ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ആർആർആർ

ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ആർആർആർ

ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം നേടി. കീരവാണി സംഗീതം നിർവഹിച്ച ‘നാട്ടു നാട്ടു…’ എന്ന പാട്ടിനാണ് പുരസ്കാരം. ഗോൾഡൻ ഗ്ലോബിൽ മികച്ച സഹനടനുള്ള പുരസ്കാരം എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ അഭിനയത്തിന് കീ ഹുയ് ഹ്വാൻ നേടി. ഏഞ്ചല ബാസെറ്റ് ആണ് മികച്ച സഹനടി. ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ എന്ന സിനിമയിലെ അഭിനയമാണ് ഏഞ്ചലയെ പുരസ്കാരത്തിനർഹയാക്കിയത്. പതിനാല് വർഷത്തിന് ശേഷമാണ് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ൽ എ ആർ റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്.

മായം കലർത്തിയ പാൽ പിടികൂടി

മായം കലർത്തിയ പാൽ പിടികൂടി

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്. ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പ് പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവരികയായിരുന്ന പാൽ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് പാൽ കൊണ്ടുവന്നത്. പിടിച്ചെടുത്ത പാൽ ഇപ്പോൾ ആരോഗ്യവകുപ്പിന് കൈമാറും. പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണ് എന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരം.ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. പാൽ ഏറെ നാൾ കേട് കൂടാതെ ഇരിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്.

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി; ഒരുകോടി ഒപ്പ്  ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി; ഒരുകോടി ഒപ്പ് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

സിൽവർ ലൈൻ വിരുദ്ധ രണ്ടാംഘട്ട സമരപരിപാടിയായ നിയമസഭാമാർച്ചിന് മുന്നോടിയായി ഒരുകോടി ഒപ്പ് സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്ലമ്പലം ജംഗ്ഷനിൽ ജനുവരി 9ന് പ്രമുഖ രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനായ ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ മുഖ്യ പ്രസംഗം നടത്തി. നിലവിൽ നാലു ലക്ഷം കോടിയിലധികം രൂപയുടെ കടത്തിൽ നിൽക്കുന്ന കേരളത്തിന് കെ റെയിലിന്റെ പേരിൽ മറ്റൊരു രണ്ടുലക്ഷം കോടിയുടെകൂടി അധികബാധ്യത വരുത്തിവയ്ക്കുന്നതിൽ നിന്നും രക്ഷിക്കേണ്ടതുണ്ട്. നിലവിലുള്ള ദുരന്ത സാഹചര്യം അതിസങ്കീർണമാവുന്നതിന് കാരണമായി ഭവിക്കുന്ന സിൽവർ ലൈനിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സിൽവർ ലൈൻ വിരുദ്ധ സമരത്തിലൂടെ സാധ്യമായെന്ന് ശ്രീധർ രാധാകൃഷ്ണൻ അഭിപ്രായപ്പെടുകയുണ്ടായി. സമര സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് സമര പ്രഖ്യാപനം നടത്തി.

സംസ്ഥാന ജനറൽ കൺവീനർ എസ് .രാജീവൻ, രക്ഷാധികാരി കെ ശൈവപ്രസാദ്, വിവിധ രാഷ്ട്രീയ- സാമൂഹിക- സംഘടനാ നേതാക്കളായ എം. ബാലമുരളി, അംബിരാജ, ആർ. കുമാർ, ശിഹാബുദ്ദീൻ, ഹാഷിം കരവാരം, സുശീലൻ.ആർ, എ.എ സലാം, അനന്തകൃഷ്ണൻ നായർ, പൂലന്തറ മണികണ്ഠൻ, എസ്. ബുർഹാൻ, എൽ. ഹരിറാം, കൊല്ലം സമര സമിതി രക്ഷാധികാരി ഷൈല കെ ജോൺ, സംസ്ഥാന വനിതാ കൺവീനർ ശരണ്യാരാജ്, സൈമൺ തോമസ് സമര സമിതി ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം, ജില്ലാ കൺവീനർ കൺവീനർ എ.ഷൈജു എന്നിവരും സംസാരിച്ചു.

ജില്ലയിലെ മുപ്പത്തിലധികം സമര സമിതി യൂണിറ്റിലെ പ്രവർത്തകരും നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു. സമ്മേളനത്തിന് മുമ്പ് കല്ലമ്പലം നഗരത്തിൽ പ്രകടനം നടത്തി. സമര സമിതി ജില്ലാ നേതാക്കളായ എ.കെ ഷാനവാസ്, ജയമണി. എസ്, നസീറ സുലൈമാൻ, ജെ.എ നൗഫൽ, സംഗീതവർണൻ, അസീസ് കിനാലുവിള, മുനീർഖാൻ, സജീർഖാൻ, മുരളീന്ദ്രകുമാർ, നസീറുദീൻ മരുതികുന്ന്, ബാഹുലേയൻ, സന്തോഷ്കുമാർ പരവൂർ, എസ്.രാജു കോട്ടറക്കോണം എന്നിവർ നേതൃത്വം നൽകി.

മഞ്ഞു പുതച്ച് മൂന്നാര്‍; താപനില മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ്

മഞ്ഞു പുതച്ച് മൂന്നാര്‍; താപനില മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ്

മൂന്നാര്‍: സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെണ്ടുവരയില്‍ ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി. ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു വീഴ്ച. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ചെണ്ടുവരയില്‍ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

ദേവികുളം ഓഡികെയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. ഡിസംബര്‍ ആദ്യവാരം മുതല്‍ മൂന്നാര്‍ മേഖലയില്‍ അതിശൈത്യമാണ്.

മകരവിളക്കിനൊരുങ്ങി ശബരിമല; എരുമേലി പേട്ടതുള്ളൽ ഇന്ന്

കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ 10.30ന് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളൽ നടത്തും. ആചാര അനുഷ്ഠാനങ്ങളോടെയാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ പേട്ടതുള്ളുന്നത്. ഇരുവിഭാഗങ്ങൾക്കും ഒരു ആനയെ വീതം എഴുന്നളിക്കാനാണ് അനുമതി. രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുമ്പോഴാണു അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ ആരംഭിക്കുന്നത്. അമ്പലപ്പുഴ സംഘത്തിൽ 200 പേർ പേട്ടതുള്ളും. ഒരുമണിയ്ക്ക് അമ്പലപ്പുഴ സംഘം ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കും. ഉച്ചകഴിഞ്ഞ് ആകാശത്തു വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുമ്പോഴാണ് ആലങ്ങാട് സംഘത്തിന്റെ തുള്ളൽ നടക്കുക. 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. 250 പേരാണ് ആലങ്ങാട് സംഘത്തിലുളളത്. ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ 6.30ന് ക്ഷേത്രത്തിൽ പ്രവേശിക്കും.

പേട്ടതുള്ളൽ പ്രമാണിച്ച് ഇന്ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. അതേസമയം മുൻ നിശ്ചയിച്ച പൊതുപരിപാടികൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ് ലിയും; ഇന്ത്യക്ക് കൂറ്റൻ സ്കോർ; ശ്രീലങ്കയ്‌ക്കെതിരെ ചരിത്ര നേട്ടം

സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ് ലിയും; ഇന്ത്യക്ക് കൂറ്റൻ സ്കോർ; ശ്രീലങ്കയ്‌ക്കെതിരെ ചരിത്ര നേട്ടം

ഗുവാഹത്തി: ഹോം ഗ്രൗണ്ടിലെ സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ് ലിയും. ഗുവാഹത്തി ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി തികച്ചതോടെയാണ് സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

ഹോം ഗ്രൗണ്ടില്‍ ഏകദിനത്തില്‍ 20 സെഞ്ചുറികള്‍ നേടിയാണ് സച്ചിന്‍ ലോക റെക്കോര്‍ഡിട്ടത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോഹ് ലിയും ഈ റെക്കോര്‍ഡിനൊപ്പം എത്തിയത്. ഏകദിനത്തിലും ടെസ്റ്റിലുമായി കോഹ് ലിയുടെ 73-ാം സെഞ്ചുറിയാണിത്.

വേഗത്തില്‍ 12500 റണ്‍സ് തികച്ച ബാറ്ററാണ് കോഹ് ലി. 257 ഇന്നിംഗ്‌സുകളിലാണ് ഈ നേട്ടം. ഏകദിനത്തില്‍ കോഹ് ലിയുടെ 45-ാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം എന്ന സച്ചിന്റെ റെക്കോര്‍ഡും കോഹ് ലി മറികടന്നു. ശ്രീലങ്കയ്‌ക്കെതിരെ ഒന്‍പതാമത്തെ സെഞ്ചുറിയാണ് ഗുവാഹത്തിയില്‍ പിറന്നത്. 80 പന്തിലാണ് കോഹ് ലി സെഞ്ചുറി തികച്ചത്. 87 പന്തില്‍ 113 റണ്‍സാണ് കോഹ് ലിയുടെ സമ്പാദ്യം.