൽ ഇന്ന് ഉച്ചമുതൽക്കെ ഭക്തജങ്ങളുടെ തിരക്കേറിയിരിക്കുകയാണ്. എട്ടു ദിവസങ്ങളായി ശാർക്കരദേവീ ക്ഷേത്രത്തിൽ നടക്കുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തിയാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിയൂട്ട് മഹോത്സവം 250 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങി വച്ചതാണ്. തുടരെത്തുടരെ പരാജയപ്പെട്ട കായംകുളം യുദ്ധം വിജയിക്കാൻ ശാർക്കര ദേവിയ്ക്ക് കാളിയൂട്ട് നേരുകയും തുടർന്നു യുദ്ധം വിജയിച്ചപ്പോൾ രാജാവ് നേരിട്ടെത്തി കാളിയൂട്ട് നടത്തുകയുമായിരുന്നു.

അന്ന് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ ഇന്നും മുറതെറ്റാതെ നടന്നു വരുന്നു. കാളിയൂട്ട് മഹോത്സവത്തിനായി ചിറയിൻകീഴാകെ ഒരുങ്ങിക്കഴിഞ്ഞു. 9 ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ട് ചടങ്ങിലെ അവസാന ദിവസം ആണ് നിലത്തിൽ പോര്. തിന്മക്കു മേൽ നന്മയുടെ വിജയം, മതസൗഹാർദ്ദത്തിന്റെ പ്രതീകം എന്നിവയാണ് കാളിയൂട്ടിന്റെ പ്രസക്തി ഇപ്പോഴും വിളിച്ചോതുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരാനുസ്ടാനങ്ങളോടെ നടക്കുന്ന കാളിയൂട്ടു വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ എത്താറുണ്ട്.