by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും. സാധാരണ രാവിലെയാണ് കാപ്പുകെട്ടി കുടിയിരുത്തൽ നടക്കുന്നത്. അപൂർവമായിട്ടാണ് വൈകിട്ട് ചടങ്ങ് നടക്കുന്നത്.കാർ ത്തിക നാളിലാണ് കാപ്പുകെട്ട് നടക്കുന്നത്. 23വൈകിട്ട് 4.35 നാണ് കാർത്തിക നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടാണ് ചടങ്ങ് വൈകിട്ടായത്.
ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ രാവിലെ 4.30ന് പള്ളിയുണർത്തലോടെ ആരംഭിക്കും. ഏഴാം ഉത്സവദിവസമായ മാർച്ച് 1 ന് ഒഴികെ എല്ലാ ദിവസവും പള്ളിയുണർത്തൽ 4.30നു.
മാർച്ച് 1 ന് രാവിലെ 7നാണ് പള്ളിയുണർത്തൽ. രാത്രി 1നാണ് നട അടയ്ക്കുന്നത്. പൊങ്കാല തലേന്നായ മാർച്ച് 2ന്റ രാത്രി 2ന് മാത്രമേ നട അടയ്ക്കുക്കൂ.
23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം സൂപ്പർതാരം മോഹൻലാൽ നിർവഹിക്കും. വേദി ‘അംബ’യിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങും.
തുടർന്ന് നന്ദഗോവിന്ദം ഭജൻസിൻ്റെ സംഗീത പരിപാടി നടക്കും. അംബിക, അംബാലിക വേദികളിലും കലാപരിപാടികൾ രാവിലെ മുതൽ രാത്രി 12 വരെ തുടർച്ചയായി അരങ്ങേറും.
മൂന്നാം ഉത്സവദിവസമായ 25ന് രാവിലെ 8.45ന് കുത്തിയോട്ടവ്രതം ആരംഭിക്കും.
അന്ന് രാത്രി 10ന് അംബ വേദിയിൽ ചാലക്കുടി പ്രസിദയുടെ നാടൻപാട്ട് ഉണ്ടാകും.
27 ന് രാത്രി 8ന് പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന ഗാനമേളയും, 11 ന് ഡോ.നീനാ പ്രസാദിന്റെ ശാസ്ത്രീയ നൃത്തവും നടക്കും.
28രാത്രി 8നു ശദളം മ്യൂസിക് ബാൻഡിന്റെ ഫ്യൂഷൻ, 10ന് ആര്യദയാലും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവ ഉണ്ടാകും. മാർച്ച് 3നു രാവിലെ 9.45ന് പൊങ്കാല അടുപ്പുകളിൽ തീ പകരും. ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദ്യം, രാത്രി 8.30ന് കുത്തിയോട്ടം, ചൂരൽകുത്ത്, രാത്രി 10.45ന് പുറത്തെഴുന്നള്ളത്ത്.
4നു രാവിലെ 8ന് അകത്തെഴുന്നള്ളത്ത്. രാത്രി 9.45ന് കാപ്പഴിപ്പ്, 12.45ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.


by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലയിലെഅമ്പൂരി കുമ്പിച്ചൽക്കടവ് പാലംഫെബ്രുവരി 11 ന് നാടിന് സമർപ്പിക്കുന്നു.നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയ തൊടുമല ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോയ ആദിവാസി ഉന്നതികളിലെ ആയിരത്തോളം ജനങ്ങളുടെ എത്രയോകാലത്തെ കഷ്ടപ്പാടുകൾക്കും യാത്രാദുരിതത്തിനും അറുതിവരുത്താനാണ് കിഫ്ബി പദ്ധതിയിൽ 24.71 കോടി രൂപ ചെലവഴിച്ച് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാക്കിയത്.

കടത്ത് വള്ളത്തെ മാത്രം ആശ്രയിച്ച് പുറംലോകത്തേക്ക് എത്തിയിരുന്ന പ്രദേശവാസികൾ ദൈനംദിന യാത്രകൾക്കും അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിലേക്കെത്തുവാനും അവശ്യസാധനങ്ങൾ യഥാസമയം ലഭിക്കുന്നതിലും ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ ഫണ്ട് അനുവദിക്കുകയും ശ്രീ. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നിരന്തര പരിശ്രമവുമാണ് എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് അമ്പൂരി കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാക്കിയത്.
ആദിവാസി ജനവിഭാഗങ്ങളുടെ യാത്രാദുരിതത്തിന് അറുതിവരുത്തുക മാത്രമല്ല അമ്പൂരി പ്രദേശത്തിൻ്റെ ടൂറിസം സാധ്യതകൾ കൂടി വർദ്ധിപ്പിച്ചിരിക്കുകയാണ് ഈ പാലം. ദിവസേന നൂറുകണക്കിന് ആളുകളാണ് പാലം കാണാനായി മാത്രം ഇവിടേക്കെത്തുന്നത്. അതുകൊണ്ട് തന്നെ ഡിസൈൻ പോളിസി പ്രകാരം പാലത്തിൻ്റെ താഴെയുള്ള ഒഴിഞ്ഞ ഭാഗത്തെ ഉപയോഗപ്പെടുത്തി ഒരു വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കുന്നതിനായി 99 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഫെബ്രുവരി 11 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കുമ്പിച്ചൽകടവ് പാലം നാടിന് സമർപ്പിക്കുകയാണ്. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് പൂർത്തിയാക്കിയ 30 റോഡുകളും 6 പാലങ്ങളും നാടിന് സമർപ്പിക്കും.

by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞ തീർഥാടന കാലത്തു ശബരിമലയിലെ ദിവസ വേതനക്കാർ ദിവസവും ബാങ്ക് ഇടപാടുകൾ നടത്തിയതിൽ സംശയം. ദിവസവേതനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം പരിശോധന ആരംഭിച്ചു. സന്നിധാനത്തെ 2 ബാങ്കുകളും പോസ്റ്റ് ഓഫിസും വഴി ദിവസവേതനക്കാർ ദിവസവും പണം അയച്ചിരുന്നെന്നാണ് കണ്ടെത്തൽ. ദിവസവേതനക്കാർക്കുള്ള പണം സീസൺ കഴിഞ്ഞ് അവരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടാണ് ദേവസ്വം ബോർഡ് നൽകാറുള്ളത്. അതിനു മുൻപു ദിവസവും ബാങ്ക് ഇടപാടുകൾ നടത്തിയതു സംശയം ജനിപ്പിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കാണു ഭൂരിഭാഗം പേരും പണം അയച്ചിരിക്കുന്നത്. നൂറിലേറെ പേരെയാണു കാണിക്ക പരിപാലനം ഉൾപ്പെടെ വിവിധ ജോലികൾക്കായി സന്നിധാനത്തു നിയമിച്ചിരുന്നത്. പോസ്റ്റ് ഓഫിസ് വഴി 6,000 രൂപ വരെ ചിലർ പ്രതിദിനം അയച്ചെന്നാണു വിവരം. ഭസ്മം, കുങ്കുമം എന്നിവ കലർന്ന നോട്ടുകളാണു ലഭിച്ചതെന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാർ വിജിലൻസിനെ അറിയിച്ചിട്ടുണ്ട്.
എസ്ബിഐ, ധനലക്ഷ്മി ബാങ്കുകളുടെ ശാഖകളാണു സന്നിധാനത്തു പ്രവർത്തിക്കുന്നത്. ബാങ്കുകളിൽനിന്നുള്ള വിവരങ്ങൾ ദേവസ്വം വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഒരുലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ബാങ്ക് ഇടപാടുകൾ നടത്തിയവരുടെ പട്ടിക ശേഖരിച്ചാണ് അന്വേഷണം. അനധികൃതമായി പണം സമ്പാദിച്ച 5 പേരെ ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ടെന്നാണു വിവരം.


by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ നിന്നും വിട്ട് നിന്ന് ആര്‍ ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായുള്ള മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ യാത്രയില്‍ നിന്നാണ് ആര്‍ ശ്രീലേഖ വിട്ടു നില്‍ക്കുന്നത്. എംആര്‍ ഗോപന്‍, ശ്രീലേഖ എന്നിവരാണ് യാത്രയില്‍ ട്രെയിന്‍ യാത്രാ സംഘത്തില്‍ ഇല്ലാത്തത്. അമ്മമാരുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആസൗകര്യം അറിയിച്ചിരുന്നു എന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
എന്നാല്‍, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ആര്‍ ശ്രീലേഖ വിമാന മാര്‍ഗം ഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ഇന്നത്തെ കേരള എക്‌സ്പ്രസിലാണ് മേയറും സംഘവും ഡല്‍ഹിക്ക് തിരിക്കുന്നത്. ബിജെപി അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒന്നിച്ചായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തി പലഘട്ടത്തില്‍ പരസ്യമായിരിക്കെയാണ് യാത്ര സംഘത്തില്‍ നിന്നും ശ്രീലേഖ വിട്ടുനില്‍ക്കുന്നതും ചര്‍ച്ചയാകുന്നത്.
തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുക എന്നകാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബിജെപി നേതൃത്വം പറയുന്നു.


by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തി ഫോണ്‍ നമ്പറുകള്‍ കൈമാറണം. അസ്വാഭാവികമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
രാത്രിയില്‍ വീടിനു ചുറ്റും ലൈറ്റ് ഉറപ്പാക്കണം. അസാധാരണ ശബ്ദം കേട്ടാല്‍ കതക് തുറക്കാതെ അയല്‍ക്കാരെ വിവരം അറിയിക്കണം. സംശയകരമായ തരത്തില്‍ അപരിചിതരെ കണ്ടാല്‍ അവരുടെ ഫോട്ടോയെടുത്ത് പൊലീസിന്റെ 112 നമ്പറില്‍ വിളിച്ചറിയിക്കണം. പഴയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ സംശയം തോന്നിയാല്‍ പൊലീസിനെ അറിയിക്കണം. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുമണി വരെ പ്രത്യേകം ശ്രദ്ധിക്കണം. സംഘം ചേര്‍ന്നുള്ള നിരീക്ഷണത്തിന് ശ്രമിക്കണം. കഴിയുന്നത്ര നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. മൊബൈലുമായി ബന്ധിപ്പിക്കുന്ന അലാം ഘടിപ്പിക്കുക. വീട് പൂട്ടി പുറത്തുപോകുന്നവര്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വില പിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക, വിനോദയാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനിലെ ആപ്പില്‍ വിവരം രേഖപ്പെടുത്തുക, അവരുടെ ലൊക്കേഷനും മറ്റു വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കുക, ബൈക്കുകളില്‍ ചീറിപ്പായുന്നവരുടെ നമ്പര്‍ പ്ലേറ്റിന്റെ പടം എടുത്ത് പൊലീസിന് കൈമാറുക, മൊബൈല്‍ ഫോണുകള്‍ അലക്ഷ്യമായി ഇടാതിരിക്കുക, സ്വര്‍ണം, പണം എന്നിവ ആരാധനാലയങ്ങളില്‍ സൂക്ഷിക്കാതിരിക്കുക, അമ്പലകമ്മിറ്റികളും പള്ളിക്കമ്മിറ്റികളും നിര്‍ബന്ധമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നത്.


by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
സാക്ഷരതാ മിഷൻ പത്താം തരം തുല്യതാ 18-ാം ബാച്ചിലെയും ഹയർ സെക്കണ്ടറി തുല്യതാ 8-ാം ബാച്ചിലേയും വിജയികളെ അനുമോദിക്കുകയും പത്താംതരം തുല്യത 19-ാം ബാച്ചിന്റെയും ഹയർ സെക്കണ്ടറി തുല്യതാ 10-ാം ബാച്ചിന്റെയും ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനൂപിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർ പേഴ്സൺ എം.പ്രദീപ് നിർവ്വഹിച്ചു.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എം.പ്രദീപ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ അനൂപ്, അഡ്വ.സുരേഷ്, അഡ്വ. താഹ, ബിനു, വക്കം പഞ്ചായത്ത് പ്രസിഡന്റ് വക്കം സജീവ്, നഗരസഭാ കൗൺസിലർമാരായ സതി, മല്ലിക, ശ്യാം, ജില്ലാ സാക്ഷരതാ മിഷൻ കോ – ഓഡിനേറ്റർ നിർമ്മല റേച്ചൽ ജോയി, അദ്ധ്യാപകർ എന്നിവരെയും ആദരിച്ചു. ഹയർസെക്കണ്ടറി തുല്യത കഴിഞ്ഞ് ഡിഗ്രിയും പാസായി LLB യ്ക്ക് പഠിക്കുന്ന അനിതകുമാരിയെയും ന്യത്തകലയിൽ ദേശീയപുരസ്ക്കാര ജേതാവായ മധു ഗോപിനാഥിനെയും തുല്യതാ പരീക്ഷയിൽ വിജയിച്ച എല്ലാ പഠിതാക്കളെയും ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. തുടർന്ന് അജിൽ മണിമുത്തിന്റെ നാടൻ പാട്ടും ഉണ്ടായിരുന്നു.


Recent Comments