by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം. മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുന്‍ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്‍ജികളില്‍ അടക്കമാണ് സുപ്രീംകോടതി വിധി പറയുന്നത്. വാദത്തിനിടെ വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന അലിഖിത കീഴ്‌വഴക്കം ജഡ്ജിമാര്‍ പാലിക്കാറുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഈ കീഴ് വഴക്കം, രാഷ്ട്രീയക്കാരും അധികാരസ്ഥാനത്തിരിക്കുന്ന പൊതു പ്രവര്‍ത്തകരും പാലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അധിക മാര്‍ഗരേഖകള്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണി വാദിച്ചത്.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ഗവി കാണാന്‍ എത്തിയ സഞ്ചാരികളുമായി പോയ പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് യാത്രാമധ്യേ കേടായി കൊടുംവനത്തില്‍ കുടുങ്ങി. ആനത്തോടിനും പമ്പയ്ക്കുമിടയില്‍ വനത്തിനുള്ളിലാണ് ബസിന് തകരാര്‍ സംഭവിച്ചത്. പത്തനംതിട്ടയില്‍ നിന്ന് രാവിലെ ആറരയ്ക്കു കുമളിക്കു പോയ പത്തനംതിട്ട-ഗവി-കുമളി ബസാണ് മടങ്ങി വരും വഴി ഇന്നലെ വൈകിട്ട് 4 മണിയോടെ പമ്പ അണക്കെട്ട് കഴിഞ്ഞപ്പോള്‍ തകരാറിലായത്. ബസിലുണ്ടായിരുന്ന 28 യാത്രക്കാര്‍ ആനക്കാട്ടിലൂടെ ഏകദേശം 5 കിലോമീറ്ററോളം നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റിലെത്തി. രാത്രി ഏഴരയോടെ ഇതു വഴി വന്ന സീതത്തോട് പഞ്ചായത്തിലെ വാഹനത്തില്‍ 7 യാത്രക്കാരെ പത്തനംതിട്ടയില്‍ എത്തിച്ചു.

ബാക്കി യാത്രക്കാരെ കൊണ്ടുപോകാന്‍ രാത്രി 10 മണിയോടെ മൂഴിയാറില്‍ സ്റ്റേയുള്ള കെഎസ്ആര്‍ടിസി ബസ് ആനത്തോട്ടിലെത്തി.പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലക്കാരായ വിനോദ സഞ്ചാരികളായിരുന്നു യാത്രക്കാര്‍. 4 കുട്ടികളുമുണ്ടായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ടക്ടര്‍ സാബുവിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ കാട്ടാനയും, കാട്ടുപോത്തുകളുമുള്ള കാട്ടിലൂടെ നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ എത്തുകയായിരുന്നു. പത്തനംതിട്ട ആങ്ങമൂഴി-മൂഴിയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂഴിയാര്‍ കെഎസ്ആര്‍ടിസി സ്റ്റേ ബസ് രാത്രി പത്ത് മണിയോടെ ആനത്തോട്ടില്‍ എത്തി പത്തനംതിട്ടയിലേക്കു തിരിച്ചതോടെയാണ് മണിക്കൂറുകള്‍ വനത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കു ആശ്വാസമായത്. അടൂരില്‍നിന്ന് എത്തിയ ഏഴംഗ കുടുംബത്തെ പഞ്ചായത്ത് വാഹനത്തില്‍ പത്തനംതിട്ടയില്‍ എത്തിച്ചു.
by Midhun HP News | Jan 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് റം ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 268 ഔട്ട്‍ലെറ്റുകളിലും പത്തു ലക്ഷത്തിന് മുകളിൽ മദ്യം വിറ്റഴിഞ്ഞു. 2022ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിൽ 10 ദിവസത്തെ വിൽപ്പന 649.32 കോടിയായിരുന്നു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് ഔട്ട്‍ലെറ്റാണ്. 1.12 കോടിയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രമത്താണ്. 96.59 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.

ഇതിനിടെ ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ് വന്നിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്‍ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്. അതേസമയം, 22, 23, 24 എന്നീ ദിദിവസങ്ങൾ മൊത്തത്തിൽ നോക്കുമ്പോൾ മദ്യവിൽപ്പന ഈ വര്‍ഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റത്.
കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 61.41 ലക്ഷം ക്ഷം രൂപയുടെ വിൽപ്പനയും നടന്നു.
by Midhun HP News | Jan 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അടിമാലി: തിങ്കൾകാട് എസ് വളവിൽ പാതിരാത്രിയിൽ ഉയർന്നതു കൂട്ട നിലവിളി. വിദ്യാർഥികൾ ടൂറിനു വന്ന ബസ് കൊക്കയിലേക്കു മറിഞ്ഞത് പാതി രാത്രിയിലാണ്. ഞായറാഴ്ച പുലർച്ചെ ഒന്നോടെ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. മലപ്പുറം തിരൂർ ആദവനാട് പരിധി ചേനാടൻ വീട്ടിൽ സൈനുദീന്റെ മകൻ മുഹമ്മദ് മിൽഹാജ് (20) ബസിന്റെ അടിയിൽപ്പെട്ടതോടെയാണ് മരിച്ചത്. നാലു മണിക്കൂറിനു ശേഷമാണ് മിൽഹാജിനെ പുറത്തെടുക്കാൻ കഴിഞ്ഞത്.
തിരൂർ റീജണൽ ഐടിഐയിലെ എസി മെക്കാനിക് വിദ്യാർഥികൾ ബ്രീസ് ക്ലബിന്റെ നേതൃത്വത്തിലാണ് വിനോദയാത്രയ്ക്കായി വന്നത്. ഡിസംബർ 29ന് തിരൂരിൽനിന്നു യാത്ര പുറപ്പെട്ട് 30ന് കൊടൈക്കനാലിൽ എത്തി. അവിടെ നിന്ന് 31ന് തിരിച്ച് രാമക്കൽമേട്ടിൽ എത്തി. തുടർന്ന് തിങ്കൾകാട് വഴി തിരികെ പോകുന്നതിനിടെ ആയിരുന്നു അപകടം. കല്ലാർകൂട്ടി മയിലാടുംപാറ റൂട്ടിൽ മുനിയറയിൽനിന്ന് ഒന്നര കിലോമീറ്റർ മാറി തിങ്കൾകാട് എസ് വളവിനു സമീപമാണ് ബസ് മറിഞ്ഞത്.

കൊടുംവളവും കുത്തിറക്കവുമുള്ള പ്രദേശമാണ്. ഇറക്കത്തിൽ ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ ബ്രേക്ക്പാഡ് ജാമായി. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്കു മറിയുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു ബസ്. വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം നേതൃത്വം നൽകിയത്.
പിന്നാലെ പോലീസും അഗ്നിരക്ഷാ സേനയും എത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ വാഹനത്തിനുള്ളിൽനിന്നു പുറത്തെടുത്തത്. അടിമാലി, രാജാക്കാട്, നെടുങ്കണ്ടം, വെള്ളത്തൂവൽ എന്നിവിടങ്ങളിൽനിന്ന് ആംബുലൻസുകളും പോലീസും എത്തി. ഒരു വാഹനത്തിൽ നാലും അഞ്ചും പേരെ വീതം കയറ്റിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇരുട്ടായതിനാൽ ബസിന്റെ അടിയിൽ മിൽഹാജ് കിടക്കുന്ന വിവരം രക്ഷാപ്രവർത്തകർക്ക് ആദ്യം മനസിലാക്കാനായില്ല.
പുലർച്ചെ അഞ്ചോടെ പരിക്കേറ്റ കുട്ടികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം ബസിന്റെ അടിയിൽനിന്നു കണ്ടെത്തിയത്. 32 പേരെ അടിമാലി താലൂക്ക് ആശുപത്രിയിലും ഒൻപതു പേരെ അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രിയിലും എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം സാരമായി പരിക്കേറ്റ 16 പേരെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധിക്യതർ അറിയിച്ചു.
by Midhun HP News | Jan 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം : തോട്ടയ്ക്കാട് പാലത്തിനു സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തോട്ടയ്ക്കാട് പുത്തൻ വീട്ടിൽ സിഎംപി എന്ന് അറിയപ്പെടുന്ന നസീർ എം (58) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കവേ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

by Midhun HP News | Jan 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുദിവസം നീണ്ടുനിന്ന എസ്പിസി ക്യാമ്പിന് സമാപനമായി. ക്യാമ്പിന്റെ ഭാഗമായി എസ് പി സി കേഡറ്റുകൾ വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സമീപം കമ്മ്യൂണിറ്റി പാർക്ക് സ്ഥാപിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ തോന്നക്കൽ രാജേന്ദ്രൻ പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ സുജിത് എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ ,പി ടി എ അംഗങ്ങളായ ശ്രീ വിനയ് എംഎസ്, ഷമികുമാർ, ഓട്ടോ ഡ്രൈവർമാർ, എസ്പിസി കേഡറ്റുകൾ, രക്ഷിതാക്കൾ, സി പിഒ ഷഫീഖ് എ എം, എ സി പി ലാലി ആർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് തോന്നയ്ക്കൽ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ മംഗലപുരം എസ് എച്ച് ഒ ശ്രീ സജീഷ് എച്ച് എൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രഥമാധ്യാപകൻ ശ്രീ സുജിത്ത് എസ്, രക്ഷകർതൃ സമിതി കൺവീനർ രജിതകുമാരി, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ, ഷെഫീഖ് എ എം, ലാലി ആർ, രാമഭദ്രൻ എന്നിവർ സംസാരിച്ചു.

Recent Comments