by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തന്റെ കൂടെ നിൽക്കുന്നവരെയെല്ലാം സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന നല്ല മനസിന് ഉടമ കൂടിയായിരുന്നു നടൻ ശ്രീനിവാസൻ. പലപ്പോഴും നമ്മൾ അത് വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെ കണ്ടറിഞ്ഞിട്ടുമുണ്ട്. അവസാന നിമിഷം വരെ ഒരു കൂടപ്പിറപ്പിനെപ്പോലെ ശ്രീനിവാസന്റെ കൂടെ നിന്ന ഡ്രൈവർ ഷിനോജും കർഷകനായ മനു ഫിലിപ്പ് തുകലനുമാണിപ്പോൾ മലയാളികളുടെ ഹൃദയം കീഴടക്കുന്നത്.
അതോടൊപ്പം ശ്രീനിവാസൻ എന്ന കറകളഞ്ഞ മനുഷ്യ സ്നേഹിയെ കൂടിയാണ് മലയാളികൾ ചർച്ചയാക്കുന്നത്. കഴിഞ്ഞ 17 വർഷമായി ശ്രീനിവാസനൊപ്പം കൂടെ നിന്ന ആളാണ് ഡ്രൈവർ ഷിനോജ്. വെറുമൊരു ഡ്രൈവർ എന്നതിനപ്പുറം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗമായിരുന്നു ഷിനോജ്. രാപ്പകലില്ലാതെ തന്റെ കൂടെ നിൽക്കുന്ന ഷിനോജിന് കഴിഞ്ഞ വിഷുവിന് കൈനീട്ടമായി ശ്രീനിവാസൻ നൽകിയത് വീട് തന്നെയായിരുന്നു.
വീട് വേണ്ടെന്നു പറഞ്ഞ് മാറി നടന്ന ഷിനോജിനെ വിനീത് ഇടപെട്ടാണ് സമ്മതിപ്പിച്ചത്. അതുവരെ ശ്രീനിവാസന്റെ വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഷിനോജിന്റെ താമസം. തന്റെ ആരോഗ്യപ്രശ്നങ്ങളെപ്പോലും അവഗണിച്ചുകൊണ്ടാണ് ശ്രീനിവാസൻ ഷിനോജിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയത്. ശ്രീനിവാസന്റെ ഭാര്യ വിമലയാണ് ഗൃഹപ്രവേശന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ ശ്രീനിവാസൻ നിർബന്ധിച്ചതനുസരിച്ചാണ് കണ്ടനാട് ഭൂമി തരപ്പെടുത്തിയതെന്ന് ഷിനോജ് ഗൃഹപ്രവേശന ചടങ്ങിൽ പറഞ്ഞിരുന്നു. കണ്ടനാട് വീട് വാങ്ങിയ സമയത്തായിരുന്നു അയൽവാസിയായ മനു ഫിലിപ്പിനെ ശ്രീനിവാസൻ പരിചയപ്പെടുന്നത്. ജൈവ കൃഷിയിലുള്ള മനുവിന്റെ താല്പര്യമാണ് ശ്രീനിവാസനെ ആകർഷിച്ചത്. പിന്നീട് ശ്രീനിവാസന്റെ കൃഷിയിലെ ഉപദേശകനും കൂട്ടായും മനു മാറി. രണ്ടേക്കറിൽ തുടങ്ങിയ ജൈവ കൃഷി 102 ഏക്കറിലേക്ക് വളർന്നതിന് പിന്നിൽ ശ്രീനിവാസനും മനുവും തമ്മിലുള്ള ആത്മബന്ധം കൂടിയായിരുന്നു. ഒടുവിൽ മരിക്കുന്നതിന്റെ അന്ന് രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴും തന്റെ വലംകൈയ്യും ഇടംകൈയ്യുമായ ഷിനോജും മനുവും ശ്രീനിവാസനൊപ്പമുണ്ടായിരുന്നു.



by Midhun HP News | Dec 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. പിവി അന്‍വര്‍ എംഎല്‍എ സംയമനം പാലിക്കണമെന്നും മുന്നണിയിലെത്തുന്ന പി വി അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോടെയും ഇടപെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ കരുണാകരന്‍ അനുസ്മരണ പരിപാടിക്ക് എത്തിയതായിരുന്നു മുല്ലപ്പള്ളി.
യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



by Midhun HP News | Dec 23, 2025 | Latest News, ജില്ലാ വാർത്ത
കണ്ണൂര്‍: ആരെ കണ്ടാലും സൗമ്യമായി ചിരിച്ചു സൗഹൃദം പങ്കിടുന്ന, നര്‍മ്മത്തോടെ സംസാരിക്കുന്ന രാമന്തളിയിലെ കലാധരന്‍ എന്ന യുവാവിന്റെയും കുടുംബത്തിന്റെയും കൂട്ടമരണത്തില്‍ നടുങ്ങി പയ്യന്നൂര്‍. പ്രദേശത്ത് അത്ര സുപരിചിതനായിരുന്നു കലാധരന്‍. മിക്കവാറും കല്യാണങ്ങളിലും പൊതു പരിപാടികളിലും കലാധരനും സംഘവും ഒരുക്കുന്ന പയ്യന്നൂര്‍ ടച്ചുള്ള വിഭവ സമൃദ്ധമായ സദ്യയുണ്ടാകും. നാടിനകത്തും പുറത്തും അറിയപ്പെട്ടിരുന്ന രാമന്തളിയിലെ പാചക തൊഴിലാളിയായ കലാധരന്റെയും അമ്മ ഉഷയുടെയും രണ്ട് പിഞ്ചുമക്കളുടെയും കൂട്ട മരണം രാമന്തളി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി.
സ്വന്തം നാടായ രാമന്തളി ഉള്‍പ്പെടെ പയ്യന്നൂരിലെമ്പാടും വലിയ സൗഹൃദ ബന്ധങ്ങളുള്ളയാളാണ് കലാധരന്‍. വളരെ സൗമ്യനും ശാന്ത സ്വഭാവക്കാരനുമായിരുന്നു. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാല്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും കുടുംബ കലഹവും മന:സമാധാനം തകര്‍ത്തിരുന്നു. കലാധരനും ഭാര്യ നയന്‍താരയുമായി കഴിഞ്ഞ കുറെ മാസങ്ങളായി വേര്‍പിരിഞ്ഞു ജീവിച്ചു വരികയാണ്.
വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടന്നുവരികയാണ്. രണ്ടുകുട്ടികള്‍ അവധി ദിനങ്ങളില്‍ പിതാവിന്റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യ നിരന്തരം മക്കളെ വിട്ടു കിട്ടുന്നതിനായി കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ പ്രശ്‌നത്തില്‍ കുട്ടികളെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി വിധിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ഉടന്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കലാധരന്റെ ഭാര്യ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ വിട്ടു നല്‍കേണ്ടതിന്റെ മാനസിക വിഷമമാകാം കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഒന്‍പതര മണിയോടെ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാചക തൊഴിലാളിയായ കോയിത്തട്ട താഴത്തെ വീട്ടില്‍ കലാധരന്‍(36) അമ്മ ഉഷ (56) മക്കളായ ഹിമ (6) കണ്ണന്‍ (രണ്ട്) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലും വീടിന് മുന്‍പില്‍ കത്ത് എഴുതി വെച്ചതായും കണ്ടു. തുടര്‍ന്ന് കത്തുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
പൊലീസെത്തി വീടു തുറന്ന് നോക്കുമ്പോള്‍ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും, രണ്ട് മക്കള്‍ നിലത്ത് കമിഴ്ന്ന് കിടന്ന് വീണു മരിച്ച നിലയിലുമായിരുന്നു. മക്കള്‍ക്ക് വിഷം കൊടുത്തതിനു ശേഷം കലാധരനും അമ്മയും തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. കുട്ടികളുടെ കളി ചിരികള്‍ കണ്‍മുന്‍പില്‍ നിന്നും മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളുമായ സ്ത്രീകള്‍ പറയുന്നു.



by Midhun HP News | Dec 23, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: കടൽ വഴിയുള്ള ലഹരിക്കടത്ത് തടയാനായി, മുതലപ്പൊഴിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി. വർക്കല – കഴക്കൂട്ടം എ ക്സൈസ് സർക്കിൾ, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ഷാജി.കെ.കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ഇ.ഗോപകുമാർ, പ്രിവന്റിംഗ്
ഓഫീസർ മായനന്ദ്, അഭിറാം, ദേവി പ്രസാദ്, അരുൺ, ശ്രീജിത്, രഹ്ന, ജേക്കബ്, ജയ്സൺ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും മയക്കുമരുന്നും എത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു പരിശോധന. ഗോവ, മംഗലാപുരം എന്നി വിടങ്ങളിൽ നിന്ന് കടൽ മാർഗം സാധാരണ ലഹരി വസ്തുക്കൾ എത്താറുണ്ട്.
പുത്തൻതോപ്പ് മുതൽ അഞ്ചുതെങ്ങ് വരെയുള്ള സ്ഥലങ്ങളിൽ നിന്നും കടലിൽ പോയ ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെകണ്ട മത്സ്യബന്ധന യാനങ്ങളും ബോട്ടുകളും പരിശോധിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംയുക്ത പട്രോളിംഗ് സംഘം അറിയിച്ചു.



by Midhun HP News | Dec 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ തലസ്ഥാനനഗരിയില്‍ ചരിത്രത്തിലാദ്യമായി ട്രിവാൻഡ്രം ഫെസ്റ്റിന് തുടക്കമായി. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ ആറര ഏക്കറോളം സ്ഥലത്താണ് ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്.
ഫെസ്റ്റിന്റെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. ഒരിക്കലും ഒരു വിശ്വാസിയും വർഗ്ഗീയവാദിയല്ല, ഏതു മതത്തിൽപ്പെട്ടവരായാലും. . വിശ്വാസത്തെ മുന്നില്‍ നിര്‍ത്തി മാനവികതയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്പര പൂരകങ്ങളായ സമാധാനവും സ്നേഹവും സാഹോദര്യവും പുരോഗതിയും സമൂഹത്തില്‍ വളര്‍ത്തണം.
മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ച് കാണുന്ന സാമൂഹിക പശ്ചാത്തലത്തില്‍ എല്ലാവരുടെയും ഐക്യത്തിലൂന്നി ജനാധിപത്യപരമായി സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റ് വിശാല അര്‍ത്ഥത്തിലുളളതാണെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവൽ തിയോഫിലിസ് മെത്രപ്പോലീത്ത ചടങ്ങില്‍ അദ്ധ്യക്ഷനായി. ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകരുന്ന നഗരമായി തിരുവനന്തപുരം രൂപാന്തരപ്പെടുന്നുവെന്ന് മെത്രപ്പോലീത്ത പറഞ്ഞു. മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ ഡോ. സിറില്‍ മാര്‍ ബസേലിയോസ് മെത്രപ്പോലീത്ത ചടങ്ങില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി.
ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൌലവി, ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, സാല്‍വേഷന്‍ ആര്‍മി ലഫ്റ്റനന്റ് കേണന്‍ ജേക്കബ് ജെ ഐ.എ എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി.
ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, സി.എസ്.ഐ സൌത്ത് കേരള മഹായിടവക സെക്രട്ടറി ഡോ.റ്റി.റ്റി. പ്രവീണ്‍, വൈസ് ചെയര്‍മാന്‍ റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, ട്രഷറര്‍ റവ. ഡോ. എ.പി. ക്രിസ്റ്റല്‍ ജയരാജ്, പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി റവ. ഡോ.ജെ. ജയരാജ്, സാജന്‍ വേളൂര്‍, ഡോ. ഡാനിയല്‍ ജോണ്‍സണ്‍, പ്രമീള.എല്‍, പ്രൊഫ. ഷേര്‍ലി സ്റ്റുവര്‍ട്ട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യ വനിതാ ബീറ്റ് ബോക്‌സറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ആർദ്ര സാജൻ ബീറ്റ് ബോക്‌സിംഗ് അവതരിപ്പിച്ചു. തുടർന്ന് ഇഷാൻ ദേവും സംഘവും അവതരിപ്പിച്ച മെഗാ മ്യൂസിക് ബാൻഡ് കാണികളെ ആവേശത്തിലാക്കി.
അയ്യായിരം നക്ഷത്രവിളക്കുകളും ദീപാലങ്കാരവും കൊണ്ട് വര്‍ണ്ണാഭമാണ് ഫെസ്റ്റ് നഗരി. 130 അടി ഉയരത്തിലുളള കൂറ്റന്‍ ക്രിസ്മസ് ട്രീയാണ് ഫെസ്റ്റിലെ താരം. ഇരുപതടി ഉയരമുളള സാന്റാ, മഞ്ഞിന്‍ താഴ്വരയിലെ പുല്‍ക്കൂടുകള്‍ എന്നിവ വേറിട്ട കാഴ്ചകളാണ്. വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളടങ്ങിയ ഫുഡ് കോർട്ട്, കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്ക്, ബേർഡ്‌സ് പാർക്ക്, വ്യാപാര സ്റ്റാളുകൾ, ഗെയിമുകൾ എന്നിവയും ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതലാണ് എക്‌സിബിഷനുകളിലേക്കുളള പ്രവേശനം അനുവദിക്കുക. പ്രവേശനം പാസ് മുഖേന നിയന്ത്രിക്കുമെന്ന് സംഘാടകരായ റവ. ഡോ. ജെ. ജയരാജ് , ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.



by Midhun HP News | Dec 23, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സർക്കാർ കോൺട്രാക്ടർമാർക്കു വേണ്ടി അടിയന്തിര പ്രാധാന്യത്തോടെ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും കരാർ ബില്ലുകൾ മാറി കിട്ടുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും ആൾ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡൻ്റ് എ.നഹാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡൻ്റ് എ.മനാഫ്, മുൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് സോമശേഖരൻ നായർ, ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ, വർക്കല താലൂക്ക് പ്രസിഡൻ്റ് നാദിർഷ, മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. മുൻ ജില്ലാ കമ്മിറ്റി ഓഡിറ്റർ എം.ആർ.ഷാനവാസ് സ്വാഗതവും ആർ.എസ്.വിനോദ് മണി കൃതജ്ഞതയും പറഞ്ഞു.
താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എ.നഹാസ് (പ്രസിഡൻ്റ്), ആർ.എസ്.വിനോദ് മണി (ജനറൽ സെക്രട്ടറി), തുളസീധരൻ നായർ (ട്രഷറർ), ശശിധരൻ നായർ, മണിക്കുട്ടൻ, തുളസീധരൻ (വൈസ് പ്രസിഡൻ്റ്) ഇൻസാർ, രാജ്കുമാർ, താജുദ്ദീൻ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.



Recent Comments