വന്ദേഭാരതിൽ ദം ബിരിയാണി, ഉണ്ണിയപ്പം, പരിപ്പുവട…ഭക്ഷണമെനു പരിഷ്‌കരിക്കും

വന്ദേഭാരതിൽ ദം ബിരിയാണി, ഉണ്ണിയപ്പം, പരിപ്പുവട…ഭക്ഷണമെനു പരിഷ്‌കരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ് മെനു പരിഷ്കരിക്കുക. ഐആർസിടിസിയുടെ നിർദേശങ്ങൾ അനുസരിച്ചാകും മെനുവിൽ മാറ്റങ്ങൾ വരുത്തുക.

കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് ആണ് വന്ദേഭാരതിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ഏതെല്ലാം വിഭവങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ഐആർസിടിസിയുമായി ചർച്ചകൾ നടക്കുകയാണ്. ഓടുന്ന ട്രെയിനിൽ കറികൾ യാത്രക്കാരുടെ വസ്ത്രങ്ങളിൽ വീഴുക പതിവാണ്.

ഇത് ഒഴിവാക്കാൻ കറികൾക്ക് കട്ടി കൂട്ടും. ഇപ്പോൾ നൽകുന്ന കേസരിക്ക് പുറമെ ഗുലാബ് ജാമുൻ, മഫിൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ എന്നിവയാണ് മധുരത്തിനായി കമ്പനി ശുപാർശ ചെയ്തിട്ടുള്ളത്.

ഉച്ചഭക്ഷണത്തിലും വലിയ മാറ്റമുണ്ടായേക്കും. ചോറിന് പുറമെ തലശ്ശേരി ബിരിയാണി, മലബാർ ദം ബിരിയാണി എന്നിവയാണ് ശുപാർശ ചെയ്തിട്ടുളളത്. പ്രഭാതഭക്ഷണത്തിൽ പാലപ്പം, വെജിറ്റബിൾ കുറുമ, ഇടിയപ്പവും മുട്ടക്കറിയും പലഹാരങ്ങളായി ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പഴംപൊരി എന്നിവയും ശുപാർശ ചെയ്തിട്ടുണ്ട്. മലയാളികൾക്ക് ഇഷ്ടമുള്ള തരത്തിൽ മെനു പരിഷ്കരിക്കാനാണ് കമ്പനിയുടെ നീക്കം. വിമാനങ്ങളിൽ ഭക്ഷണവിതരണം ചെയ്യാൻ കമ്പനിയായ കാസിനോ ഡിസംബർ 16 -ാം തിയതി മുതൽക്കാണ് വന്ദേ ഭാരതിലെ ഭക്ഷണവിതരണം ഏറ്റെടുത്തത്.

കെ എസ് ശബരിനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മേരി പുഷ്പവും മത്സരിക്കും. കുന്നുകുഴി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ്. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ ഐ പി ബിനുവിനെ പരാജയപ്പെടുത്തിയാണ് മേരി പുഷ്പം നഗരസഭയിലെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമാണ് വിജയിച്ചിരുന്നത്.

നഗരസഭയില്‍ രാഷ്ട്രീയ പോരാട്ടം കടുത്ത സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനം.

101 വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകൾ ബിജെപി നേടി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കുറവുള്ളത്. 29 സീറ്റ് മാത്രമാണ് കോർപറേഷനിൽ ഇത്തവണ എൽഡിഎഫിന് നേടാനായത്. യുഡിഎഫിന് 19 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുകയാണ്.

അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ് കൂടി

അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ് കൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞ് കൂടി. അഞ്ചു ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് ഞായറാഴ്ച രാത്രി 9.40ന് അമ്മത്തൊട്ടിലില്‍ എത്തിയത്. തണുപ്പേല്‍ക്കാതിരിക്കാന്‍ കമ്പിളി ചുറ്റി സുരക്ഷിതനാക്കിയ നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്.

തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവുകളിലൊന്നില്‍ ലഭിച്ച പുതിയ അതിഥിയ്ക്ക് ലിയോ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി എല്‍ അരുണ്‍ ഗോപി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 3.245 കിഗ്രാം ഭാരമാണ് കുഞ്ഞിനുണ്ടായിരുന്നത്. ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയതിനുശേഷം തൈക്കാട് സര്‍ക്കാര്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് ലിയോ.

കുട്ടിയുടെ ദത്തെടുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 10 കുട്ടികളെയാണ് ലഭിച്ചത്. ഇതില്‍ ആറ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

കൂടപ്പിറപ്പിനെ പോലെ അവസാനം വരെ കൂടെ നിന്നവർ; ഡ്രൈവർക്ക് വീട് സമ്മാനിച്ച ശ്രീനിവാസൻ

കൂടപ്പിറപ്പിനെ പോലെ അവസാനം വരെ കൂടെ നിന്നവർ; ഡ്രൈവർക്ക് വീട് സമ്മാനിച്ച ശ്രീനിവാസൻ

തന്റെ കൂടെ നിൽക്കുന്നവരെയെല്ലാം സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന നല്ല മനസിന് ഉടമ കൂടിയായിരുന്നു നടൻ ശ്രീനിവാസൻ. പലപ്പോഴും നമ്മൾ അത് വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെ കണ്ടറിഞ്ഞിട്ടുമുണ്ട്. അവസാന നിമിഷം വരെ ഒരു കൂടപ്പിറപ്പിനെപ്പോലെ ശ്രീനിവാസന്റെ കൂടെ നിന്ന ഡ്രൈവർ ഷിനോജും കർഷകനായ മനു ഫിലിപ്പ് തുകലനുമാണിപ്പോൾ മലയാളികളുടെ ഹൃദയം കീഴടക്കുന്നത്.

അതോടൊപ്പം ശ്രീനിവാസൻ എന്ന കറകളഞ്ഞ മനുഷ്യ സ്നേഹിയെ കൂടിയാണ് മലയാളികൾ ചർച്ചയാക്കുന്നത്. കഴിഞ്ഞ 17 വർഷമായി ശ്രീനിവാസനൊപ്പം കൂടെ നിന്ന ആളാണ് ഡ്രൈവർ ഷിനോജ്. വെറുമൊരു ഡ്രൈവർ എന്നതിനപ്പുറം അദ്ദേ​ഹത്തിന്റെ കുടുംബത്തിലെ ഒരംഗമായിരുന്നു ഷിനോജ്. രാപ്പകലില്ലാതെ തന്റെ കൂടെ നിൽക്കുന്ന ഷിനോജിന് കഴിഞ്ഞ വിഷുവിന് കൈനീട്ടമായി ശ്രീനിവാസൻ നൽകിയത് വീട് തന്നെയായിരുന്നു.

വീട് വേണ്ടെന്നു പറഞ്ഞ് മാറി നടന്ന ഷിനോജിനെ വിനീത് ഇടപെട്ടാണ് സമ്മതിപ്പിച്ചത്. അതുവരെ ശ്രീനിവാസന്റെ വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഷിനോജിന്റെ താമസം. തന്റെ ആരോ​ഗ്യപ്രശ്നങ്ങളെപ്പോലും അവ​ഗണിച്ചുകൊണ്ടാണ് ശ്രീനിവാസൻ ഷിനോജിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയത്. ശ്രീനിവാസന്റെ ഭാര്യ വിമലയാണ് ഗൃഹപ്രവേശന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ ശ്രീനിവാസൻ നിർബന്ധിച്ചതനുസരിച്ചാണ് കണ്ടനാട് ഭൂമി തരപ്പെടുത്തിയതെന്ന് ഷിനോജ് ​ഗൃഹപ്രവേശന ചടങ്ങിൽ പറഞ്ഞിരുന്നു. കണ്ടനാട് വീട് വാങ്ങിയ സമയത്തായിരുന്നു അയൽവാസിയായ മനു ഫിലിപ്പിനെ ശ്രീനിവാസൻ പരിചയപ്പെടുന്നത്. ജൈവ കൃഷിയിലുള്ള മനുവിന്റെ താല്പര്യമാണ് ശ്രീനിവാസനെ ആകർഷിച്ചത്. പിന്നീട് ശ്രീനിവാസന്റെ കൃഷിയിലെ ഉപദേശകനും കൂട്ടായും മനു മാറി. രണ്ടേക്കറിൽ തുടങ്ങിയ ജൈവ കൃഷി 102 ഏക്കറിലേക്ക് വളർന്നതിന് പിന്നിൽ ശ്രീനിവാസനും മനുവും തമ്മിലുള്ള ആത്മബന്ധം കൂടിയായിരുന്നു. ഒടുവിൽ മരിക്കുന്നതിന്റെ അന്ന് രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴും തന്റെ വലംകൈയ്യും ഇടംകൈയ്യുമായ ഷിനോജും മനുവും ശ്രീനിവാസനൊപ്പമുണ്ടായിരുന്നു.

‘യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം’

‘യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം’

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. പിവി അന്‍വര്‍ എംഎല്‍എ സംയമനം പാലിക്കണമെന്നും മുന്നണിയിലെത്തുന്ന പി വി അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോടെയും ഇടപെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ കരുണാകരന്‍ അനുസ്മരണ പരിപാടിക്ക് എത്തിയതായിരുന്നു മുല്ലപ്പള്ളി.

യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മക്കളെ ഭാര്യയ്ക്കൊപ്പം വിടാന്‍ കോടതി വിധി; താങ്ങാനാവാതെ കടുംകൈ, നടുക്കം മാറാതെ രാമന്തളി ഗ്രാമം

മക്കളെ ഭാര്യയ്ക്കൊപ്പം വിടാന്‍ കോടതി വിധി; താങ്ങാനാവാതെ കടുംകൈ, നടുക്കം മാറാതെ രാമന്തളി ഗ്രാമം

കണ്ണൂര്‍: ആരെ കണ്ടാലും സൗമ്യമായി ചിരിച്ചു സൗഹൃദം പങ്കിടുന്ന, നര്‍മ്മത്തോടെ സംസാരിക്കുന്ന രാമന്തളിയിലെ കലാധരന്‍ എന്ന യുവാവിന്റെയും കുടുംബത്തിന്റെയും കൂട്ടമരണത്തില്‍ നടുങ്ങി പയ്യന്നൂര്‍. പ്രദേശത്ത് അത്ര സുപരിചിതനായിരുന്നു കലാധരന്‍. മിക്കവാറും കല്യാണങ്ങളിലും പൊതു പരിപാടികളിലും കലാധരനും സംഘവും ഒരുക്കുന്ന പയ്യന്നൂര്‍ ടച്ചുള്ള വിഭവ സമൃദ്ധമായ സദ്യയുണ്ടാകും. നാടിനകത്തും പുറത്തും അറിയപ്പെട്ടിരുന്ന രാമന്തളിയിലെ പാചക തൊഴിലാളിയായ കലാധരന്റെയും അമ്മ ഉഷയുടെയും രണ്ട് പിഞ്ചുമക്കളുടെയും കൂട്ട മരണം രാമന്തളി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി.

സ്വന്തം നാടായ രാമന്തളി ഉള്‍പ്പെടെ പയ്യന്നൂരിലെമ്പാടും വലിയ സൗഹൃദ ബന്ധങ്ങളുള്ളയാളാണ് കലാധരന്‍. വളരെ സൗമ്യനും ശാന്ത സ്വഭാവക്കാരനുമായിരുന്നു. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാല്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും കുടുംബ കലഹവും മന:സമാധാനം തകര്‍ത്തിരുന്നു. കലാധരനും ഭാര്യ നയന്‍താരയുമായി കഴിഞ്ഞ കുറെ മാസങ്ങളായി വേര്‍പിരിഞ്ഞു ജീവിച്ചു വരികയാണ്.

വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടന്നുവരികയാണ്. രണ്ടുകുട്ടികള്‍ അവധി ദിനങ്ങളില്‍ പിതാവിന്റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യ നിരന്തരം മക്കളെ വിട്ടു കിട്ടുന്നതിനായി കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ പ്രശ്‌നത്തില്‍ കുട്ടികളെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി വിധിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ഉടന്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കലാധരന്റെ ഭാര്യ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ വിട്ടു നല്‍കേണ്ടതിന്റെ മാനസിക വിഷമമാകാം കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഒന്‍പതര മണിയോടെ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാചക തൊഴിലാളിയായ കോയിത്തട്ട താഴത്തെ വീട്ടില്‍ കലാധരന്‍(36) അമ്മ ഉഷ (56) മക്കളായ ഹിമ (6) കണ്ണന്‍ (രണ്ട്) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലും വീടിന് മുന്‍പില്‍ കത്ത് എഴുതി വെച്ചതായും കണ്ടു. തുടര്‍ന്ന് കത്തുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

പൊലീസെത്തി വീടു തുറന്ന് നോക്കുമ്പോള്‍ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും, രണ്ട് മക്കള്‍ നിലത്ത് കമിഴ്ന്ന് കിടന്ന് വീണു മരിച്ച നിലയിലുമായിരുന്നു. മക്കള്‍ക്ക് വിഷം കൊടുത്തതിനു ശേഷം കലാധരനും അമ്മയും തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. കുട്ടികളുടെ കളി ചിരികള്‍ കണ്‍മുന്‍പില്‍ നിന്നും മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളുമായ സ്ത്രീകള്‍ പറയുന്നു.