വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സംഘം

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സംഘം

തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതലകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. എട്ടു ഡിവൈഎസ്പിമാരും, സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പരിചയമുള്ള ക്രൈംബ്രാഞ്ച്, ലോ ആന്റ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സംഘത്തിലേക്ക് നിയോഗിക്കുക.

ക്യാമ്പുകളില്‍ നിന്നുള്ള പൊലീസുകാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്. സമരപ്പന്തലുകളിലും വിഴിഞ്ഞം ജംഗ്ഷനിലുമായി അറുനൂറിലേറെ പൊലീസിനെ അധികമായി വിന്യസിച്ചിരുന്നു.

സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കിളിമാനൂർ: സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വാമനപുരം കുറ്റം കൈലാസംകുന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്ത് (27) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിന് ശേഷം പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വശീകരിച്ച് തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിന്ദുവിൻറ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ്, പോലീസ് സബ്ബ് ഇൻസ്പെക്ടർ വിജിത് കെ, നായർ, എസ്സിപിഒമാരായ ബിന്ദു മഹേഷ്, സി.പി കിരൺ എന്നിവ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാര്യവട്ടത്ത് കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം

കാര്യവട്ടത്ത് കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം

തിരുവനന്തപുരം കാര്യവട്ടത്ത് കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പൂന്തുറ മാണിക്യം വിളാകം സ്വദേശി ഫൈസിനാണ് (26) ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ പത്തേമുക്കാൽ മണിയോടെ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിനു മുന്നിലായിരുന്നു അപകടം.

മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ വലത്തേയ്ക്ക് വെട്ടിയൊഴിച്ചപ്പോഴാണ് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ബസിലിടിച്ചത്.
ഓട്ടോ പൂർണ്ണമായും തകർന്നു. ഇടിയിൽ ഓട്ടോയിൽ നിന്നും തെറിച്ച് ബസിന് മുന്നിലേക്ക് വീണ ഫൈസിയുടെ ഇരുകാലുകളും തകർന്നു. തലയ്ക്കും ഗുരുതര പരിക്കേറ്റ ഇയാളെ മെഡി.കോളേജിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് കേസെടുത്തു.

മൂങ്ങോട് മെത്ത കച്ചവട സ്ഥാപനത്തിൻ്റെ ഗോഡൗൺ തീ പിടിച്ചു

മൂങ്ങോട് മെത്ത കച്ചവട സ്ഥാപനത്തിൻ്റെ ഗോഡൗൺ തീ പിടിച്ചു

അന്തിയൂർകോണം മൂങ്ങോട് മെത്ത കച്ചവട സ്ഥാപനത്തിൻ്റെ ഗോഡൗൺ തീ പിടിച്ചു. മെത്തകൾ പൂർണ്ണമായി കത്തി നശിച്ചു. രാവിലെയോടെയായിരുന്നു സംഭവം. കാട്ടാക്കട അഗ്നിരക്ഷാ സേന തീ കെടുത്തി. ആളപായമില്ല. സമീപത്ത് നിരവധി വീടുകൾ ഉണ്ടായിരുന്നു. മെത്ത തീപിടിച്ച് ആളി പടർന്നതോടെ സമീപ വീടുകളിലേയ്ക്ക് പടരുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അഗ്നിരക്ഷാ സേനയുടെ തീവ്ര പരിശ്രമം തീ നിയന്ത്രണ വിധേയമായി കെടുത്തിയതിനാൽ മറ്റിടങ്ങളിലേക്ക് പടർന്നില്ല. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീ പിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീന്‍ മെഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ. കളിയൂഞ്ഞാല്‍ ആണ് മഞ്ജിമയുടെ ആദ്യ ചിത്രം. മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. ‌അതിനു ശേഷം പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു താരം. പിന്നീട് 2015ല്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു തിരിച്ചുവരവ്. ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ. നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.

കൊല്ലം കല്ലടയാറിൽ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം കല്ലടയാറിൽ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കൊല്ലത്ത് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ കല്ലടയാറിലാണ് സംഭവം. കണ്ടച്ചിറ സ്വദേശി റോഷിന്‍, ഏഴംകുളം സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴ ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.