കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വരുന്നു, വിപണി വിലയേക്കാള്‍ ഒരു രൂപ കുറവ്; മൂന്ന് രൂപ ജീവനക്കാര്‍ക്ക്

കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വരുന്നു, വിപണി വിലയേക്കാള്‍ ഒരു രൂപ കുറവ്; മൂന്ന് രൂപ ജീവനക്കാര്‍ക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം.

കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാന്‍ കമ്പനികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഒരു കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ രണ്ടു രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം കെഎസ്ആര്‍ടിസിയുടെ ലേബലിലാണ് വിതരണം ചെയ്യുക. കുപ്പിവെള്ളം സൂക്ഷിക്കാന്‍ ഡ്രൈവര്‍ ക്യാബിനോട് ചേര്‍ന്ന് പ്രത്യേക സംവിധാനമൊരുക്കും. ഡ്രൈവര്‍ ഉപയോഗിക്കുന്ന കുപ്പിവെള്ളം സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

അവനവഞ്ചേരി എ. കെ. ജി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിമൂന്നാം വാർഡ് കൗൺസിലറെ ആദരിച്ചു

അവനവഞ്ചേരി എ. കെ. ജി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിമൂന്നാം വാർഡ് കൗൺസിലറെ ആദരിച്ചു

അവനവഞ്ചേരി എ. കെ. ജി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിമൂന്നാം വാർഡ് കൗൺസിലർ നയനാ അനീഷിനെ അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ ഡോ. സന്തോഷ് കുമാർ സ്വാഗതവും, ജോയിന്റ് സ്രെകട്ടറി സാഹിറ നന്ദിയും, ഡോ.അഭിലാഷ്, പ്രീത എന്നിവർ ആശംസകളുമർപ്പിച്ചു. എല്ലാ ഭരണ സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വാർഡ് കൗൺസിലറായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സ്വീകരണത്തിന് നയനാ അനീഷ് നന്ദി അറിയിച്ചു.

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഈ മാസം അധിക അരിയില്ല; ആട്ട വിഹിതം പുനഃസ്ഥാപിച്ചു

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഈ മാസം അധിക അരിയില്ല; ആട്ട വിഹിതം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. വെള്ള കാര്‍ഡിന് കഴിഞ്ഞ മാസം അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു. എന്നാല്‍ ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക.

നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു. അതേസമയം വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച് കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും ( ജനുവരി 1), മന്നം ജയന്തിയായ നാളെയും ( ജനുവരി -2) അവധിയായിരിക്കും. ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യും.

മന്ത്രിസഭായോഗ തീരുമാനം; പുതിയ തസ്തികകൾ

മന്ത്രിസഭായോഗ തീരുമാനം; പുതിയ തസ്തികകൾ

കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ – 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ – 5 എന്നിങ്ങനെയാണ് തസ്തികകള്‍.

ഓപ്പറേഷന്‍ ഡി -ഹണ്ട്: 46 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി -ഹണ്ട്: 46 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഡിസംബര്‍ 30) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1366 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 46 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.07638 കി.ഗ്രാം), കഞ്ചാവ് (22.768 കി.ഗ്രാം), കഞ്ചാവ് ബീഡി (32 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഡിസംബര്‍ 30 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.