ടൂറിസ്റ്റ് ബസ് അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു; 40 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ടൂറിസ്റ്റ് ബസ് അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു; 40 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും അടക്കം 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

കല്ലാര്‍കുട്ടി മയിലാടും പാറ റൂട്ടില്‍ അടിമാലി തിങ്കള്‍ക്കാടിന് സമീപം മുനിയറയിലാണ് സംഭവം. രാത്രി ഒന്നേകാലോടെയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി റീജിയണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വിനോദയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കള്‍ക്കാടിന് സമീപം വെച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവിലും ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് വിവരം.

പുതുവത്സരാഘോഷം; ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി

പുതുവത്സരാഘോഷം; ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി

കൊല്ലം: കൊല്ലം ബീച്ചില്‍ പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുംമൂട് സ്വദേശി അഖില്‍ (കണ്ണന്‍) നെയാണ് കാണാതായത്. രാത്രി 12.30 ഓടെയായിരുന്നു അപകടം. അഖിലും സുഹൃത്തുക്കളും പുതുവത്സരമാഘോഷിക്കാനായിട്ടാണ് ബീച്ചില്‍ എത്തിയത്. അഖില്‍ അപകടത്തില്‍പ്പെട്ടത് കൂട്ടുകാര്‍ വൈകിയാണ് അറിയുന്നത്. അഖിലിനെ കണ്ടെത്തുന്നതിനായി കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ തുടരുകയാണ്. അഞ്ചാലുംമൂട് കാഞ്ഞിരംകുഴി സ്വദേശി രാജേന്ദ്രന്‍-അനിത ദമ്പതികളുടെ മകനാണ് കണ്ണന്‍ എന്നു വിളിപ്പേരുള്ള അഖില്‍. ജെസിബി ഓപ്പറേറ്ററാണ് അഖില്‍.

പ്രതീക്ഷകളുടെ പുതുവർഷത്തെ വരവേറ്റ് ലോകം

പ്രതീക്ഷകളുടെ പുതുവർഷത്തെ വരവേറ്റ് ലോകം

ലോകമെമ്പാടും പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേൽക്കുകയാണ്. ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്പന്‍ ആഘോഷം നടന്നത്. ലഹരി ഉപയോഗം തടയാൻ കർശന നിരീക്ഷണവുമുണ്ട്.

2022 ന് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ 2023 നെ സ്വീകരിച്ചിരിക്കുകയാണ് ലോകം മുഴുവൻ. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി. നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലൻഡാണ്.

ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലൻഡിലെ ഓക്‌ലൻഡ് നഗരം 2023-നെ എതിരേറ്റു. ഹാർബർ ബ്രിഡ്ജ് അടക്കമുള്ള പ്രധാന ഇടങ്ങൾ എല്ലാം തന്നെ ദീപാലങ്കാരങ്ങളാൽ അലംകൃതമായിരുന്നു. സിഡ്‌നിയും ഏറെ വർണാഭമായി പുതുവർഷത്തെ വരവേറ്റു. ഹാർബർ ബ്രിഡ്ജിലും ഓപ്പെറ ഹൌസ് പരിസരങ്ങളിലുമായി നടന്ന വെടിക്കെട്ടിന് പത്ത് ലക്ഷത്തോളം പേർ സാക്ഷിയായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇന്ത്യൻ സമയം വൈകീട്ട് ആറരയോടെ പുതുവത്സരം

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; ചെറുകിട നിക്ഷേപ നിരക്കുകൾ ഉയർത്തി കേന്ദ്രം

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; ചെറുകിട നിക്ഷേപ നിരക്കുകൾ ഉയർത്തി കേന്ദ്രം

ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ ജനുവരി 1 മുതല്‍ നിലവിൽ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു

ജനപ്രിയ നിക്ഷേപമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ചൈൽഡ് സേവിംഗ്സ് സ്കീമായ സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്ക് ഉയർത്തിയിട്ടില്ല. മുതിർന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതി, കിസാൻ വികാസ് പത്ര ( കെവിപി) എന്നിവയുടെ പലിശ നിരക്ക് 1.1 ശതമാനം പോയിന്റ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ അറിയിക്കും.

പരിഷ്കരണത്തോടെ, പോസ്റ്റ് ഓഫീസുകളിൽ ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശയും രണ്ട് വർഷത്തെ നിക്ഷേപത്തിന് 6.8 ശതമാനം പലിശയും മൂന്ന് വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ജനുവരി-മാർച്ച് കാലയളവിൽ 40 ബേസിസ് പോയിന്റുകൾ ഉയർന്ന് 8 ശതമാനമാകും

കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് 7.2 ശതമാനമായി ഉയർത്തി. നിലവിൽ 7 ശതമാനമാണ് പലിശ നിരക്ക്. പ്രതിമാസ വരുമാന സ്കീമിന് 40 ബേസിസ് പോയിന്റ് കൂടി 7.1 ശതമാനം പലിശ ലഭിക്കും. അതേസമയം നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) 20 ബേസിസ് പോയിന്റ് 7 ശതമാനമാക്കി ഉയർത്തി. പെൺകുട്ടികളുടെ സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 7.6 ശതമാനമായി നിലനിർത്തി, പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ 7.1 ശതമാനമായി നിലനിർത്തി.

‘ബിനു സോമനെ രക്ഷിക്കേണ്ടിയിരുന്നത് NDRF’; മോക്ഡ്രില്ലിലെ അപകടകാരണം ഏകോപനക്കുറവെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്.

‘ബിനു സോമനെ രക്ഷിക്കേണ്ടിയിരുന്നത് NDRF’; മോക്ഡ്രില്ലിലെ അപകടകാരണം ഏകോപനക്കുറവെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്.

പത്തനംതിട്ട: ദുരന്തനിവാരണ പ്രചാരണ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ആസൂത്രണപ്പിഴവെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. മോക്ഡ്രില്‍ സംഘടിപ്പിച്ചതില്‍ ഏകോപനക്കുറവുണ്ടായി. മുന്‍നിശ്ചയിച്ച സ്ഥലം എന്‍.ഡി.ആര്‍.എഫ്. ഏകപക്ഷീയമായി മാറ്റി. രക്ഷാപ്രവര്‍ത്തനം വൈകിയെന്നും കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റവന്യൂ, ഫയര്‍ഫോഴ്‌സ്, പഞ്ചായത്ത്, എന്‍.ഡി.ആര്‍.എഫ്, ആരോഗ്യം, പോലീസ് വിഭാഗങ്ങള്‍ സംയുക്തമായാണ് മോക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്. മണിമലയാറ്റില്‍ കോമളം പാലത്തിന് സമീപം അമ്പാട്ടുഭാഗത്ത് മോക്ഡ്രില്‍ സംഘടിപ്പിക്കാനായിരുന്നു യോഗത്തില്‍ തീരുമാനം. എന്നാല്‍, മോക്ഡ്രില്‍ നടത്തിയത് അവിടെനിന്ന് നാലുകിലോമീറ്ററോളം മാറിയായിരുന്നു.

മോക്ഡ്രില്ലിന്റെ സ്ഥലം മാറ്റാനുള്ള തീരുമാനം എന്‍.ഡി.ആര്‍.എഫ്. ഏകപക്ഷീയമായി എടുത്തതാണ്. മല്ലപ്പള്ളി തഹസില്‍ദാരേയോ ഇതുമായി ബന്ധപ്പെട്ട പ്രധാനചുമതലയുള്ള ജില്ലാ കളക്ടറേയോ വിവരം അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനം എത്തിപ്പെടാന്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലമെന്ന നിലയിലാണ് പടുതോട് പാലത്തിന് സമീപത്തേക്ക് മാറ്റിനിശ്ചയിച്ചത് എന്നായിരുന്നു എന്‍.ഡി.ആര്‍.എഫ്. വിശദീകരണം.

നാലുപേര്‍ പുഴയിലേക്ക് ചാടുമ്പോള്‍ മൂന്നുപേരെ രക്ഷപ്പെടുത്തേണ്ട ചുമതല ഫയര്‍ഫോഴ്‌സിനും ഒരാളെ രക്ഷിക്കേണ്ട ചുമതല എന്‍.ഡി.ആര്‍.എഫിനും എന്നായിരുന്നു തീരുമാനം. ഇതുപ്രകാരം ഫയര്‍ഫോഴ്‌സ് മൂന്നുപേരെ രക്ഷിച്ചു. മുന്‍ധാരണപ്രകാരം ഫയര്‍ഫോഴ്‌സ് തങ്ങളുടെ ജോലി അവസാനിപ്പിച്ചു. ഇതേസമയം, മരണപ്പെട്ട ബിനു സോമന്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. എന്‍.ഡി.ആര്‍.എഫ്. സംഘം പിന്നീട് എത്തി ബിനു സോമനെ പുറത്തെടുക്കുമ്പോള്‍ നാല്‍പ്പതുമിനുറ്റോളം വൈകിയിരുന്നു. ഇത് മരണത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു.

ഇനി വീട്ടിലിരുന്ന് മക്കളുടെ സ്കൂൾബസ് ട്രാക്ക് ചെയ്യാം; രക്ഷിതാക്കൾക്കായി  മോട്ടർ വാഹന വകുപ്പിന്റെ ‘വിദ്യ വാഹൻ’

ഇനി വീട്ടിലിരുന്ന് മക്കളുടെ സ്കൂൾബസ് ട്രാക്ക് ചെയ്യാം; രക്ഷിതാക്കൾക്കായി മോട്ടർ വാഹന വകുപ്പിന്റെ ‘വിദ്യ വാഹൻ’

തിരുവനന്തപുരം∙ സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കൾക്കായി മോട്ടർ വാഹന വകുപ്പിന്റെ ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്. ഈ ആപ്പിലൂടെ രക്ഷിതാക്കൾക്ക് സ്കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാനാകും. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനാകും.

കേരള മോട്ടർ വാഹന വകുപ്പിന്റെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണം.

ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 18005997099 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക.