കൊല്ലം കല്ലടയാറിൽ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം കല്ലടയാറിൽ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കൊല്ലത്ത് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ കല്ലടയാറിലാണ് സംഭവം. കണ്ടച്ചിറ സ്വദേശി റോഷിന്‍, ഏഴംകുളം സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴ ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസം എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതിനാല്‍ ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അഞ്ചുതെങ്ങ് സ്വദേശികളായ പ്രവാസി കുടുംബത്തിന്റെ യുട്യൂബ് ആൽബം ശ്രദ്ധേയമാകുന്നു

അഞ്ചുതെങ്ങ് സ്വദേശികളായ പ്രവാസി കുടുംബത്തിന്റെ യുട്യൂബ് ആൽബം ശ്രദ്ധേയമാകുന്നു

അഞ്ചുതെങ്ങ് സ്വദേശികളും പ്രവാസിയുമായ കുടുംബത്തിന്റെ യുട്യൂബ് ആൽബം തരംഗമാകുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ പ്രവാസി ദമ്പതികൾ പുറത്തിറക്കിയ ക്രിസ്ത്യൻ ഭക്തിഗാന ആൽബമാണ് യുട്യൂബിൽ തരംഗമായിരിക്കുന്നത്. “കിങ് ഓഫ് കിങ്‌സ്” എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ള ആൽബത്തിൽ ഏഴോളം ഗാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ രണ്ടെണ്ണമാണ് നിലവിൽ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തിട്ടുള്ളത്. ഈ ആൽബമാണ് ചുരുങ്ങിയ നാളുകളിക്കുള്ളിൽ തരംഗമായിരിക്കുന്നത്. ഇതിനോടകം 50,000+ ആളുകളാണ് ഗാനങ്ങൾ ആസ്വദിച്ചത്.

യാഷുവ ഫാമിലി പ്രൊഡ്യൂസ് ചെയ്ത കിങ് ഓഫ് കിങ്‌സ് ആൽബത്തിന്റെ സംഗീതം ആന്റണി ജോർജ്ജും, ഗിറ്റാർ കേബ ജർമിയയും, ഫ്ലൂട്ട് ഗോതം, വീഡിയോ 24ഫ്രെയിം
വീഡിയോഗ്രാഫിയുമാണ് നിർവ്വഹിച്ചിട്ടുള്ളത്.”കാരിരുമ്പിൻ ആണികളാൽ”,
“രാജ രാജ രാജാദിരാജ” എന്ന ഗാനങ്ങളാണ് ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ളത്.

അഞ്ചുതെങ്ങ് കൊച്ചുപള്ളി പാരിസ് ബംഗ്ലാവിൽ സെബാസ്റ്റ്യൻ സിർള ദമ്പതികളുടെ മകൻ ഹരിസൺ സെബാസ്റ്റ്യനും അഞ്ചുതെങ്ങ് മാലോട്ട്വീട്ടിൽ ശിവപ്രസാദ് സുനില ദമ്പതികളുടെ മകൾ രമ്യ ഹാരിസനുമാണ് ഗാനങ്ങൾ എഴുതി ആലപിച്ച് ദൃശ്യാവിഷ്കാരത്തോടെ ആൽബം പുറത്തിറക്കിയത്. കൂടാതെ ആൽബത്തിൽ അഭിനയിച്ചതും ഹരിസൺ ദമ്പതികളും അവരുടെ മൂന്ന് മക്കളുമാണ്. ഹരിസൺ രമ്യ ദമ്പതികൾ കഴിഞ്ഞ 2009 ലാണ് ആസ്‌ട്രേലിയയിൽ പ്രാവസ ജീവിതം ആരംഭിച്ചത്. ഹരിസനും കുടുംബവും നിലവിൽ ആസ്‌ട്രേലിയൻ പൗരത്വം നേടിയിട്ടുണ്ട്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.

▪️ആൽബത്തിലെ ഗാനങ്ങൾ കാണുവാൻ

https://youtu.be/nKPodmsIzzU

https://youtu.be/a8whfV2G0Cg

തമിഴിലും ഗായികയായി മഞ്ജു വാര്യര്‍

തമിഴിലും ഗായികയായി മഞ്ജു വാര്യര്‍

തുനിവ് എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ മഞ്ജു വാര്യർ പിന്നണി ഗായികയാവുന്നത്. അജിത്താണ്‌ നായകൻ. സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്‍ ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഗാനം ആലപിക്കുന്ന ചിത്രം മഞ്ജു സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു. എച്ച്‌. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് ജനുവരിയില്‍ പൊങ്കല്‍ റിലീസായി എത്തും. ചിത്രത്തില്‍ മഞ്ജു തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതും. വെട്രിമാരന്‍ – ധനുഷ് ടീമിന്റെ അസുരനാണ് മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രം. അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. മലയാളത്തില്‍ കണ്ണെഴുതി പൊട്ടുംതൊട്ട്, ജോ ആന്‍ഡ് ദ ബോയ്, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം എന്നീ ചിത്രങ്ങള്‍ മഞ്ജു ഗാനം ആലപിച്ചിട്ടുണ്ട്.

വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി

വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഏഴു ഡിമാന്‍ഡുകള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്. ഏതൊരു സമരത്തിലും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടാറില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കപ്പെടുന്നതോടെ, സമന്വയത്തിലൂടെ സമരം നിര്‍ത്തിവെക്കുകയാണ് പതിവ്. സമരക്കാര്‍ ഉന്നയിച്ച ഏഴ് ഡിമാന്‍ഡുകളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

പൊലീസുകാരെ ആക്രമിക്കുക, പൊലീസ് സ്റ്റേഷന്‍ കയ്യേറുക, തങ്ങളല്ലാത്ത മറ്റു മതസ്ഥരെ ആക്രമിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ആര്‍ക്കും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല. മതസൗഹാര്‍ദം കാത്തു സൂക്ഷിയ്ക്കുന്നതിന് എന്തു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ സന്നദ്ധമാണ്. സമരക്കാര്‍ ഉന്നയിച്ച ആറാമത്തെ ഡിമാന്‍ഡ് മണ്ണെണ്ണ സൗജന്യമായി നല്‍കണമെന്നതാണ്. കേന്ദ്രസര്‍ക്കാരാണ് മണ്ണെണ്ണ നല്‍കുന്നത്. അവര്‍ നല്‍കിയെങ്കില്‍ മാത്രമേ നമുക്ക് കൊടുക്കാനാകൂ. സമരക്കാരുടെ ഏഴാമത്തെ ആവശ്യം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചിലവഴിച്ചശേഷം നിര്‍ത്തിവെക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാന്‍ കഴിയില്ല. ഇതൊഴികെയുള്ള ഏതു ഡിമാന്‍ഡും ചര്‍ച്ച ചെയ്യാനും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ഇന്നും സന്നദ്ധമാണ്. സമരക്കാര്‍ ഇപ്പോള്‍ കോടതി വിധിയെ ലംഘിക്കുകയാണ് ചെയ്തത്.

വിഴിഞ്ഞം അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ജുഡീഷ്യല്‍ സംവിധാനത്തില്‍ വിശ്വാസമുള്ളവരായിരുന്നു രൂപതയെങ്കില്‍ കോടതിയുടെ നിര്‍ദേശം അവര്‍ പാലിക്കണമായിരുന്നു. സമരപ്പന്തല്‍ പൊളിച്ചു മാറ്റണമെന്ന് കോടതിയാണ് പറഞ്ഞത്. കോടതിയില്‍ അവര്‍ നല്‍കിയ ഉറപ്പാണ്, അവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കില്ല, വാഹനങ്ങള്‍ തടയില്ല എന്നെല്ലാം. കോടതിയില്‍ കൊടുത്ത ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ആ കോടതിയില്‍ വിശ്വാസമില്ലാത്തവര്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളതെന്ന് മന്ത്രി ചോദിച്ചു. ഇന്നു പറയുന്ന കാര്യങ്ങളില്‍ നാളെ അവര്‍ ഉറച്ചു നില്‍ക്കുമെന്ന് ഉറപ്പുണ്ടോ. സമരത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടോ എന്നതു സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു വരികയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യം മുന്നോട്ടുവെയ് ക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോള്‍, ഒരു കമ്പനി എന്ന നിലയ്ക്ക് അവരുടെ ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകാം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നമ്മുടെ കയ്യിലുള്ള സംവിധാനം പൊലീസാണ്. സ്ത്രീകളെയും കുട്ടികളെയുമെല്ലാം മുന്നില്‍ നിര്‍ത്തി സര്‍ക്കാരിനെതിരെയാണ് സമരം നടക്കുന്നത്. എന്നാല്‍ അതിനെ അടിച്ചമര്‍ത്തുന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും, കോടതി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ: ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമഠത്തില്‍ അനുമോന്റെ വീട്ടില്‍ എത്തിയതായിരുന്നു മീര. ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരുന്നു. പിന്നീട്, ഇവര്‍ എത്തിയപ്പോള്‍ മീരയെ വീട്ടില്‍ കണ്ടില്ല.

തുടര്‍ന്ന് ഏറെ നേരത്തെ തെരച്ചലിന് ശേഷം അഞ്ചരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് മീരയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.